ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. ന്യൂഡൽഹി, മുംബൈ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമായത്. ന്യൂഡൽഹിയിൽ വൈകുന്നേരം 4.29 നാണ് ഗ്രഹണം ദൃശ്യമായത്.
ശ്രീനഗറിൽ ഏകദേശം 55 ശതമാനത്തോളം സൂര്യബിംബം, ഗ്രഹണത്തിന്റെ ഏറ്റവും കൂടിയ സമയത്ത്, മറയ്ക്കപ്പെട്ടുവെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ന്യൂഡൽഹിയിൽ ഇത് 45 ശതമാനം ആയിരുന്നു.
യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. ദുബൈയിലെ പള്ളികളില്‍ പ്രത്യേക നമസ്കാരം നടന്നു. ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണം യുഎഇയില്‍ രണ്ട് മണിക്കൂര്‍ നീണ്ടുനിന്നു.
യൂറോപ്പിലെ പല ഭാഗങ്ങള്‍, ഏഷ്യ, നോര്‍ത് ആഫ്രിക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമായി. യുഎഇ സമയം ഉച്ചയ്ക്ക് 2.42ന് ആരംഭിച്ച് 4.54ഓടെ ഗ്രഹണം അവസാനിച്ചു എന്ന് എമിറേറ്റ്സ് അസ്ട്രോനമി സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു.
ശരിയായ നേത്ര സംരക്ഷണ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം നിരീക്ഷിക്കരുതെന്നും ഇത് കാഴ്ചയെ ബാധിച്ചേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകുന്നതിനെ തുടര്‍ന്ന് കുവൈതില്‍ സ്കൂളുകള്‍ക്ക് ഇന്ന് (ചൊവ്വ) അവധി നൽകിയിരുന്നു. കുവൈറ്റില്‍ ഉച്ചയ്ക്ക് 1:20ന് ആരംഭിച്ച ഗ്രഹണം 3:44ന് അവസാനിച്ചതായി കുവൈത് ജ്യോതിശാസ്ത്രജ്ഞന്‍ അദെല്‍ അല്‍ സാദൂന്‍ അറിയിച്ചു.
കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വിദ്യാലയങ്ങൾക്ക് അവധി നൽകിയത്. ഗ്രഹണത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് നേരിട്ട് സൂര്യരശ്മികള്‍ ഏല്‍ക്കരുതെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കും അനുയോജ്യമായ പഠന അന്തരീക്ഷത്തിനുമായി വേണ്ട എല്ലാ നടപടികളും സ്വീകരിച്ചിരുന്നു. നാളെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
2027 ഓഗസ്റ്റ് രണ്ടിനാണ് അടുത്ത സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുക. ഇതു പൂര്‍ണ സൂര്യഗ്രഹണമായിരിക്കും. എങ്കിലും ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ഇത് ഭാഗികമായാണു ദൃശ്യമാകുക.