Breaking NewsKeralaLead NewsNEWSNewsthen SpecialpoliticsSocial MediaTRENDING

ഇഡി നോട്ടീസോ? ഹഹഹ! സോഷ്യല്‍ മീഡിയയില്‍ എന്‍ഫോഴ്‌സ്‌മെന്റിനെ തൂക്കി ഇടതു ഹാന്‍ഡിലുകള്‍; ആര്‍ബിഐ ഇറക്കിയ ചട്ടമെങ്കിലും ഉദ്യോഗസ്ഥര്‍ വായിക്കണമെന്നും ഉപദേശം! വികസനവും നടത്തി മസാല ബോണ്ടിലെ നിക്ഷേപകരുടെ പണവും തിരിച്ചടച്ചു കണക്കും നല്‍കി; ഐസക്കിന് എതിരായ കേസ് തേഞ്ഞപ്പോള്‍ പുതിയ അടവ്

ആര്‍ബിഐ ചട്ടപ്രകാരമുള്ള വ്യവസ്ഥയുടെ പ്രാബല്യം 2019 ജനുവരി 16 ന് അവസാനിച്ചു. അന്നു പുതുക്കിയ ചട്ടം പുറപ്പെടുവിച്ചു. ഈ പുതുക്കിയ ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗനിര്‍ദേശം പുതുക്കിയിറക്കി. അതില്‍ ഭൂമി വാങ്ങല്‍തന്നെ 'നെഗറ്റീവ്' പട്ടികയില്‍ ഇല്ല. റിയല്‍ എസ്റ്റേറ്റ് എന്നതാണ് പ്രയോഗിച്ചിട്ടുള്ളത്. മാത്രമല്ല ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രത്യേകമായി ഒഴിവാക്കി. അടിസ്ഥാന വികസന പദ്ധതികള്‍ എന്നതുതന്നെ കേന്ദ്ര ധനമന്ത്രാലയം ഇറക്കിയ ഹാര്‍മണൈസ്ഡ് പട്ടികയില്‍ ഉള്‍പ്പെടുന്ന റോഡും പാലവും തുറമുഖങ്ങളും എല്ലാം ഉള്‍പ്പെടും.

തിരുവനന്തപുരം: മസാല ബോണ്ടിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി ചിരി. മുഖ്യമന്ത്രിയും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കും പൊട്ടിച്ചിരിക്കുന്ന ചിത്രവും അതിനടിയില്‍ ‘ഹഹഹ’ എന്ന ക്യാപ്ഷനുമായാണ് വ്യാപക പ്രചാരണം.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പതിവു കലാപരിപാടിയുമായി ഇഡി ഇറങ്ങിയിട്ടുണ്ടെന്ന കുറിപ്പുമായി ഈ ചിത്രം തോമസ് ഐസക് തന്നെയാണ് ആദ്യം പങ്കുവച്ചത്. കിഫ്ബിയും മസാല ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകള്‍ക്കും പിന്നീട് ഈ ചിത്രമാണ് ഇടതു ഹാന്‍ഡിലുകള്‍ ഉപയോഗിച്ചത്.

Signature-ad

 

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലാണ് മസാല ബോണ്ട് ലക്ഷ്യമിട്ട് ഇഡി ആദ്യം വന്നത്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പഞ്ചായത്തുകളും എല്‍ഡിഎഫ് ജയിച്ചതോടെ കേസിനെക്കുറിച്ചുള്ള ചര്‍ച്ചയും അവസാനിച്ചു. പിന്നീടു നിയമസഭാ തെരഞ്ഞെടുപ്പുകാലത്താണ് ഇഡിയുടെ കേസ് ഉച്ചസ്ഥായിയിലെത്തിയത്. അതിലും എല്‍ഡിഎഫ് സീറ്റ് വര്‍ധിപ്പിച്ചതോടെ ഏറെക്കാലത്തേക്ക് ഇഡിയുടെ അനക്കമുണ്ടായില്ല. അതിനുശേഷം പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് വീണ്ടും കേസ് സജീവമായി. അതിനുശേഷം ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് വീണ്ടും രംഗത്തുവന്നത്.

