48 വെടിക്കെട്ടുകളുമായി ദുബായ്; പുതുവര്‍ഷ ആഘോഷം അടിപൊളിയാക്കാന്‍ മണല്നഗരമൊരുങ്ങി; ലോകം ദുബായിയിലേക്കൊഴുകുന്നു

ദുബായ് : ലോകം ദുബായ് നഗരത്തിലേക്ക് ഒഴുകുകയാണ്. പുതുവര്‍ഷം ആഘോഷമാക്കാന്‍ ദുബായിയിലേക്ക് പറന്നിറങ്ങുകയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍. വമ്പന്‍ വിസ്മയക്കാഴ്ചകളാണ് ദുബായ് പുതുവര്‍ഷത്തിലേക്കായി ഒരുക്കി വെച്ചിരിക്കുന്നത്. അതാസ്വദിക്കാനാണ് ദേശങ്ങള്‍ താണ്ടി ആള്‍ക്കൂട്ടമെത്തുന്നത്.
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങള്‍ക്കൊരുങ്ങിയിരിക്കുകയാണ് ദുബായ് നഗരം. ഡിസംബര്‍ 31ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളില്‍ 48 അത്ഭുതകരമായ വെടിക്കെട്ടുകള്‍ നടത്തും. ഇതു തന്നെയാണ് ദുബായ് പുതുവര്‍ഷ ആഘോഷത്തിലെ ഏറ്റവും ആകര്‍ഷകമായ കാര്യം. കഴിഞ്ഞ വര്‍ഷം 36 കേന്ദ്രങ്ങളിലായിരുന്നു വെടിക്കെട്ട് ഉണ്ടായിരുന്നത്. അതാണ് ഇത്തവണ 48 ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.
ബുര്‍ജ് ഖലീഫയെയും ഡൗണ്ടൗണ് ദുബായിയെയും കൂടാതെ ഒട്ടേറെ കേന്ദ്രങ്ങളില്‍ ഇത്തവണ ആകാശം വര്‍ണാഭമാകുമെന്ന് ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ബുര്‍ജ് അല്‍ അറബ്, പാം ജുമൈറ, ദുബായ് ഫ്രെയിം, എക്സ്പോ സിറ്റി, ഗ്ലോബല്‍ വില്ലേജ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ദുബായ് ക്രീക്ക് ഹാര്‍ബര്‍, ബ്ലൂവാട്ടേഴ്സ് (ജെബിആര്‍), അല്‍ സീഫ്, ഹത്ത, ടൗണ്‍ സ്ക്വയര്‍, ലാ മെര് തുടങ്ങിയയിടങ്ങളിലും വെടിക്കെട്ട് ഉണ്ടാകും.
ആഘോഷങ്ങള്‍ സുരക്ഷിതമായി പൂര്‍ത്തിയാക്കാന്‍ ദുബായ് ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷാ ഓപ്പറേഷനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. 9,884 ദുബായ് പോലീസ് ഉദ്യോഗസ്ഥരും 13,502 സ്വകാര്യ സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ ആകെ 23,000ത്തിലധികം പേരെയാണ് വിന്യസിക്കുക. 1,625 സുരക്ഷാ പട്രോളിംഗ് വാഹനങ്ങള്‍, 36 സൈക്കിള്‍ പട്രോളിംഗ്, 34 കുതിരപ്പട, കടലിലെ സുരക്ഷയ്ക്കായി 53 മറൈന്‍ റെസ്ക്യൂ ബോട്ടുകള്‍ എന്നിവയും സജ്ജമാണ്. 55 സര്‍ക്കാര്‍സ്വകാര്യ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയാണ് ഈ ക്രമീകരണങ്ങള്‍.
ആഘോഷങ്ങളില്‍ പങ്കുചേരാന്‍ എത്തുന്നവര്‍ക്കായി ഗതാഗത സൗകര്യങ്ങളില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 14,000 ടാക്സികള്‍ നിരത്തിലിറങ്ങും.
1,300 പൊതു ബസുകള്‍ സര്‍വീസ് നടത്തും. 107 മെട്രോ ട്രെയിനുകള്‍ ഓടും. ഈ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി 5,565 ആര്‍ടിഎ ജീവനക്കാര്‍ രംഗത്തുണ്ടാകും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വന്‍ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1,754 ഉദ്യോഗസ്ഥരും 165 അഗ്നിശമന വാഹനങ്ങളും തയ്യാറായിരിക്കും. 236 ആംബുലന്‍സുകള്‍, 635 പാരാമെഡിക്കല്‍ ജീവനക്കാര്‍, 1,900 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഡ്യൂട്ടിയിലുണ്ടാകും. 12 ആശുപത്രികളും ഔട്ട്ഡോര്‍ ക്ലിനിക്കുകളും സജ്ജമാക്കിയിട്ടുണ്ട്.

ദുബായിയിലെ താമസക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും തടസങ്ങളില്ലാതെ പുതുവര്‍ഷം ആഘോഷിക്കാന്‍ എല്ലാവിധ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതര്‍ പറഞ്ഞു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 31ന് വൈകിട്ട് 4 മുതല്‍ ഡൗണ്ടൗണ് ഭാഗത്തെ റോഡുകള്‍ ഘട്ടങ്ങളായി അടക്കും. ഷെയ്ഖ് സായിദ് റോഡ് ഉള്‍പ്പെടെയുള്ള പ്രധാന പാതകളില്‍ ഭാഗിക നിയന്ത്രണമുണ്ടാകും. ആഘോഷങ്ങള്‍ കാണാന്‍ എത്തുന്നവര്‍ ഗതാഗതക്കുരുക്കില്‍പ്പെടാതിരിക്കാന്‍ സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി മെട്രോയും ബസുകളും പരമാവധി ഉപയോഗിക്കണമെന്ന് ആര്‍ടിഎ നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നടക്കം നിരവധി രാജ്യങ്ങളില്‍ നിന്ന് പുതുവര്‍ഷം ആഘോഷിക്കാന്‍ ദുബായിലേക്ക് ആളുകളെത്തുന്നുണ്ട്. വിമാനടിക്കറ്റുകള്‍ കിട്ടാനും നല്ല ബുദ്ധിമുട്ടുണ്ട്.
ദുബായ്ക്കടുത്തുള്ള സ്ഥലങ്ങളില്‍ നിന്നും വന്‍ തിരക്കാണ് പുതുവര്‍ഷാഘോഷം കാണാന്‍ പ്രതീക്ഷിക്കുന്നത്.






