Breaking NewsKeralaLead NewsNEWSNewsthen Specialpolitics

മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ മാത്രമല്ല ദിലീപിന്റെ കാര്യത്തിലുമുണ്ട് കോണ്‍ഗ്രസില്‍ രണ്ടഭിപ്രായം; ദിലീപിനെ പിന്തുണച്ച് അടൂര്‍ പ്രകാശ്: കോണ്‍ഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല; ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കെ.മുരളീധരന്‍

 

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിശിതമായി വിമര്‍ശിച്ച് എതിര്‍ത്തും രണ്ടു ചേരിയായി തിരിഞ്ഞ കോണ്‍ഗ്രസ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതെ വിട്ട വിഷയത്തിലും രണ്ടു ഗ്രൂപ്പായി തിരിഞ്ഞ് വാദപ്രതിവാദം കൊഴുപ്പിക്കുന്നു.

Signature-ad

 

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് നീതി കിട്ടിയെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത്. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. ദിലീപുമായി അടുത്ത ബന്ധമുണ്ട്. വ്യക്തിപരമായി സന്തോഷമുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. പത്തനംതിട്ടയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണ് അടൂര്‍ പ്രകാശിന്റെ ദിലീപ് അനുകൂല പ്രതികരണം ഉണ്ടായത്.

 


ഉത്തത പോലീസ് നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ ഞാനല്ല അഭിപ്രായം പറയേണ്ടത്. സര്‍ക്കാര്‍ ദിലീപിന്റെ അറസ്റ്റ് രാഷ്ട്രീയനേട്ടത്തിന് ഉപയോഗിച്ചു. സര്‍ക്കാര്‍ ദ്രോഹിക്കാന്‍ അപ്പീല്‍ പോകുകയാണെന്നും സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാന്‍ പറ്റുന്നതാണെന്നുമായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം.

അടൂര്‍ പ്രകാശിന്റെ അഭിപ്രായത്തെ പൂര്‍ണമായും തള്ളി പിന്നാലെ രമേശ് ചെന്നിത്തല രംഗത്തെത്തി. കോണ്‍ഗ്രസ് വേട്ടക്കാരനൊപ്പമല്ല. അതിജീവതയ്ക്ക് ഒപ്പം തന്നെയാണെന്ന് ചെന്നിത്തല ആവര്‍ത്തിച്ചു. അടൂര്‍ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസില്‍ വിധി പൂര്‍ണമായി വായിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കില്‍ അപ്പീല്‍ പോകാമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ അഭിപ്രായപ്പെട്ടു. നേരിട്ട് തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്. എല്ലാ വിധിയിലും എല്ലാവര്‍ക്കും പൂര്‍ണ്ണ തൃപ്തി ഉണ്ടാകില്ല. ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: