അരാഷ്ട്രീയതയ്ക്ക് എന്താണു കുഴപ്പം? കോട്ടപ്പള്ളിയും പ്രകാശനും മുതല്‍ സംരംഭകന്‍ എന്ന വാക്ക് മലയാളി പരിചയപ്പെടും മുമ്പേ തിരക്കഥയാക്കിയയാള്‍; നിലനില്‍ക്കാനുള്ള സ്വാതന്ത്ര്യത്തിനായി പൊട്ടിത്തെറിച്ച ദീര്‍ഘദര്‍ശി; കുറിപ്പ് ചര്‍ച്ചയാകുന്നു

കൊച്ചി: ശ്രീനിവാസന്‍ സിനിമകളിലെ അരാഷ്ട്രീയത എന്നും സിനിമയിലും സിനിമയ്ക്കു പുറത്തും ചര്‍ച്ചയായിട്ടുണ്ട്. യശ്വന്ത് സഹായി മുതല്‍ കോട്ടപ്പള്ളി പ്രഭാകരനും പ്രകാശനും ഇന്നത്തെ സമൂഹത്തിലും ചൂണ്ടിക്കാട്ടാവുന്ന വ്യക്തിത്വങ്ങളാണ്. സംരംഭകത്വമെന്ന വാക്കുതന്നെ പരിചിതമാകുന്നതിനു മുമ്പാണ് ശ്രീനിവാസന്‍ വരവേല്‍പ്പിലൂടെയും മിഥുനവുമൊക്കെ. ശ്രീനിവാസന്റെ നിര്യാണത്തോടെ അദ്ദേഹത്തിന്റെ സിനിമകളിലെ അരാഷ്ട്രീയതയെക്കുറിച്ചുള്ള ചര്‍ച്ചകളും വഴിമാറുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവ് ആല എഴുതിയ കുറിപ്പാണ് ചര്‍ച്ച.
കുറിപ്പിന്റെ പൂര്‍ണരൂപം
അരാഷ്ട്രീയതയ്ക്ക് എന്താണ് കുഴപ്പം..?
ശ്രീനിവാസന്‍ സിനിമകള്‍ കേരളീയസമൂഹത്തോട് നിരന്തരം ഉന്നയിച്ച ചോദ്യം ഇതായിരുന്നു. കോട്ടപ്പള്ളി പ്രഭാകരനും അനുജന്‍ പ്രകാശനും സത്യസന്ധരായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ നയാപൈസ അവര്‍ സമ്പാദിച്ചിട്ടില്ല. ഒരു ചായ പോലും വാങ്ങിക്കുടിക്കാതെ പിതാവ് കഷ്ടപ്പെട്ട് സ്വരുക്കൂട്ടി വാങ്ങിയ ഭൂമിയുടെ ആധാരം പാര്‍ട്ടിക്ക് വേണ്ടി പണയം വച്ചവനാണ് പ്രഭാകരന്‍. യശ്വന്ത് സഹായിക്കുള്ള ഒരു കരിക്കിനായി പറമ്പിലെ തെങ്ങിന്‍കുലകള്‍ മുഴുവന്‍ വെട്ടിത്താഴെയിടുന്നത് അഭിമാനത്തോടെ നോക്കി നിന്ന ഐഎന്‍എസ്പി യുവനേതാവാണ് പ്രകാശന്‍.
പാര്‍ട്ടി റോബോട്ടുകള്‍ മാത്രമായിരുന്നു പ്രഭാകരനും പ്രകാശനും. കമ്മ്യൂണിസ്റ്റ് വിശുദ്ധ ഗ്രന്ഥങ്ങള്‍ ഉരുവിട്ട്, കുത്തക മുതലാളിത്തത്തിന്റെ ഉന്മൂലനം നടത്തി അണ്ടര്‍ഗ്രൗണ്ടില്‍ പോകാന്‍ സദാസമയവും റെഡിയായി നില്ക്കുകയാണ് കോട്ടപ്പള്ളി. കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് സ്വേച്ഛാധിപത്യം തകര്‍ന്നതില്‍ ഊണുമേശയ്ക്ക് ഇരുവശവുമിരുന്ന് പോരടിക്കുകയാണ് പ്രകാശനും പ്രഭാകരനും.
മക്കളുടെ പൊളിറ്റിക്കല്‍ ദ്വന്ദ്വയുദ്ധത്തില്‍ അന്തംവിട്ട് നില്ക്കുന്ന രാഘവന്‍നായരുടെ പറമ്പിലേക്കാണ് ആ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ കടന്നുവരുന്നത്. ഫീസ് അടയ്‌ക്കേണ്ട അവസാനദിവസം മുഷിഞ്ഞ നോട്ടുകളുമായി സ്‌കൂളിലേക്ക് ഓടിയെത്തിയ അമ്മയെ ഓര്‍ത്ത് കണ്ണുനിറയുന്ന, വന്നവഴി മറക്കാത്ത, മണ്ണ് രുചിച്ച് അമ്‌ളതയുടെ അളവ് കണ്ടെത്തുന്ന ഉദയഭാനുവാണ് സന്ദേശത്തിലൂടെ ശ്രീനിവാസന്‍ മുന്നോട്ട് വയ്ക്കുന്ന മാതൃകാമനുഷ്യന്‍.
വര്‍ഷാവര്‍ഷം ജനങ്ങളെ പറ്റിക്കാനായി കാസര്‍ഗോഡ് നിന്ന് അനന്തപുരിക്ക് നവകേരളയാത്രകള്‍ നടത്തുന്ന രാഷ്ട്രീയ കോമാളികള്‍ക്കെതിരെ ശ്രീനിവാസന്‍ തൊടുത്ത പരിഹാസശരമായിരുന്നു യശ്വന്ത് സഹായ്. ഭരണപ്പാര്‍ട്ടിക്ക് പിരിവ് കൊടുത്തില്ലെങ്കില്‍ സ്ഥലം മാറ്റി തീര്‍ത്തുകളയുമെന്ന ഭീഷണിക്ക് പുല്ലുവില കല്പിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരനാണ് ഉദയഭാനു.
അരാഷ്ട്രീയജീവി
കക്ഷിരാഷ്ട്രീയത്തിന്റെ അടിമയും അണിയുമാകാതെ സ്വതന്ത്രമായി നിലനില്ക്കാന്‍ ശ്രമിക്കുന്ന മനുഷ്യരെ അടച്ചാക്ഷേപിക്കുന്ന പൊളിറ്റിക്കല്‍ കേരളത്തിന്റെ നെറുകയിലാണ് ശ്രീനിവാസന്റെ ഉദയഭാനു 1991ല്‍ ആഞ്ഞുചവിട്ടിയത്. ജനാധിപത്യം സ്വേച്ഛാധിപത്യമായി വഷളാകാതെ കാത്തുസൂക്ഷിക്കുന്നത് അരാഷ്ട്രീയ വോട്ടര്‍മാരുടെ ജാഗ്രതയാണ്. അടിമജീവിതം നയിക്കുന്ന കോട്ടപ്പള്ളി പ്രഭാകരനും പ്രകാശനും അന്ധകാരത്തിന്റെ കാവല്‍ക്കാരാണ്. നിഷ്പക്ഷമായി ചിന്തിച്ച് വിലയിരുത്തി പോളിംഗ് ബൂത്തിലെത്തുന്ന ഉദയഭാനുമാരാണ് ഡമോക്രസിയെ നിലംപൊത്താതെ താങ്ങിനിര്‍ത്തുന്നത്.
പൊളിറ്റിക്കല്‍ ആനിമലുകളല്ല , അരാഷ്ട്രീയക്കാരായ റെസ്‌പോണ്‍സിബിള്‍ ഹോമോസാപിയന്‍സാണ് നവനാഗരികതയുടെ സൃഷ്ടാക്കള്‍. കറുത്ത ഹാസ്യത്തിലൂടെ ശ്രീനിവാസന്‍ ഉദ്‌ബോധിപ്പിച്ചതും അതുതന്നെയാണ്. സംരംഭകന്‍ എന്ന വാക്ക് മലയാളപദാവലിയില്‍ ഇല്ലാത്ത കാലത്താണ് വരവേല്‍പ്പും മിഥുനവും ശ്രീനിവാസന്‍ സൃഷ്ടിച്ചത്.
മരുഭൂവിന്റെ സൂര്യപ്രഹരത്തില്‍ മജ്ജയും രക്തവും കരുവാളിച്ചുപോയൊരു മലയാളി, നാട്ടിലൊരു സ്വന്തം സംരംഭം മോഹവുമായി സെക്കന്‍ഡ് ഹാന്‍ഡ് ബസ് വാങ്ങി ജീവിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശത്രുവായി. മുരളി ഹതാശനായി വീണ്ടും അറേബ്യന്‍ മണലാരണ്യത്തിന്റെ തീവെയിലില്‍ അഭയം കണ്ടെത്തുന്നു.
ദാക്ഷായണി ബിസ്‌ക്കറ്റ് എന്ന പച്ചമലയാള കമ്പനിയെ ലൈസന്‍സ് രാജ് സിസ്റ്റവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കുഴിച്ചുമൂടാന്‍ നോക്കുമ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത നിസ്സഹായതയില്‍ രണ്ടും കല്പിച്ചിറങ്ങേണ്ടിവരുന്ന സംരഭകന്‍ സേതു. ജന്മനാട്ടില്‍ എന്തെങ്കിലും ബിസിനസോ ചെറുകിട വ്യവസായമോ തുടങ്ങാന്‍ വരുന്നവരെ മുഴുവന്‍ ബൂര്‍ഷ്വാ പെറ്റി ബൂര്‍ഷ്വാ തുടങ്ങിയ അശ്‌ളിലാക്ഷേപങ്ങളിലൂടെ പൂട്ടികെട്ടുന്ന നെറികെട്ട കേരളീയതയ്‌ക്കെതിരെ, ഇന്ത്യ ഉദാരവല്‍ക്കരണത്തെ വരവേല്‍ക്കുന്നതിന് മുമ്പേ 1989ല്‍ വരവേല്‍പ്പിലൂടെ പൊട്ടിത്തെറിച്ച ദീര്‍ഘദര്‍ശിയായിരുന്നു ശ്രീനിവാസന്‍.
ആധുനികതയ്ക്ക് നേരെ പുറംതിരിഞ്ഞുനില്ക്കുന്ന വ്യക്തിയായി ജീവിതസായന്തനത്തില്‍ ശ്രീനിവാസന്‍ മാറിത്തുടങ്ങിയിരുന്നു. ജൈവകൃഷി തട്ടിപ്പിന്റെയും വിഷപ്പച്ചക്കറി പൊപ്രഗണ്ടയുടെയും ആധുനിക വൈദ്യശാസ്ത്രവിരുദ്ധതയുടെയും മുഖമായി ശ്രീനിവാസന്‍ നിലകൊണ്ടപ്പോള്‍ വിഷമിച്ചുപോയിട്ടുണ്ട്. എങ്കിലും, പ്രീഡിഗ്രി അത്ര മോശപ്പെട്ട ഡിഗ്രിയൊന്നുമല്ലെന്ന് സധൈര്യം പ്രഖ്യാപിച്ച് ഞങ്ങളുടെ തലമുറയെ ആശ്വസിപ്പിച്ച മഹാവിദൂഷകനെ എങ്ങനെ മറക്കാനാകും..!






