രാഹുലുമായി സഹകരിച്ചാല്‍ നടപടിയെന്ന് ഡിസിസി പ്രസിഡന്റ്; മണ്ഡലത്തില്‍ സജീവമാകുന്നത് തലവേദന; ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍; മുന്നറിയിപ്പുമായി മുസ്ലിം ലീഗും; കേസന്വേഷണം ഡിജിപി നേരിട്ടു വിലയിരുത്തും; പ്രത്യേക സംഘത്തിന് ചുമതല
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ രണ്ട് കേസുകളും പ്രത്യേകസംഘത്തിന് കൈമാറിയിട്ടുണ്ട്. ആദ്യ കേസില്‍ രാഹുലിനെ പിടികൂടാന്‍ കഴിയാത്തതിനാലാണ് തിരുവനന്തപുരം കമ്മീഷണറുടെ നേതൃത്വത്തില്‍ നിന്ന് അന്വേഷണം മാറ്റിയത്. എസ്.പി. ജി. പൂങ്കുഴലി നേതൃത്വം വഹിക്കുന്ന കേസുകള്‍ ഡി.ജി.പി നേരിട്ട് നിരീക്ഷിക്കും. അതിനിടെ രാഹുല്‍ ഇന്നലെ രാത്രി കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു.

പാലക്കാട്: രാഹുല്‍ മാങ്കുട്ടത്തിലിനെ സഹായിക്കുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഡിസിസി. രാഹുലുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നു നേതൃത്വം അറിയിച്ചു. അതേസമയം പാലക്കാട്ടെ ഫ്‌ലാറ്റില്‍ നിന്ന് ഉടന്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് രാഹുലിന് അസോസിയേഷന്‍ നോട്ടിസ് നല്‍കി.
കഴിഞ്ഞ ദിവസം പോളിംഗ് ബൂത്തില്‍ എത്തിയപ്പോഴാണ് രാഹുലിനെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂച്ചെണ്ടു കൊടുത്ത് സ്വീകരിച്ചത്. യാത്രയിലുടനീളം പ്രാദേശിക നേതാക്കള്‍ അനുഗമിക്കുകയും ചെയ്തു. വിഷയത്തില്‍ ആക്ഷേപം ഉയര്‍ന്നതോടെയാണ് പ്രതികരണമായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ രംഗത്തെത്തിയത്.
രാഹുലിനെ പ്രകീര്‍ത്തിക്കുന്നതിനെ തള്ളി കെ.സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. രാഹുല്‍ തുടര്‍ന്നങ്ങോട്ടേക്ക് മണ്ഡലത്തില്‍ സജീവമാകുന്നത് പാര്‍ട്ടിക്ക് തലവേദനയാകും എന്ന് മുന്നില്‍കണ്ടു കൊണ്ടാണ് നേതൃത്വത്തിന്റെ ഇടപെടല്‍. നേരത്തെ രാഹുലിനു കിട്ടിയ സ്വീകാര്യതയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരുന്നു.
അതിനിടെ രാഹുലിന്റെ കുന്നത്തൂര്‍മേടിലെ ഫ്‌ലാറ്റില്‍ നിന്നു ഒഴിയാനാവശ്യപ്പെട്ട് അസോസിയേഷന്‍ നോട്ടിസ് നല്‍കി. പ്രത്യേക അന്വേഷണ സംഘം ഫ്‌ലാറ്റില്‍ പരിശോധനക്കെത്തിയതും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞതോടുകൂടിയാണ് ഒഴിയാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ഈ മാസം 25ന് മുമ്പ് രാഹുല്‍ മാറിയേക്കും. പാലക്കാട്ടെ ഉപ തിരഞ്ഞെടുപ്പ് കാലത്താണ് രാഹുല്‍ ഫ്‌ലാറ്റ് വാങ്ങിയത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരായ രണ്ട് കേസുകളും പ്രത്യേകസംഘത്തിന് കൈമാറിയിട്ടുണ്ട്. ആദ്യ കേസില്‍ രാഹുലിനെ പിടികൂടാന്‍ കഴിയാത്തതിനാലാണ് തിരുവനന്തപുരം കമ്മീഷണറുടെ നേതൃത്വത്തില്‍ നിന്ന് അന്വേഷണം മാറ്റിയത്. എസ്.പി. ജി. പൂങ്കുഴലി നേതൃത്വം വഹിക്കുന്ന കേസുകള്‍ ഡി.ജി.പി നേരിട്ട് നിരീക്ഷിക്കും. അതിനിടെ രാഹുല്‍ ഇന്നലെ രാത്രി കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു.
