Breaking NewsNEWS

സ്വര്‍ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെങ്കില്‍ ഇടപെടും: ഗവര്‍ണര്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ സ്വര്‍ണക്കടത്തു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി ഇടപെടുമെന്ന മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഏതു തരത്തിലുള്ള ഇടപെടലാണ് നടത്താന്‍ പോകുന്നതെന്ന് ഈ ഘട്ടത്തില്‍ പറയുന്നില്ലെന്നും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങള്‍ പഠിക്കുമെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ പറഞ്ഞു. നാളെ കേരളത്തിലേക്കു മടങ്ങാനിരിക്കെയാണ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ കൂടുതല്‍ വിമര്‍ശനങ്ങളുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കും ഗവര്‍ണര്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കി.

മന്ത്രിമാരും സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും തമ്മിലുള്ള ബന്ധം കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആരാണ് സ്വപ്ന സുരേഷിനെ ഹില്‍സ്റ്റേഷനിലേക്കു കൂടെച്ചെല്ലാന്‍ വിളിച്ചതെന്നു ഗവര്‍ണര്‍ ചോദിച്ചു. സ്വര്‍ണക്കടത്തു കേസില്‍ ബന്ധമുള്ളതു കൊണ്ടാണ് ശിവശങ്കറിനെതിരെ നടപടിയെടുക്കേണ്ടി വന്നത്. സ്വപ്ന സുരേഷ് ശിവശങ്കറിനെ കാണാന്‍ പലതവണ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് സ്വപ്നയ്ക്കു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

Signature-ad

മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാലും സര്‍വകലാശാലകളിലെ നിയമനങ്ങളില്‍ ഇടപെട്ടാലും നിയമപരമായി ഗവര്‍ണര്‍ക്ക് ഇടപെടാം. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കാര്യങ്ങള്‍ കേരളത്തിലുള്ള എല്ലാ ആളുകള്‍ക്കും അറിയാം. ആരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിനുള്ള തെളിവുകള്‍ പുറത്തുവരും. മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ താന്‍ ആരോപണം ഉന്നയിക്കുന്നതല്ലെന്നും കേരളത്തിലെ ജനങ്ങള്‍ സംസാരിക്കുന്നതാണ് പറയുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Back to top button
error: