കേരളത്തെ പിടിച്ചു കുലുക്കിയ സ്വര്‍ണക്കടത്ത് കേസിന് പുതിയ വഴിത്തിരിവ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ അറസ്റ്റിലായതോടെ കേസില്‍ പുറത്ത് വരുന്നത് നിര്‍ണായക വിവരങ്ങളാണ്. സ്വര്‍ണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടു കിട്ടാന്‍ താന്‍ ഇടപെട്ടെന്ന് ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് മുന്‍പാകെ തുറന്ന് സമ്മതിച്ചു എന്നതാണ് ഏറ്റവൂം ഒടുവില്‍ പുറത്ത് വരുന്ന വിവരം. കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ സാമ്പത്തിക ഇടപാടുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനെ മുന്‍നിര്‍ത്തി ശിവശങ്കരന്‍ നിയന്ത്രിച്ചതായും ഇഡി പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ അറസ്റ്റ് മെമ്മോയുടെ പകര്‍പ്പ് പുറത്ത് വന്നിരുന്നു
സ്വര്‍ണക്കടത്ത് കേസിലെ ശിവശങ്കറിന്റെ പങ്ക്, കള്ളംപ്പണം വെളുപ്പിക്കാന്‍ സഹായിച്ചു തുടങ്ങിയവയാണ് ശിവശങ്കറിന് മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍. ഈ കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശിവശങ്കറിനെ ഇന്ന് 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും. പ്രത്യേക ജഡജ് സിറ്റിംഗ് നടത്തുമെന്നാണ് സൂചന. ശിവശങ്കറിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടാനാണ് ഇഡി ആവശ്യപ്പെടുക.