Breaking NewsKeralaLead Newspolitics

‘വെല്‍ ഡ്രാഫ്റ്റഡ് പിന്നില്‍ ലീഗല്‍ ബ്രെയിന്‍’; മാധ്യമങ്ങള്‍ക്ക് നല്‍കിയ ശേഷമാണ് യുവതി തനിക്ക് ഇമെയിലായി പരാതി അയച്ചത് ; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയം പ്രകടിപ്പിച്ച് സണ്ണി ജോസഫ്

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ബലാത്സംഗ പരാതി ഗൂഡമായി ഡ്രാഫ്റ്റ് ചെയ്തതാണെന്ന് സംശയം പ്രകടിപ്പിച്ച് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫ്. അതിന് പിന്നില്‍ നിയമം അറിയാവുന്ന ഒരു ബുദ്ധിയുണ്ടെന്നും അതിന്റെ ഉദ്ദേശം അറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു. വെല്‍ ഡ്രാഫ്റ്റഡ് പരാതിയായിരുന്നു അതെന്ന് സണ്ണി ജോസഫ് പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് നല്‍കിയ ശേഷമാണ് യുവതി തനിക്ക് ഇമെയിലായി പരാതി അയച്ചത്. കണ്ണൂരില്‍ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ ബലാത്സംഗ പരാതി ഉയരുന്നത്. കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരിയായ യുവതിയായിരുന്നു പരാതിയുമായി രംഗത്തെത്തിയത്.

Signature-ad

സംഭവം വാര്‍ത്തയായതിന് പിന്നാലെ തനിക്ക് കിട്ടയ പരാതി സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാഹുലിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ബലാത്സംഗക്കുറ്റം ചുമത്തി ക്രൈംബ്രാഞ്ചായിരുന്നു കേസെടുത്തത്. ഡിവൈഎസ്പി സജീവനാണ് അന്വേഷണത്തിന്റെ ചുമതല. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്നതിനിടെയായിരുന്നു രാഹുലിന് കുരുക്കായി രണ്ടാമത്തെ ബലാത്സംഗക്കേസ് വന്നത്.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എംപി എന്നിവര്‍ക്കായിരുന്നു യുവതി പരാതി നല്‍കിയത്. രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു പരാതിയില്‍ ഉന്നയിച്ചിരുന്നത്. വിവാഹവാഗ്ദാനം ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചതായി യുവതി ആരോപിച്ചിരുന്നു.

Back to top button
error: