തിരുനന്തപുരം: ശ്രവണ സഹായി നഷ്ടപ്പെട്ടതോടെ പ്രയാസത്തിലായ വിദ്യാര്‍ത്ഥിക്ക് പുതിയ ശ്രവണ സഹായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് കൈമാറി. രാജാജി നഗര്‍ കോളനിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് റോഷന്. നിരവധി പേരാണ് റോഷനെ സഹായിക്കാന്‍ വേണ്ടി കോര്‍പ്പറേഷനെ സമീപിച്ചതെന്ന് ആര്യ രാജേന്ദ്രന് പറഞ്ഞു. നമുക്ക് നന്മ നഷ്ടപെട്ടിട്ടില്ലെന്ന് തോന്നിയ നിമിഷമായിരുന്നു അത്. എല്ലാവര്ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു മേയര്‍ വ്യക്തമാക്കി.
കിംസ് ഹോസ്പിറ്റലിന്റെ സഹായത്തോടെയാണ് തിരുവനന്തപുരം കോര്പ്പറേഷന് റോഷന് പുതിയ ശ്രവണ സഹായി വാങ്ങി നല്‍കിയതെന്ന് ആര്യ കൂട്ടിച്ചേര്‍ത്തു. ജഗതി സ്പെഷല്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് റോഷന്. അച്ഛനൊപ്പം കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്ന് ബൈക്കില്‍ മടങ്ങുമ്പോഴാണ് റോഷന് ശ്രവണ സഹായി നഷ്ടപ്പെട്ടത്.
ശ്രവണ സഹായി നഷ്ടമായതോടെ സ്കൂളില്‍ പോലും പോകാതെ വീട്ടിലിരിക്കുന്ന അവസ്ഥയായിരുന്നു. സ്കൂള്‍ ബാഗിലായിരുന്നു ഒന്നരലക്ഷം രൂപ വില വരുന്ന ശ്രവണ സഹായി ഉണ്ടായിരുന്നത്. നാലുമാസം മുമ്പ് പുനര്‍ജ്ജനി പദ്ധതി വഴിയാണ് റോഷന് ശ്രവണ സഹായി കിട്ടിയത്. ജനിച്ചപ്പോള്‍ മുതല്‍ ഉണ്ടായിരുന്ന വലിയ പ്രശ്നങ്ങള്‍ക്കാണ് അതോടെ അന്ന് പരിഹാരമായത്.