Breaking NewsKeralaLead NewsNEWSNewsthen Specialpolitics

അധികാരത്തിലെത്താന്‍ ബിജെപിക്കു ജയിക്കേണ്ടതില്ലെന്ന് തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ തെളിയിച്ചു; ശാഖയ്ക്കു കാവല്‍ നിന്ന മുന്‍ കെപിസിസി പ്രസിഡന്റും ആര്‍എസ്എസിന്റെ ഇഷ്ടക്കാരനായ പ്രതിപക്ഷ നേതാവിന്റെയും കോണ്‍ഗ്രസില്‍ ലയനം അനായാസം: എം. സ്വരാജ്

തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്താന്‍ ബിജെപി ജയിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് ജയിച്ചാല്‍ മതിയെന്നും തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ തെളിയിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. ആര്‍എസ്എസിലും കോണ്‍ഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും പ്രവര്‍ത്തിക്കാനും തടസമില്ലെന്ന തീരുമാനവും ഒരിക്കല്‍ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട്. ഇത്തരമൊരു അടിത്തറ ശക്തമായി നിലനില്‍ക്കുന്നതു കൊണ്ടാവാം എളുപ്പത്തില്‍ ലയിക്കാവുന്ന ഘടനയാണ് കോണ്‍ഗ്രസിനും ബിജെപിക്കും ഇപ്പോഴുമുള്ളത്.

തൃശൂരിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചത്. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്ന മുന്‍ കെപിസിസി പ്രസിഡന്റും ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്ത ആര്‍എസ്എസിന്റെ ഇഷ്ടക്കാരനായ പ്രതിപക്ഷ നേതാവും രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് തളികയില്‍ വച്ച് ബിജെപിക്ക് ദാനം ചെയ്ത അഖിലേന്ത്യാ സെക്രട്ടറിയും നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സില്‍ അനായാസേനയുള്ള ഇത്തരം ലയനങ്ങള്‍ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നും സ്വരാജ് സമൂഹമാധ്യമത്തില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

Signature-ad

 

അനായാസേന ലയനം

പണ്ട് ഹിന്ദുമഹാസഭയിലും കോണ്‍ഗ്രസിലും ഒരേ സമയം അംഗത്വമെടുത്ത് പ്രവര്‍ത്തിക്കാമായിരുന്നു. ആര്‍എസ്എസിലും കോണ്‍ഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും പ്രവര്‍ത്തിക്കാനും തടസമില്ലെന്ന തീരുമാനവും ഒരിക്കല്‍ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട്. ഇത്തരമൊരു അടിത്തറ ശക്തമായി നിലനില്‍ക്കുന്നതു കൊണ്ടാവാം എളുപ്പത്തില്‍ ലയിക്കാവുന്ന ഘടനയാണ് കോണ്‍ഗ്രസിനും ബിജെപിക്കും ഇപ്പോഴുമുള്ളത്.

കുറച്ചു നാള്‍ മുമ്പ് അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് ഒന്നടങ്കം ബിജെപിയില്‍ ലയിച്ചു. അവിടെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പേമാ ഖണ്ടു മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെയും ഒപ്പം കൂട്ടിയാണ് ബിജെപിയില്‍ ലയിച്ചത്. അദ്ദേഹം ഇപ്പോള്‍ ബിജെപി മുഖ്യമന്ത്രിയായി നാടുഭരിക്കുന്നു.

ഇപ്പോഴിതാ ഇവിടെ കേരളത്തില്‍ ഒരു പഞ്ചായത്തിലെ കോണ്‍ഗ്രസ് പൂര്‍ണമായും ബിജെപിയില്‍ ലയിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. തൃശൂരിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളുമാണ് അവിടെ ഉണ്ടായിരുന്നത്. പത്ത് അംഗങ്ങളുള്ള ഇടതുപക്ഷത്തെ തോല്‍പിക്കാന്‍ 8 കോണ്‍ഗ്രസ് അംഗങ്ങളും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ലയിച്ചുവത്രേ!

മറ്റത്തൂരില്‍ നിന്നും പുറത്തുവരുന്നത് അനായാസേനയുള്ള ലയന വാര്‍ത്തയാണെങ്കില്‍ കോട്ടയം കുമരകത്ത് ലയിക്കാതെ തന്നെ കോണ്‍ഗ്രസും ബിജെപിയും പരസ്യമായ സഖ്യത്തിലാണ് . അവിടെ കൈപ്പത്തിയില്‍ താമരയേന്തിയാണ് ഇടതുപക്ഷത്തിന് എതിരെ ഭരണത്തിലേറിയത്.

ഇതേ ദിവസം തന്നെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശ്രീ. ദിഗ് വിജയ് സിംഗ് മോദിയെ പ്രശംസിക്കുകയും നെഹ്‌റുവിനെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തതായി വാര്‍ത്ത വരുന്നത്. ആര്‍ എസ് എസിനെ കണ്ടു പഠിക്കണമെന്ന ഉപദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്.

ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്ന മുന്‍ കെപിസിസി പ്രസിഡന്റും ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്ത ആര്‍ എസ് എസിന്റെ ഇഷ്ടക്കാരനായ പ്രതിപക്ഷ നേതാവും രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് തളികയില്‍ വച്ച് ബിജെപിക്ക് ദാനം ചെയ്ത അഖിലേന്ത്യാ സെക്രട്ടറിയും നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സില്‍ അനായാസേനയുള്ള ഇത്തരം ലയനങ്ങള്‍ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ബിജെപി അധികാരത്തിലെത്താന്‍ ബിജെപി തന്നെ ജയിക്കണമെന്നില്ല. അതിന് കോണ്‍ഗ്രസ് ജയിച്ചാലും മതിയെന്ന് മറ്റത്തൂര്‍ മുതല്‍ കുമരകം വരെ തെളിയിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: