ജനങ്ങളെ പറ്റിക്കാൻ നോക്കിയപ്പോൾ ജനങ്ങൾ നല്ല വൃത്തിയായി പിണറായിയെ പറ്റിച്ചു… തിരുവനന്തപുരം നഗരസഭയിൽ രണ്ടു മല്ലൻമാർക്കിടയിൽ കട്ടയ്ക്കു പിടിച്ചുനിൽക്കാൻ യുഡിഎഫിനായി- കെ. മുരളീധരൻ

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടുത്ത യുഡിഎഫ് സർക്കാരിനുള്ള വ്യക്തമായ സൂചനയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അടുത്ത തെരഞ്ഞെടുപ്പ് യുഡിഎഫ് നേടുമെന്നതിനുള്ള വ്യക്തമായ തെളിവാണ് ഇന്നുണ്ടായത്. അടുത്ത സർക്കാർ യുഡിഎഫായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ഒരു തരംഗം ഈ തെരഞ്ഞെടുപ്പിൽ ദൃശ്യമായി. തിരുവനന്തപുരം നഗരസഭയെ സംബന്ധിച്ച് പിഎം ശ്രീയിൽ ഒപ്പിട്ടതോടുകൂടി ബിജെപിയെ തൊട്ടുകൂടാത്തവരല്ലായെന്നൊരു ഫീലിങ് സിപിഎമ്മുകാർക്കുണ്ടായി. അതിന്റെ ഒരു ഫലമാണ് ബിജെപിക്ക് കേവലഭൂരിപക്ഷത്തിനെടുത്തെത്തിയ പ്രകടനമെന്നും കെ മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വൻ മുന്നേറ്റമുണ്ടാക്കാനായി. അതായത് രണ്ടു മല്ലൻമാർക്കിടയിൽ പിടിച്ചുനിൽക്കാൻ യുഡിഎഫിനായി. ബിജെപിയുടെ വിജയം താത്കാലികമാണ്. അവരുപറഞ്ഞ ഒരു കാര്യവും നടപ്പിലാക്കാൻ അവർക്ക് കഴിയില്ല. യുഡിഎഫ് ഒരു ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
അതേസമയം തദേശ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ‘ജനങ്ങളെ പറ്റിക്കാൻ നോക്കിയപ്പോൾ ജനങ്ങൾ നല്ല വൃത്തിയായി പിണറായിയെ പറ്റിച്ചു’ എന്ന് അദ്ദേഹം പരിഹസിച്ചു. അതായത് ഏപ്രിൽ വരെകൊടുത്താൽ മതിയെന്നു പറഞ്ഞ് സഹകരണ സ്ഥാപനങ്ങളുടെ എക്സസ് ഫണ്ട് വാങ്ങി. ഇതെല്ലാം ജനത്തിനറിയാം. ജനം പത്രം വായിക്കുന്ന വരും ടിവി കാണുന്നവരുമാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിനടുത്ത് എത്തിയെങ്കിലും യുഡിഎഫ് സീറ്റുകൾ ഇരട്ടിയാക്കിയത് വലിയ നേട്ടമാണെന്നും അദ്ദേഹം വിലയിരുത്തി.






