സിറിയയിലെ ഐസിസ് തീവ്രവാദികളുടെ കേന്ദ്രങ്ങളില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് അമേരിക്ക; ഓപ്പറേഷന്‍ ഹോക്ക് ഐയിലൂടെ തകര്‍ത്തത് 70 കേന്ദ്രങ്ങള്‍; ‘ഇന്നു ശത്രുക്കളെ വേട്ടയാടിക്കൊന്നു, ഇനിയും തുടരുമെന്ന്’ അമേരിക്ക; ജോര്‍ദാന്‍ യുദ്ധ വിമാനങ്ങളും പോര്‍മുന്നണിയില്‍

ദമാസ്‌കസ്: അമേരിക്കന്‍ സൈനികരെ ആക്രമിച്ചതിനുള്ള തിരിച്ചടിയായി യുഎസ് സൈന്യം സിറിയയിലെ ഡസന്‍കണക്കിന് ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങളിലേക്കു വന്‍തോതില്‍ ആക്രമണം അഴിച്ചുവിട്ടു. സിറിയന്‍ സുരക്ഷാ സേനയുടെ സഹായത്തോടെ ഐസിസ് തീവ്രവാദികള്‍ എന്നു സംശയിക്കുന്നവര്‍ക്കെതിരേ വ്യോമാക്രമണങ്ങളും ഗ്രൗണ്ട് ഓപ്പറേഷനുകളും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് അതിമാരകമായ തോതില്‍ ആക്രമണം നടത്തിയതെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞയാഴ്ച ഐസിസ് ആക്രമണത്തില്‍ അമേരിക്കന്‍ സൈനികന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ശക്തമായ തിരിച്ചടി നല്‍കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ഐസിസ് തീവ്രവാദികളെയും അടിസ്ഥാന സൗകര്യങ്ങളെയും ആയുധപ്പുരകളെയും ലക്ഷ്യമിട്ട് ‘ഓപ്പറേഷന്‍ ഹോക്ക് ഐ സ്‌ട്രൈക്ക്’ വന്‍ വിജയമായിരുന്നെന്നു പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.
ഇയൊരു യുദ്ധത്തിന്റെ തുടക്കമല്ല. പ്രതികാരത്തിന്റെ പ്രഖ്യാപനമാണ്. ‘ഇന്നു ശത്രുക്കളെ വേട്ടയാടിക്കൊന്നു. ഇനിയും തുടരു’മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഗൗരവമേറിയ പ്രതികരണം’ എന്നായിരുന്നു ട്രംപ് ആക്രമണത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കഴിഞ്ഞ ഡിസംബര്‍ 13ന് ആയിരുന്നു അമേരിക്കന്‍ സൈനികര്‍ക്കുനേരേ ഐസിസ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഇതിനു വന്‍ ആഘാതം നേരിടേണ്ടിവരുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
മധ്യ സിറിയയിലെ എഴുപതോളം കേന്ദ്രങ്ങള്‍ തകര്‍ത്തെന്നു യുഎസ് സെന്‍ട്രല്‍ കമാന്‍ഡും അവകാശപ്പട്ടു. ജോര്‍ദാനിയന്‍ യുദ്ധ വിമാനങ്ങളാണ് ഓപ്പറേഷനു സഹായിച്ചത്. യു.എസ് എഫ്-15, എ-10 യുദ്ധവിമാനങ്ങള്‍, അപ്പാച്ചെ ഹെലികോപ്റ്ററുകള്‍, ഹൈമാര്‍സ് റോക്കറ്റ് സിസ്റ്റങ്ങള്‍ എന്നിവയും ഓപ്പറേഷനില്‍ പങ്കാളിയായി.
ഇസ്ലാമിക് സ്‌റ്റേറ്റിനെതിരേ പോരാടുമെന്നും സിറിമന്‍ മണ്ണില്‍ സുരക്ഷിത താവളങ്ങള്‍ ഒരുക്കാന്‍ അനുവദിക്കില്ലെന്നും സിറിയന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. ശനിയാഴ്ച മധ്യ സിറിയയിലെ പാല്‍മൈറ നഗരത്തില്‍ അമേരിക്കന്‍-സിറിയന്‍ സേനകളുടെ കണ്‍വോയെ ലക്ഷ്യമിട്ട ആക്രമണത്തില്‍ രണ്ട് യു.എസ് ആര്‍മി സൈനികരും ഒരു സിവിലിയന്‍ ഇന്റര്‍പ്രെറ്ററും കൊല്ലപ്പെട്ടിരുന്നു. ആക്രമികള്‍ വെടിയേറ്റു മരിച്ചു. മൂന്നു യുഎസ് സൈനികര്‍ക്കും പരിക്കേറ്റു.
സിറിയയില്‍ ഏകദേശം 1,000 യുഎസ് സൈനികര്‍ ഇപ്പോഴും ഉണ്ട്. 13 വര്‍ഷത്തെ ബാഷര്‍ അല്‍ അസദിന്റെ ഭരണം അട്ടിമറിച്ചു മുന്‍ വിമതര്‍ നയിക്കുന്ന സിറിയന്‍ സര്‍ക്കാരില്‍ അല്‍ക്വയ്ദ അംഗങ്ങളും ഉള്‍പ്പെടുന്നു. ഇവരും ഐസിസുമായി പരസ്യ ഏറ്റുമുട്ടലിലാണ്. പ്രസിഡന്റ് അഹമ്മദ് അല്‍-ഷറാ വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ ഐസിസിനെതിരേ സഹകരിക്കാനുള്ള കരാറിലെത്തിയിരുന്നു.






