പുതുവര്‍ഷ കലണ്ടറുമായി പ്രിയങ്ക ഗാന്ധി; വയനാട് തീം കലണ്ടറില്‍ നിറഞ്ഞ് പ്രിയങ്ക; ഓരോ വീട്ടിലും പ്രിയങ്ക കലണ്ടറെത്തും

വയനാട്; വയനാട്ടിലെ ഓരോ വീട്ടിലെ ചുമരുകളിലും അടുത്ത ഒരു വര്‍ഷം പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ നിറയും. പ്രിയങ്കഗാന്ധി എംപിയും വയനാടും തമ്മിലുള്ള അടുപ്പത്തിന്റെ ചിത്രക്കാഴ്ചകള്‍ കലണ്ടര്‍ രൂപത്തിലാക്കി വയനാട്ടിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസുകാരല്ലാത്തവര്‍ വരെ ഈ മനോഹരമായ കലണ്ടര്‍ കിട്ടാന്‍ കോണ്‍ഗ്രസുകാരെ സമീപിക്കുന്നുണ്ട്.
എംപിയായതിന് ശേഷം പ്രിയങ്ക വയനാട്ടില്‍ നടത്തിയ യാത്രകളും, തുലാഭാരം നടത്തുന്നതും ആനയ്ക്ക് ഭക്ഷണം നല്‍കുന്നതുമടക്കമുള്ള നിമിഷങ്ങളാണ് കലണ്ടറിലുള്ളത്. കാണാന്‍ കൗതുകമുള്ള ചിത്രങ്ങളായതുകൊണ്ടു തന്നെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പ്രിയങ്ക കലണ്ടറിന് ആവശ്യക്കാരേറെയാണ്. പ്രാദേശിക കാഴ്ചകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വയനാട്ടുകാര്‍ക്ക് കലണ്ടറിനോട് പ്രത്യേക താത്പര്യവുമുണ്ട്.
വയനാടിനെ പ്രമേയമാക്കി പ്രിയങ്കയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് കോണ്‍ഗ്രസ് പാര്‍ട്ടി കലണ്ടര്‍ പുറത്തിറക്കിയത്. പ്രിയങ്ക എംപിയായിട്ട് ഒരുവര്‍ഷമാകുന്നുവെന്നും എംപിയായതിന് ശേഷമുള്ള പുതുവത്സരമാണെന്നും നേരത്തെ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും കലണ്ടര്‍ പുറത്തിറക്കിയിരുന്നുവെന്നും വണ്ടൂര്‍ എംഎല്‍എ എ.പി. അനില്‍കുമാര്‍ പറഞ്ഞു.
എം.പി സ്ഥാനത്ത് എത്തിയതിന് ശേഷം വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി നടത്തിയ യാത്രകളടക്കമാണ് ചിത്രരൂപത്തില്‍ കലണ്ടറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ നേന്ത്രക്കുലകള്‍ ഉപയോഗിച്ച് പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടാണ് ജനുവരി മാസത്തിന്റെ മുഖചിത്രം. കരുളായിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മണിയുടെ സഹോദരന് അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂര്‍ ചോലനായ്ക്കര്‍ ഉന്നതിയില്‍ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തില്‍ ഉപയോഗിച്ചത്.
കൊട്ട നെയ്യുന്നത് നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയല്‍ രാമനോടൊപ്പം കൃഷിയിടത്തില്‍ നടക്കുന്ന ചിത്രവും ഉള്‍പ്പെടുത്തി. ആനയ്ക്ക് ഭക്ഷണം നല്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.






