സെക്കന്‍ഡ് ഗിയറില്‍ മാത്രം കയറുന്ന 40 ഹെയര്‍പിന്‍ വളവുകള്‍; 60 കിലോമീറ്റര്‍; കണ്ണുതെറ്റിയാല്‍ ദുരന്തം; മനോഹര കാഴ്ചകളിലേക്കു ശ്രദ്ധ പാളിയാല്‍ ഈ പാത അതീവ അപകടകരം

ആളിയാര്‍ ചുരം, 60കിലോമീറ്റര്‍ ദൂരത്തിലായി 40 ഹെയര്‍പിന്‍ വളവുകള്‍ ഉള്‍പ്പെട്ട പാത. സാഹസിക യാത്രക്കാര്‍ പലപ്പോഴും തിരഞ്ഞെടുക്കുന്ന മാര്‍ഗം. സെക്കന്റ് ഗിയറില്‍ മാത്രം വണ്ടിയോടിക്കാന്‍ പറ്റുന്ന അപകടപാത കൂടിയാണിത്. ഒന്നു ശ്രദ്ധ തെറ്റിയാല്‍, ഭാഗ്യം നഷ്ടപ്പെട്ടാല്‍ ദുരന്തത്തിലെത്താന്‍ സാധ്യതയുള്ള റോഡ്, ആ നിര്‍ഭാഗ്യമാണ് മലപ്പുറം പാങ്ങ് ഹയര്‍സെക്കന്ററി സ്‌കൂളില്‍നിന്ന് വിനോദയാത്ര പോയവരുടെ ഉയിരെടുത്തത്.
വാല്‍പാറ വിട്ടുകഴിഞ്ഞാല്‍ പിന്നെ ജനവാസമില്ലാത്ത വനമേഖലകളാണ്. രാത്രിയാത്ര ഈ മേഖലയില്‍ നിരോധിച്ചിട്ടുണ്ട്. പാങ്ങില്‍ നിന്നും പുലര്‍ച്ചെ യാത്ര തിരിച്ചവര്‍ ആദ്യം അതിരപ്പിള്ളിയിലെത്തി വാട്‌സാപ് ഗ്രൂപില്‍ ഉള്‍പ്പെടെ ഫോട്ടോ പങ്കുവച്ചു. പിന്നാലെ മലക്കപ്പാറ, വാല്‍പ്പാറ. 40 വളവുകളും കടന്നാണ് താഴെ ആളിയാര്‍ ഡാം പരിസരത്തെത്തുക. ഇതിനിടെയിലെ 13-ാം വളവില്‍ വെച്ചാണ് അപകടമുണ്ടായത്. 13-ാം വളവ് മനോഹരമായ കാഴ്ചകള്‍ കാണാന്‍ പറ്റിയ സ്ഥലമാണ്. അതുപോലെ തന്നെ അതീവ അപകടകരവും. വാല്‍പാറയില്‍ നിന്നുള്ള ചുരം റോഡില്‍ ഏറ്റവും അപകടം പിടിച്ച മേഖല ആരംഭിക്കുന്നത് പതിമൂന്നാം വളവിലാണ്.
താഴെ ആളിയാര്‍ അണക്കെട്ടിന്റെ മനോഹരദൃശ്യങ്ങള്‍ ഇവിടം മുതല്‍ കാണാനാകും. വാഹനങ്ങള്‍ നിര്‍ത്തി കാഴ്ച കാണരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ വരയാടുകളെ കാണാനാവുന്ന ഈ മേഖലയില്‍ സഞ്ചാരികള്‍ വാഹനം നിര്‍ത്തിയിടുന്നത് പതിവാണ്. അപകടങ്ങള്‍ ഈ മേഖലയില്‍ വര്‍ധിച്ചതോടെയാണ് എതിര്‍വശത്തുനിന്നുളള വാഹനങ്ങള്‍ കാണാന്‍ ഇവിടെ കണ്ണാടി സ്ഥാപിച്ചത്.
അപകടം കണ്ട മറ്റു വിനോദസഞ്ചാരികള്‍ അറിയിച്ചതു പ്രകാരം ആദ്യം കാദംബരൈ പൊലീസ് സ്റ്റേഷനില്‍ നിന്നുളള സംഘമാണ് സ്ഥലത്തെത്തിയത്. പിന്നാലെ വാല്‍പാറ പൊലീസും അഗ്‌നിരക്ഷാസേനയുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തമിഴ്‌നാട് വനംവകുപ്പും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. മുന്നൂറ് മുതല്‍ 500 അടി താഴ്ചയിലേക്കാണ് വാന്‍ മറിഞ്ഞത്. അഞ്ചോ ആറോ തവണ കരണം മറിഞ്ഞാണ് വീഴ്ചയെന്ന് സൂചനകളുണ്ട്. ആദ്യം റോഡിന്റെ കൈവരിയിലും മരത്തിലും തട്ടി വാഹനം എട്ടാം വളവിലേക്ക് തൂങ്ങി നില്‍ക്കുന്നതു കണ്ടെന്ന് ടാക്‌സി ഡ്രൈവര്‍ എസ്. വിജയ് പറയുന്നു. താന്‍ 15ാം വളവില്‍ വച്ചാണ് അപകടം കണ്ടതെന്നും വിജയ് ഓര്‍ത്തെടുക്കുന്നു.
വണ്ടി പൊളിച്ചുവില്‍ക്കുന്ന കേന്ദ്രങ്ങളില്‍ മാത്രം കാണാവുന്ന അവസ്ഥയിലായിരുന്നു അപകടത്തില്‍പ്പെട്ട വാഹനം. അത്രമാത്രം തകര്‍ന്നു തരിപ്പണമായിരുന്നു. ജീവനില്ലാത്ത അവസ്ഥയിലാണ് വാഹനത്തിനുള്ളില്‍ നിന്നും പരിസരത്തുനിന്നും ആളുകളെ കണ്ടെത്തിയത്. മൂന്ന് പേര്‍ അതിഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ഒരു 10വയസുകാരി മാത്രമാണ് വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടത്.
21വയസ് മാത്രം പ്രായമുള്ള യുവാവാണ് വാഹനം ഓടിച്ചിരുന്നത്. ഇന്നലെ വൈകിട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. കൈവരിയിലുള്‍പ്പെടെ ചിതറിത്തെറിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍.
#MalayalamNews, #BreakingNews, #ValparaiAccident, #PangSchoolTravel, #ValparaiTravel, #RoadAccident, #KeralaNews, #AccidentNews, #Tragedy, #ValparaiHills, #AliyarDam, #SafetyAlert, #TravelWarning, #MalappuramNews, #PangHSS #ValparaiRoadAccident2026, #AliyarGhatRoadAccident, #MalappuramSchoolExcursionAccident, #Valparai13thHairpinBend, #PangHigherSecondarySchool, #ValparaiMalakkapparaRoute, #GhatRoadSafety, #TouristBusAccidentTamilNadu, #ValparaiForestRange, #WesternGhatsTravelSafety, #KeralaTouristsAccident, #BreakingNewsKerala, #ValparaiNightTravelBan






