കൊച്ചി: കടവന്ത്രയിലെ വാടകവീട്ടില്‍ നേപ്പാളി യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റാം ബഹദൂര്‍ ബിസ്തിയുടെ ഡല്‍ഹി ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. കൊച്ചിയില്‍ നിന്നുള്ള പോലീസ് സംഘം ശനിയാഴ്ച ഡല്‍ഹിലെത്തി. ബിസ്തി തുടര്‍ച്ചയായി ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ഇയാളുടെ ഡല്‍ഹി ബന്ധങ്ങള്‍ അന്വേഷിച്ച ശേഷം നേപ്പാളിലേക്ക് തിരിച്ചാല്‍ മതിയെന്നാണ് തീരുമാനം. ബിസ്തിയുടെ ജീവിതം ദുരൂഹത നിറഞ്ഞതാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടിരുന്നവരെ കണ്ടെത്താനാണ് അന്വേഷണസംഘത്തിന്റെ ശ്രമം.
കൊല്ലപ്പെട്ട ഭഗീരഥി ധാമിക്കൊപ്പം കൊച്ചിയിലെ വാടകവീട്ടിലാണ് റാം ബഹദൂര്‍ ബിസ്തി താമസിച്ചിരുന്നത്.
ഇയാള്‍ വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. കടവന്ത്രയിലെ ഹെയര്‍ ഫിക്സിങ് സ്ഥാപനത്തിലായിരുന്നു ആദ്യം. പിന്നീട് സ്വന്തം വീട്ടില്‍ തന്നെ ഈ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. ഇതിനിടയിലാണ് അടിക്കടിയുള്ള ഡല്‍ഹി സന്ദര്‍ശനങ്ങളുണ്ടായിരുന്നത്. മയക്കുമരുന്ന് മാഫിയയുമായി ബിസ്തിക്ക് ബന്ധമുണ്ടായിരുന്നോ എന്ന സംശയത്തിലാണ് പോലീസ്. മുമ്പ് നേപ്പാള്‍ സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളുമായി ബിസ്തി പനമ്പിള്ളി നഗറില്‍ താമസിച്ചിരുന്നു. മറ്റൊരു നേപ്പാള്‍ സ്വദേശിനിയുമായും ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്. ഈ യുവതിയെ കൊച്ചിയില്‍ കൊണ്ടുവന്നിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്.
സൗത്ത് എസ്.ഐ. ജെ. അജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയിലും നേപ്പാളിലും അന്വേഷണം നടത്തുന്നത്.
ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന ഭഗീരഥിയുടെ അകന്ന ബന്ധുക്കളായ രണ്ടുപേര്‍ കൊച്ചിയിലെത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രക്തബന്ധമുള്ളവര്‍ തിരിച്ചറിഞ്ഞ ശേഷം കൈമാറും.
ഇതിനായി ഭഗീരഥിയുടെ അടുത്ത ബന്ധുക്കളോട് കൊച്ചിയിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.