 

നോട്ടീസ് കിട്ടിയ വിവരം മുഖ്യമന്ത്രിയോ ഡോ. തോമസ് ഐസക്കോ ആരെയും അറിയിച്ചില്ല. മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാന്‍ ഇഡി ഉദ്യോഗസ്ഥര്‍തന്നെ ചോര്‍ത്തിക്കൊടുത്തെന്നാണ് തോമസ് ഐസക് ആരോപിച്ചത്. നേരത്തേ തോമസ് ഐസക് കേസുമായി ഹാജരായപ്പോള്‍ ‘എന്തിനാണ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്’ എന്നായിരുന്നു കോടതി ചോദിച്ചത്. ഇതിന് ഇതുവരെ ഇഡി ഉത്തരം നല്‍കിയിട്ടില്ല. ഈ കേസും ഇഡി അവസാനിപ്പിച്ച മട്ടാണ്.

 

ഇതിനു പിന്നാലെയാണ് ഫെമ നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ന്യൂഡല്‍ഹിയിലെ സ്‌പെഷല്‍ ഡയറക്ടര്‍ ഓഫ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ കേസ് ഫയല്‍ ചെയ്തത്. അതിനുള്ള കാരണം കാണിക്കല്‍ നോട്ടീസാണ് അയച്ചത്. നേരിട്ടു ഹാജരാകേണ്ട. പകരം അഭിഭാഷകനോ ചാര്‍ട്ടേഡ് അക്കൗണ്ടന്റോ മറുപടി നല്‍കിയാല്‍ മതി. കിഫ്ബി സിഇഒ കെ.എം. ഏബ്രഹാമിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

അവസാനം മസാലബോണ്ട് പണം വികസന പദ്ധതികള്‍ക്കായി ഭൂമി വാങ്ങാനായി ചെലവഴിച്ചു എന്നാണു കണ്ടെത്തല്‍. ഫെമ ചട്ടപ്രകാരം മസാലബോണ്ട് വഴി സമാഹരിക്കുന്ന പണം ഭൂമി വാങ്ങലിന് വിനിയോഗിക്കാന്‍ പാടില്ല. എന്നാല്‍ മസാലബോണ്ടില്‍ നിന്നുള്ള പണത്തില്‍ 466 കോടി രൂപ ഭൂമി വാങ്ങുന്നതിനു ചെലവഴിച്ചു. ഇത് ഫെമ നിയമത്തിന്റെ ലംഘനമാണ്. ഇതിനുള്ള ഷോക്കോസ് നോട്ടീസാണ് അഡ്ജൂഡിക്കേഷന്‍ ഡയറക്ടറില്‍ നിന്ന് അയച്ചിരിക്കുന്നത്. അഡ്ജൂഡിക്കേഷന്‍ നടപടികള്‍ ആരംഭിക്കാതിരിക്കാന്‍ കാരണം വല്ലതും ബോധിപ്പിക്കാനുണ്ടെങ്കില്‍ 30 ദിവസത്തിനകം വക്കീലോ, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വഴിയോ യഥാവിധി ബോധിപ്പിക്കണം എന്നും നോട്ടീസില്‍ പറയുന്നു.

മസാലബോണ്ട് വഴി 2150 കോടി രൂപ 2019 മാര്‍ച്ചിലാണ് വാങ്ങിയത്. ഇത് പൂര്‍ണമായും ചെലവഴിക്കുക മാത്രമല്ല, ബോണ്ടിന്റെ പണം നിക്ഷേപകര്‍ക്കു തിരികെ നല്‍കുകയും ചെയ്തു. പശുവും ചത്ത് മോരിലെ പുളിയും തീര്‍ന്നു. അപ്പോഴാണ് ഇഡിയ്ക്ക് ഒരു ഉള്‍വിളി ഉണ്ടാകുന്നത്- ഫെമ നിയമലംഘനത്തിനു കേസെടുക്കണം.

എന്തിനൊക്കെയാണ് മസാലബോണ്ട് പണം ചെലവാക്കിയത്?

ഠ പൊതുമരാമത്ത് പ്രവര്‍ത്തികള്‍: 151 പദ്ധതികള്‍, 761.26 കോടി രൂപ
ഠ പൊതു വിദ്യാഭ്യാസം: 65 പദ്ധതികള്‍, 506.92 കോടി രൂപ
ഠ ജല വിതരണം: 35 പദ്ധതികള്‍, 204.46 കോടി രൂപ
ഠ കായികം, യുവജന ക്ഷേമം: 19 പദ്ധതികള്‍, 50.23 കോടി രൂപ
ഠ ഉന്നത വിദ്യാഭ്യാസം: 14 പദ്ധതികള്‍, 24.13 കോടി രൂപ
ഠ ആരോഗ്യം: 12 പദ്ധതികള്‍, 22.51 കോടി രൂപ
ഠ ഊര്‍ജ്ജ പദ്ധതികള്‍: 10 പദ്ധതികള്‍, 319.39 കോടി രൂപ
ഠ സാംസ്‌കാരിക കേന്ദ്രങ്ങള്‍: 5 പദ്ധതികള്‍, 8.74 കോടി രൂപ
ഠ രജിസ്‌ട്രേഷന്‍ ഓഫീസുകള്‍: 5 പദ്ധതികള്‍, 13.71 കോടി രൂപ
ഠ ടൂറിസം പദ്ധതികള്‍: 4 പദ്ധതികള്‍, 2.68 കോടി രൂപ
ഠ മല്‍സ്യ ബന്ധനം, തുറമുഖം: 4 പദ്ധതികള്‍, 3.43 കോടി രൂപ
ഠ പട്ടികവിഭാഗം: 4 പദ്ധതികള്‍, 23.69 കോടി രൂപ
ഠ വനം: 4 പദ്ധതികള്‍, 47. 98 കോടി രൂപ
ഠ ഗതാഗതം: 2 പദ്ധതികള്‍, 20.11 കോടി രൂപ
ഠ ഐടി: 2 പദ്ധതികള്‍, 35.09 കോടി രൂപ
ഠ തൊഴില്‍ വകുപ്പ്: 1 പദ്ധതി, 0.32 കോടി രൂപ
ഠ കൃഷി വകുപ്പ്: 1 പദ്ധതി, 4.85 കോടി രൂപ
ഠ വ്യവസായം: 1 പദ്ധതി, 4.5 കോടി രൂപ.

18 വ്യത്യസ്ത മേഖലകളില്‍ 339 പദ്ധതികള്‍ക്കായിട്ടാണ് പണം ചെലവഴിച്ചത്. ഇതില്‍ 466 കോടി രൂപ വിവിധ പദ്ധതികളിലായി ഭൂമി ഏറ്റെടുക്കലിനു വേണ്ടി ചെലവഴിച്ചു. ഇതിനെയാണ് ഭൂമി വാങ്ങുന്നതിന് വേണ്ടി ചെലവഴിച്ചെന്നാണ് ഇഡി വ്യാഖ്യാനിക്കുന്നത്.

ഭൂമി ഏറ്റെടുക്കലും ഭൂമി വാങ്ങലും തമ്മില്‍ എന്താണ് വ്യത്യാസം?

 

രണ്ടും വ്യത്യസ്ത നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ഭൂമി വാങ്ങല്‍ എന്നത് ട്രാന്‍സ്ഫര്‍ പ്രോപ്പര്‍ട്ടി ആക്ട് പ്രകാരമോ അനുബന്ധ നിയമങ്ങളുടെയോ അടിസ്ഥാനത്തിലാണ്. അതേസമയം, ഭൂമിയേറ്റെടുക്കല്‍ എന്നത് ‘ദി റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആന്‍ഡ് ട്രാന്‍സ്പരന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് ആക്ട്’ പ്രകാരമാണ്. നിങ്ങള്‍ വാങ്ങുന്ന ഭൂമി മറിച്ചു വില്‍ക്കാം, ഊഹക്കച്ചവടത്തിന് ഉപയോഗിക്കാം. എന്നാല്‍ അക്വയര്‍ ചെയ്യുന്ന ഭൂമി എന്ത് ആവശ്യത്തിനാണോ ഏറ്റെടുക്കുന്നത് അതിനേ ഉപയോഗിക്കാനാകൂ. ഊഹക്കച്ചവടത്തിന് ഉപയോഗിക്കാനാവില്ല.

ഫെമ നിയമത്തില്‍ ഭൂമി വാങ്ങുന്നതിന് വിദേശപണം ഉപയോഗിക്കുന്നത് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഊഹക്കച്ചവടം തടയാനാണ്. ഇഡി മേല്‍പ്പറഞ്ഞ വികസന പദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുത്തത് ഊഹക്കച്ചവടത്തിനാണെന്നാണ് വാദിക്കുന്നത്. കിഫ്ബി മസാലബോണ്ട് പണം വിനിയോഗിച്ചിട്ടുള്ളത് ചട്ട പ്രകാരം എല്ലാ മാനദണ്ഡവും പാലിച്ചാണ്. കണക്ക് എല്ലാ മാസവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കു സമര്‍പ്പിച്ചു. ആര്‍ബിഐ എതിര്‍പ്പ് അറിയിച്ചിട്ടില്ല. മാസംതോറും ചെലവഴിക്കല്‍ സംബന്ധിച്ച കണക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് കോടതിയില്‍ സത്യവാങ്മൂലവും ആര്‍ബിഐ നല്‍കിയിട്ടുണ്ട്.

ഇഡി ഷോക്കോസ് നോട്ടീസില്‍ ഉപയോഗിച്ചിരിക്കുന്നത് ആര്‍ബിഐ മസാലബോണ്ടിനെ സംബന്ധിച്ച് 2016 ജനുവരി ഒന്നിന് പുറപ്പെടുവിച്ച ആര്‍ബിഐ ചട്ടം ആണ്. അതുപ്രകാരം ഭൂമി വാങ്ങല്‍ പാടില്ല. ഇത് പ്രകാരം പോലും കിഫ്ബി ഒരു ചട്ടലംഘനവും നടത്തിയിട്ടില്ല. ഭൂമി ഏറ്റെടുക്കലും ഭൂമി വാങ്ങലും രണ്ടാണ്.

മുകളില്‍ പറഞ്ഞ ആര്‍ബിഐ ചട്ടപ്രകാരമുള്ള വ്യവസ്ഥയുടെ പ്രാബല്യം 2019 ജനുവരി 16 ന് അവസാനിച്ചു. അന്നു പുതുക്കിയ ചട്ടം പുറപ്പെടുവിച്ചു. ഈ പുതുക്കിയ ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ മാര്‍ഗനിര്‍ദേശം പുതുക്കിയിറക്കി. അതില്‍ ഭൂമി വാങ്ങല്‍തന്നെ ‘നെഗറ്റീവ്’ പട്ടികയില്‍ ഇല്ല. റിയല്‍ എസ്റ്റേറ്റ് എന്നതാണ് പ്രയോഗിച്ചിട്ടുള്ളത്. മാത്രമല്ല ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രത്യേകമായി ഒഴിവാക്കി. അടിസ്ഥാന വികസന പദ്ധതികള്‍ എന്നതുതന്നെ കേന്ദ്ര ധനമന്ത്രാലയം ഇറക്കിയ ഹാര്‍മണൈസ്ഡ് പട്ടികയില്‍ ഉള്‍പ്പെടുന്ന റോഡും പാലവും തുറമുഖങ്ങളും എല്ലാം ഉള്‍പ്പെടും. അതില്‍പ്പെടാത്ത ഒന്നിനും മസാലബോണ്ട് പണം ഉപയോഗിച്ചിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: