ഇപ്പോള്‍ കണ്ടത് സാമ്പിള്‍ വെടിക്കെട്ട്; ശരിക്കുള്ള വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളുവെന്ന് കോണ്‍ഗ്രസ്: നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: ഇപ്പോള്‍ കണ്ടത് പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് പോലെ വെറും സാമ്പിള്‍ മാത്രമാണ്. ശരിക്കുള്ള കിടിലന്‍ വെടിക്കെട്ട് വരാനിരിക്കുന്നതേയുള്ളുവെന്ന് കോണ്‍ഗ്രസ് യുഡിഎഫ് നേതാക്കള്‍. തദ്ദേശത്തില്‍ മുങ്ങിപ്പോയ എല്‍ഡിഎഫ് ആശങ്കയില്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്ന പ്രവചനപ്രഖ്യാപനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
യുഡിഎഫ് പ്രത്യേകിച്ച് കോണ്‍ഗ്രസ് ആകെ ത്രില്ലിലാണ്. വിചാരിച്ചതിനേക്കാള്‍ നേട്ടം കൊയ്യാനായതില്‍. അത് ഏതാനും മാസങ്ങള്‍ക്കപ്പുറം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കുകൂട്ടങ്ങള്‍ക്കുള്ള ആത്മവിശ്വാസവുമാകുന്നുണ്ട് അവര്‍ക്ക്.
വന്‍ അട്ടിമറികള്‍ നടന്നില്ലെങ്കിലും തിരിച്ചുവരവിന്റെ ശക്തമായ അടയാളങ്ങള്‍ കാണിച്ചാണ് യുഡിഎഫ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തിറങ്ങിയത്.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ തലങ്ങളിലും വന്‍ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ് യുഡിഎഫ് എന്ന് നേതാക്കളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫലങ്ങള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും പങ്കുവെക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചുവെന്നും വിശ്വാസികളെ ഇനിയും കബളിപ്പിക്കാമെന്ന് പിണറായി കരുതേണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
തദ്ദേശത്തില്‍ സംഭവിച്ച പാളിച്ചകള്‍ പാഠമായെടുത്ത് തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാനാണ് യുഡിഎഫ് തീരുമാനം.
തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസിന് സംഘടന ദൗര്‍ബല്യമുണ്ടായിരുന്നുവെന്നും അത് മറികടക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പൂര്‍ണമായി വിജയിച്ചില്ല എന്നുമാണ് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്.






