Breaking NewsKeralaLead NewsNEWS

ഉമ്മ മരിച്ചതറിയാതെ 11 കാരി മസ്‌നീൻ ചികിത്സയിൽ, സാജിതയുടെ ജീവൻ നഷ്ടപ്പെട്ടതറിയാതെ മരണത്തോട് മല്ലടിച്ച് മകൻ ഷഹദീൻ… വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതുപേരുടെയും പൊതുദർശനം ആരംഭിച്ചു, പ്രധാനാധ്യാപികയുടെ സംസ്കാരം ഷൊർണൂരിൽ

മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടത്തിൽ മരിച്ച ഒൻപതുപേരുടെയും സംസ്കാരം ഇന്ന് തന്നെ നടക്കും. പോസ്റ്റ്‍മോർട്ടത്തിനുശേഷം 9 പേരുടേയും മൃതദേഹങ്ങളുമായി ആംബുലൻസുകൾ പൊള്ളാച്ചിയിൽ നിന്ന് പെരിന്തൽമണ്ണയിലെത്തി. രാവിലെ ഒൻപതോടെ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനം ആരംഭിച്ചു.

ഒരു മണിക്കൂറോളം പഠിപ്പിച്ച സ്കൂളിൽ പൊതുദർശനമുണ്ടാകും. പിന്നാലെ സംസ്കാര ചടങ്ങുകൾ നടക്കുക. പ്രത്യേക ഉത്തരവ് ഇറക്കി 9 പേരു‍ടേയും പോസ്റ്റ് മോർട്ടം രാത്രിതന്നെ നടത്തുകയായിരുന്നു. അർധരാത്രി 12ഓടെ ആരംഭിച്ച പോസ്റ്റ്‍മോർട്ടം പുലർച്ചെ നാലോടെയാണ് പൂർത്തിയായത്. തുടർന്ന് ഒൻപത് ആംബുലൻസുകളിലായി നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ വളപ്പിൽ പൊതുദർശനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

Signature-ad

അതേസമയം വാൽപ്പാറ അപകടത്തിൽ ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത (54) മൃതദേഹം പൊതുദർശനത്തിനുശേഷം ആദ്യം പുലാമന്തോളിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് ഷൊർണ്ണൂരിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. അധ്യാപിക റംലത്തിൻറെ (52) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അധ്യാപിക സുഹറയുടെയും (43) മകൻ ഹിഷാമിൻറെയും (12) സംസ്കാരം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

അധ്യാപിക ആശയുടെ (41) മൃതദേഹം പൊതുദർശനത്തിനുശേഷം കൊളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് സംസ്കാരം. അധ്യാപകനായ അബ്ദുൽ മജീദിൻറെയും (43) ഭാര്യ റുഖിയയുടെയും (39) സംസ്കാരം മാട്ടാത്ത് ഖബർസ്ഥാനിൽ നടക്കും. സ്‌കൂൾ പാചകത്തൊഴിലാളി സാജിതയുടെ (45) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനിൽ നടക്കും. പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിന് അടുത്തുള്ള ജിയുപി സ്കൂളിലെ അദ്ധ്യാപിക ഷക്കീനയുടെ (37) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.15 ന് ആണ് വാൽപ്പാറ ചുരം റോഡിൽ 500 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മൂന്നു പേർ ഗുരുതര പരിക്കോടെ കോയമ്പത്തൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ച സാജിതയുടെ മകൻ ഷഹദീൻ, വാഹനത്തിന്റെ ഡ്രൈവർ, മുഹമ്മദ് ഹാഫിസ്, സ്‌കൂളിലെ ഡ്രൈവർ നൗഷാദ് എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്.

സാരമായ പരുക്കോടെ അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസുകാരി മസ്‌നീൻ എന്ന കുട്ടിയെ നാട്ടിലേക്ക് കൊണ്ടുവന്ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ മരിച്ച അദ്ധ്യാപിക ഷക്കീനയുടെ മകൾ ആണ് മസ്‌നീൻ. ഉമ്മ മരിച്ച വിവരം മസ്നീനെ അറിയിച്ചിട്ടില്ല ഇതുവരെ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: