ജിതേഷ് മംഗലത്ത്
കൊട്ടും കുരവയുമില്ലാതെ നിശബ്ദം എത്തിയ സിനിമയാണ് ‘അപ്പൻ’. താര പ്രമോഷനുകളും സമൂഹമാധ്യമങ്ങളിലും ടെലിവിഷനുകളിലുമുള്ള ആരവങ്ങളും എഴുന്നള്ളിപ്പുകളുമില്ലാതെ ഒ.ടി.ടിയിലാണ് ഈ സിനിമ പ്രേക്ഷകർക്കു മുന്നിലെത്തിയത്. പക്ഷേ ‘അപ്പൻ’ മികച്ച പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണിപ്പോൾ
വർഷങ്ങൾക്കു മുമ്പ് ലോഹിതദാസ് മാതൃഭൂമി വാർഷികപ്പതിപ്പിനു നൽകിയ സുദീർഘമായ ഒരഭിമുഖം ഓർമ്മയിലുണ്ട്. അതിൽ ലോഹി പറഞ്ഞ ഒരു വാചകം പിന്നീടങ്ങോട്ടെപ്പോഴും എന്നെ വേട്ടയാടിയിട്ടുമുണ്ട്:
“സ്വന്തം അച്ഛന്റെ മരണം ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചിട്ടില്ലാത്ത എത്ര മക്കൾ കാണും?”
സ്വത്ത്, സ്വൈര്യം തുടങ്ങിയ സാമാന്യ ആഗ്രഹങ്ങൾക്കുമപ്പുറമാകാം ഈ ശ്യാമമോഹം എന്ന് ലോഹി കൂട്ടിച്ചേർക്കുന്നുണ്ട്. പിതൃ-പുത്ര ബന്ധങ്ങളിലെ സങ്കീർണ്ണതകളെ നിരന്തരം തിരശ്ശീലയിൽ അഭിസംബോധന ചെയ്തിട്ടുള്ള ആളെന്ന നിലയിൽ ഇക്കാര്യത്തിൽ ലോഹി പുലർത്തുന്ന ചിന്തകൾ എന്നുമെന്നെ സ്വാധീനിച്ചിരുന്നു. അതിൽപ്പിന്നെയാണ് അദ്ദേഹം ‘കാരുണ്യ’മെഴുതുന്നത്. സ്നേഹസമ്പന്നനായ അച്ഛൻ, നായകഗുണങ്ങളോലുന്ന മകൻ, സ്നേഹമിറ്റു വീഴുന്ന അകത്തളങ്ങൾ… എന്നിട്ടും അച്ഛൻ വെള്ളം കോരാൻ പോകുന്ന കിണറ്റിലെ കയർ ദുർബലമായി കെട്ടിവെക്കുന്നുണ്ടാ മകൻ…! അച്ഛൻ മരിക്കാനാഗ്രഹിക്കുന്നുണ്ട് താനെന്ന തിരിച്ചറിവിനെ അയാൾ മറികടക്കാൻ ശ്രമിക്കുന്നത് ‘കാരുണ്യ’ത്തിലെ ഏറ്റവും സങ്കടകരമായ നിമിഷങ്ങളാണ്.
പത്തിരുപത്തിയഞ്ച് വർഷങ്ങൾക്കിപ്പുറം അസ്വസ്ഥാജനകമായ ഒരു കഥാപരിസരത്ത് ‘അപ്പൻ’ എന്ന സിനിമ കണ്ടുതീർന്നപ്പോൾ ആദ്യമോർത്തതും ലോഹിയെത്തന്നെയായിരുന്നു. ലോഹി സുന്ദരവും,തീവ്രമുമായി പകർത്തിവെച്ചിട്ടുള്ള പിതൃബിംബകല്പനകളുടെ അങ്ങേയറ്റം റസ്റ്റിക്കായിട്ടുള്ള ആഖ്യാനമാണ് മജു സംവിധാനം ചെയ്ത ‘അപ്പൻ’.
വീട്ടുകാരും, നാട്ടുകാരും ഒരുപോലെ വെറുക്കുന്ന, ചാവണമെന്നവരോരുത്തരും തെളിഞ്ഞുതന്നെ ആഗ്രഹിക്കുന്നവനാണ് അലൻസിയർ അവതരിപ്പിക്കുന്ന ടൈറ്റിൽ കഥാപാത്രം. സണ്ണിവെയ്നിന്റെ മകൻ കഥാപാത്രം അയാളോടു പറയുന്നതുപോലെ അയാളൊരു മൃഗം മാത്രമാണ്. അരയ്ക്കു കീഴെ തളർന്നിട്ടും അയാൾക്ക് ജീവിതത്തിൽ കാമനകൾ അവസാനിക്കുന്നേയില്ല. അപ്പോഴുമയാൾ സ്വപ്നം കാണുന്നത് സുരതമാണ്. അടിമുടി ഇത്രയധികം മൃഗീയത പേറുന്ന മറ്റൊരു കഥാപാത്രം മലയാളസിനിമയിൽ മുമ്പുണ്ടായിട്ടുണ്ടോ എന്നു സംശയം. അയാളുടെ ഏറ്റവും ദയനീയമായ അവസ്ഥയിൽ പോലും സിനിമയിലൊരു കഥാപാത്രവും അയാളോട് സഹതാപം പ്രകടിപ്പിക്കുന്നേ ഇല്ല. ഒരാളുടെ ആഖ്യാനത്തിലും അയാൾക്കൊരു മനുഷ്യന്റെ മുഖവുമില്ല.
സദാസമയവും മുരളുന്ന, കുരച്ചു ചാടുന്ന ഒരു കഥാപാത്രത്തെ സിനിമ ഫോക്കസ് ചെയ്യുമ്പോൾ മറ്റു കഥാപാത്രങ്ങൾ പലപ്പോഴും അപ്രസക്തരായോ അണ്ടർ പെർഫോംഡായോ പോകാറുണ്ട്. എന്നാലിവിടെ അലൻസിയർ അപ്പനായി അയാളുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെക്കുമ്പോൾ, അതിനൊത്ത ഓൺസ്ക്രീൻ പെർഫോമൻസുകളാണ് സണ്ണി വെയ്ൻ, പൗളി വിത്സൺ, അനന്യ, രാധിക രാധാകൃഷ്ണൻ എന്നിവരുടേത്.
‘അപ്പൻ’ രണ്ടപ്പന്മാരെ കാണിച്ചു തരുന്നുണ്ട്. അലൻസിയറിന്റെ ഇട്ടിച്ചനും,സണ്ണിയുടെ ഞൂഞ്ഞും അപ്പന്മാരാണ്. ഞൂഞ്ഞിനെ സംബന്ധിച്ചിടത്തോളം തന്റെ അപ്പൻ കാരണമുള്ള ഏറ്റവും വലിയ വേവലാതി അയാളുടെ സാന്നിദ്ധ്യം തന്റെ മകനെ എങ്ങനെ ബാധിക്കുമെന്നതാണ്. അപ്പന്റെ മകൻ എന്ന പേരിൽ താൻ തകർന്നടിയുന്നത് അയാൾ വേദനയോടെയാണ് നോക്കിക്കാണുന്നത്. കുട്ടിക്കാലത്ത് അപ്പൻ ദ്രോഹിച്ചവർ ചേർന്ന് തന്നെ ഉപദ്രവിച്ച ശേഷം നഗ്നനായി ഓടിച്ച കഥയൊക്കെ ഭാര്യയോട് പറയുമ്പോൾ അയാളിലാ കുട്ടിയുടെ നിസ്സഹായത തെളിഞ്ഞു കാണാം. അപ്പോഴും അയാൾക്ക് അപ്പനെ കൊലപാതകത്തിനായി വിട്ടുകൊടുക്കാൻ വയ്യ. ഒരു ദുർബലനിമിഷത്തിൽ അപ്പന്റെ കഴുത്ത് ഞെരിക്കാൻ ശ്രമിക്കുന്നതിനു തൊട്ടുപിന്നാലെ ‘എന്നെ ഇങ്ങനെ അവസാനിപ്പിക്കരുതേടാ’എന്ന അമ്മയുടെ കരച്ചിലിനു മുമ്പിൽ അയാളുരുകിയൊലിക്കുന്നുണ്ട്. അമ്മയും, ഭാര്യയും പോലും ‘ആ അപ്പന്റെയല്ലേ വിത്ത്’എന്ന ശൈലിയിലാണ് അയാളെ കാണുന്നത്. അപ്പന്റെ കാമനകളെത്രത്തോളം ദൃഢമാണോ, അത്രയും ദുർബലമാണ് മകന്റെ നിസ്സഹായാവസ്ഥ.
അപ്പൻ കൊണ്ട വെയിലാണ് മക്കൾ അനുഭവിക്കുന്ന തണലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.പക്ഷേ മജുവിന്റെ ‘അപ്പൻ’ ഉയിരുള്ളിടത്തോളം കാലം മക്കളെ(ഭാര്യയെയും) ഒരു കാക്കക്കാലിന്റെ തണുപ്പുപോലുമില്ലാത്ത ദുരിതച്ചൂളയുടെ നട്ടപ്പൊരിവെയിലത്ത് നിർത്തിയ ഒരപ്പന്റെ കഥയാണ്. മരണം കൊണ്ടു പോലും അയാൾ വിശുദ്ധനാക്കപ്പെടുന്നില്ല.