Breaking NewsKeralaLead NewsNEWSNewsthen Specialpolitics

വരുന്നു കേരള പൊളിറ്റിക്കല്‍ റിയാലിറ്റി ഷോ; ഇനി നിയമസഭയ്ക്കു പുറത്തെ ചോദ്യോത്തര വേള; മുഖ്യമന്ത്രിയും പ്രതിപക്ഷവും വാക്‌പോരിനൊരുങ്ങുന്നു; വെല്ലുവിളിയല്ല സംവാദമെന്ന ഓമനപ്പേരിട്ട് വി.ഡി.സതീശന്‍

 

തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ ചോദ്യോത്തര വേള പലതവണ ഉണ്ടായിട്ടുണ്ടെങ്കിലും സഭയ്ക്കു പുറത്താണ് ഇനിയുള്ള ചോദ്യോത്തര വേള നടക്കാന്‍ പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷവും തമ്മിലുള്ള വാക്കുകള്‍ കൊണ്ടുള്ള പോരാട്ടം!!
കെ.സി.വേണുഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇരട്ടച്ചങ്കിന്റെ കരുത്തോടെ മുഖ്യമന്ത്രി സംവാദത്തിന് തയ്യാറായതോടെ മുഖ്യമന്ത്രിയെ സംവാദത്തിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തന്നെ ക്ഷണിച്ചിരിക്കുകയാണ്.

Signature-ad

സ്ഥലവും സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്ന് പറഞ്ഞും സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുമാണ് സംവാദത്തിനുള്ള ക്ഷണം. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് താന്‍ തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്നാല്‍ കെ.സി.വേണുഗോപാല്‍ പറഞ്ഞ വെല്ലുവിളി എന്ന കടുപ്പിച്ച പ്രയോഗത്തിനു പകരം നിര്‍ദേശം, ക്ഷണം എന്നിങ്ങനെ മൃദുവായ വാക്കുകളാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായുള്ള സംവാദവുമായി ബന്ധപ്പെട്ട ആവശ്യത്തില്‍ ഉന്നയിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടു സിപിഎം നേതാക്കള്‍ ജയിലിലാണെന്ന് മുഖ്യമന്ത്രിയെ വിനയത്തോടെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് വിഡി സതീശന്‍ നീണ്ട പ്രസ്താവന തുടങ്ങുന്നത്. എം.എല്‍.എയ്‌ക്കെതിരായ പീഡന പരാതിയില്‍ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കേരളത്തില്‍ നില്‍ക്കുന്നത്. ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ ഇപ്പോഴും അങ്ങയോടൊപ്പമില്ലേ എന്നും സതീശന്‍ ചോദിച്ചു.

 

ആരാണ് കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി? ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് പോലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന്‍ ആരായിരുന്നു? പാര്‍ട്ടിയില്‍ ഇപ്പോള്‍ പരാതിക്കാരന്റെ അവസ്ഥ എന്താണ്? അങ്ങയുടെ പാര്‍ട്ടി എം.എല്‍.എ സ്ഥാനം ഉള്‍പ്പെടെ നല്‍കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പോലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയതെന്നും സതീശന്‍ ചോദിക്കുന്നു.

സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് അങ്ങയെ അഭിനന്ദിക്കുന്നു. അങ്ങ് ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനും അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ് ലൈഫ് മിഷന്‍, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെന്‍ഷന്‍, ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍, കിഫ്ബി, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോണ്‍, ചൂരല്‍മല-മുണ്ടക്കൈ ദുരിതാശ്വാസം, കെ-റെയില്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചിട്ടുണ്ട്.

ചോദ്യോത്തരവേള നടക്കുകയാണെങ്കില്‍ പരസ്പരം ചോദ്യശരങ്ങളെ ഉത്തരങ്ങളുടെ പരിച കൊണ്ട് തടുത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷവും വാക്കുകളെ ആയുധങ്ങളാക്കി പോരാടുമ്പോള്‍ തീപാറുന്ന പൊളിറ്റിക്കല്‍ റിയാലിറ്റി ഷോ ആയി അത് മാറുമെന്ന് പ്രതീക്ഷിക്കാം.

 

Back to top button
error: