കൊച്ചി: പട്ടാപകല്‍ ജോത്സ്യനെ ആക്രമിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മഷി നോക്കാന്‍ എന്ന പേരില്‍ എത്തിയ രണ്ട് പേരാണ് കവര്‍ച്ച നടത്തിയത്. പറവൂരില്‍ മഷിനോട്ടസ്ഥാപനം നടത്തിവരുന്ന ജോത്സ്യന് കൊടുങ്ങല്ലൂര്‍ സ്വദേശി വിജയന്റെ (62) ഏഴര പവന് സ്വര്‍ണമാണ് കവര്‍ന്നത്.
മൂന്ന് വര്‍ഷമായി വാടകയ്ക്ക് സ്ഥാപനം നടത്തിവരികയാണ് വിജയന് തൈക്കൂട്ടത്തില്‍. ഇന്നലെ സ്ഥാപനത്തിലെത്തിയ രണ്ട് പേരില്‍ ഒരാള്‍ മുഖം നോക്കി ഭാവി പ്രവചിക്കണമെന്ന് ആവശ്യപ്പെട്ടു. വിജയന് ഇയാളോട് വീട്ടില്‍ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞപ്പോള്‍ ഭാര്യയും കുഞ്ഞുമായി മടങ്ങിയെത്താം എന്നറിയിച്ചു. ഇയാള്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടു. തന്റെ വിസിറ്റിങ് കാര്‍ഡ് എടുക്കാന്‍ വിജയന് തിരിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്ന ആള് കഴുത്തില്‍ തോര്‍ത്ത് ചുറ്റിമുറുക്കുകയായിരുന്നു. ഇതോടെ ബോധം നഷ്ടമായി.
ഉണര്‍ന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായെന്നറിഞ്ഞതെന്ന് വിജയന് പറഞ്ഞു. മൂന്നര പവന് തൂക്കം വരുന്ന മണിമാല, രണ്ട് പവന്റെ ചെയിന്‍, രണ്ട് പവന് വീതമുള്ള രണ്ട് മോതിരങ്ങള്‍ എന്നിവയും മൊബൈല്‍ ഫോണും ബൈക്കിന്റെ താക്കോലുമാണ് കവര്‍ന്നത്. ഉച്ചക്ക് പന്ത്രണ്ടരയോടെ പറവൂര്‍ പെരുവാരം ജംഗ്ഷന് സമീപമാണ് സംഭവം നടന്നത്. പറവൂര്‍ പോലീസ് സ്ഥലത്തെത്തി സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം തുടങ്ങി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.