രണ്ട് ബലാല്‍സംഗം, ഒരു ഭ്രൂണഹത്യ ഇത്രയും ഗുരുതര കുറ്റങ്ങള്‍ ചുമത്തപ്പെട്ട പ്രതിയാണ് പതിനഞ്ച് ദിവസം മുങ്ങിയ ശേഷം ഒരു പോറല്‍പോലും സംഭവിക്കാത്തതുപോലെ നാട്ടില്‍ പൊങ്ങിയത്. രാഹുലിനെ പിടിക്കാന്‍ മൂന്ന് സംസ്ഥാനങ്ങളിലൂടെ പരക്കം പാഞ്ഞ പൊലീസിനും സര്‍ക്കാരിനും ഇത് നാണക്കേടായി. മുന്‍കൂര്‍ജാമ്യം ലഭിച്ച് ജയിലില്‍ പോകില്ലെന്ന് ഉറപ്പായതോടെയാണ് രാഹുല്‍ കേരളത്തില്‍ തിരിച്ചെത്തിയത്.
പത്ത് ദിവസം പിന്നാലെ ഓടിയിട്ടും പിടിക്കാന്‍ കഴിയാത്തത് ആദ്യ കേസ് അന്വേഷിച്ച തിരുവനന്തപുരം കമ്മീഷണറുടെ നേതൃത്വത്തിലെ സംഘത്തിന്റെ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. രാഹുലിനെ തേടി ഓരോ ഒളിയിടത്തിലെത്തുമ്പോഴും രാഹുല്‍ അവിടന്ന് രക്ഷപെടുകയായിരുന്നു. വിവരം ചോര്‍ന്നതാണോ കാരണമെന്ന സംശയവുമുണ്ട്. ഇതുകൊണ്ടാണ് ആ അന്വേഷണവും ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലെ പ്രത്യേകസംഘത്തിനെ ഏല്‍പ്പിച്ചതെന്നാണ് സംശയം. സമാന സ്വഭാവമുള്ള രണ്ട് കേസുകളും ഒരു പ്രത്യേകസംഘം അന്വേഷിക്കാന്‍ വേണ്ടിയാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം. കേസുകളുടെ മേല്‍നോട്ടം റവാഡ ചന്ദ്രശേഖര്‍ നേരിട്ട് നടത്തും.
തിങ്കളാഴ്ച രാഹുല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതിനിടെ ഇന്നലെ രാത്രി പാലക്കാട് നിന്ന് കൊച്ചിയിലെത്തി രാഹുല്‍ ഹൈക്കോടതി അഭിഭാഷകന്‍ രാജീവിനെ വീട്ടിലെത്തിക്കണ്ടു. രാഹുലിന്റെ അദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. അത് തള്ളിയാല്‍ രാഹുലിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ പൊലീസിന് വീണ്ടും വഴിതുറക്കും.
അതേസമയം, രാഹുല്‍ വിഷയത്തിലടക്കം കോണ്‍ഗ്രസ് നേതാക്കള്‍ അപക്വമായ പ്രസ്താവനകള്‍ നടത്തുന്നെന്നും ഇതു മുന്നണിയെ ബാധിക്കുമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. മുന്നണിയും പാര്‍ട്ടിയും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.






