ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് തോമസ് ഐസക്; വ്യക്തി ഹത്യ നടത്തുന്നുവെന്നും ആരോപണം; നിയമപരമായി നേരിടും; ഇതെല്ലാം ഇഡിയുടെ തെരഞ്ഞെടുപ്പുകാല തന്ത്രം;

പത്തനംതിട്ട: കിഫ്ബി മസാല ബോണ്ട് കേസില്‍ നോട്ടീസ് അയച്ചത് തെരഞ്ഞെടുപ്പ് കാലത്തെ ഇ ഡിയുടെ തന്ത്രമാണെന്നും ഇ ഡിക്കു മുന്നില്‍ ഹാജരാകില്ലെന്നും മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക്.
തെരഞ്ഞെടുപ്പ് ആയപ്പോള്‍ ഇ ഡി കലാപരിപാടിയുമായി ഇറങ്ങിയിരിക്കയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
മസാല ബോണ്ട് സംബന്ധിച്ച കേസ് വീണ്ടും കുത്തിപ്പൊക്കിയിരിക്കയാണ് ഇഡി. ആദ്യം നോട്ടീസ് വന്നത് 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ്. കഴിഞ്ഞ ലോക്സഭാ കാലത്ത് വീണ്ടും നോട്ടീസ് വന്നു. തെരഞ്ഞെടുപ്പ് കാലത്ത് നോട്ടീസ് അയക്കുന്നത് ഇഡിയുടെ പതിവാണ്. ഇപ്പോള്‍ ഈ തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും നോട്ടീസ് വന്നിരിക്കുന്നു.
ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള ഇഡിയുടെ തന്ത്രമാണിതെന്ന് തോമസ് ഐസക്ക് പറഞ്ഞു.
ആദ്യം ഇവരുടെ വാദം മസാല ബോണ്ട് ഇറക്കാന്‍ കിഫ്ബിക്ക് അവകാശമില്ല എന്നായിരുന്നു. എന്നാല്‍ മസാല ബോണ്ടിന് അനുമതി നല്‍കാന്‍ റിസര്‍വ് ബാങ്കിനാണ് അവകാശമെന്നതും അതിന് കിഫ്ബിക്ക് അനമുതി നല്‍കിയെന്നും വ്യക്തമാക്കുന്ന തെളിവ് ലഭിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി തന്നോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. കിഫ്ബി രേഖകള്‍ തന്റെ കയ്യില്‍ ഇല്ല എന്ന് മറുപടി നല്‍കി. ഹൈക്കോടതിയില്‍ താന്‍ ഹര്‍ജി നല്‍കി. പിന്നാലെ രേഖകളുടെ എണ്ണം കുറച്ച് വീണ്ടും ഹാജരാകാന്‍ പറഞ്ഞ് നോട്ടീസ് അയച്ചു. തന്നെ വിളിപ്പിക്കുന്നതിന്റെ കാരണം അന്വേഷിച്ചു. ലളിതമായ ചോദ്യത്തിന് ഇഡി മറുപടി നല്‍കിയില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു.
കിഫ്ബി കോടികളുടെ ഇടപാട് നടത്തുന്ന സ്ഥാപനമാണ്. ഇത്രയും പണത്തിന്റെ ഇടപാട് നടത്തുമ്പോള്‍ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടാകുമെന്ന് ഇഡി കരുതിക്കാണും. പ്രഥമദൃഷ്ട്യാ തള്ളിക്കളയാവുന്ന കാര്യം വച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപിക്ക് പാദസേവ ചെയ്യുകയാണ് ഇഡി. യുഡിഎഫ് ഇതിനെ അനുകൂലിക്കുന്നത് സങ്കടകരമാണ്.
കോണ്‍ഗ്രസുകാര്‍ ഒരു കാര്യം ആലോചിക്കണം, കിഫ്ബി നിയമം യുഡിഎഫും കൂടിച്ചേര്‍ന്നാണ് പാസാക്കിയത്. കിഫ്ബിക്ക് കീഴില്‍ ഒരു ലക്ഷം കോടിയുടെ നിക്ഷേപങ്ങള്‍ നടക്കുന്നു. പുച്ഛത്തോടെ കേരളജനത ആരോപണങ്ങളെ തള്ളിക്കളയും. ബിജെപി കേരളത്തെ പിന്നോട്ട് അടിപ്പിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
ഇതിനെതിരെയുള്ള വിധിയെഴുത്ത് ആയിരിക്കണം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടാകേണ്ടത്. കിഫ്ബി വഴിയുള്ള നിര്‍മ്മാണം അത്യന്താപേക്ഷിതമാണ്. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ മനസ്സില്ല ഭരണഘടന ചില അവകാശങ്ങള്‍ വ്യക്തികള്‍ക്ക് നല്‍കിയിട്ടുണ്ട്. വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് ഇ ഡി നടത്തുന്നത് നിയമപരമായി പോരാടും. നിയമ വിദഗ്ധരുമായി ആലോചിച്ച് ഇനിയുള്ള കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി മസാല ബോണ്ട് കേസില്‍ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ്. ഇഡി അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇഡിയുടെ നിര്‍ണായക നീക്കം. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് പ്രതിനിധി വഴിയോ അഭിഭാഷകന്‍ മുഖാന്തിരമോ വിശദീകരണം നല്‍കാവുന്നതാണ്.
2019ല്‍ 9.72ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ സനേതൃത്വത്തില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. അതേസമയം ബോണ്ട് ഇറക്കി സമാഹരിച്ച 2150 കോടി രൂപയും കിഫ്ബി തിരിച്ചടച്ചിരുന്നു. മസാല ബോണ്ട് ഇറക്കിയ ആദ്യ സംസ്ഥാന ഏജന്‍സിയായിരുന്നു കിഫ്ബി.






