Breaking NewsKeralaLead NewsNEWSNewsthen Specialpolitics

രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റതു മുതല്‍ പാര്‍ട്ടിയില്‍ ആകെ പ്രശ്‌നം; മാരാര്‍ജി ഭവനില്‍ ശത്രുസംഹാര പൂജയുമായി ബിജെപി; വിവാദങ്ങളും ദുര്‍മരണങ്ങളും ഒഴിവാക്കാന്‍ മാര്‍ഗം നിര്‍ദേശിച്ചത് എസ്. സുരേഷ്; കെ. സുരേന്ദ്രനും വി. മുരളീധരനും പങ്കെടുത്തില്ലെന്നും റിപ്പോര്‍ട്ട്

തിരുവനന്തപുരം: പ്രേതബാധയകറ്റാനും ശത്രുദോഷം തീര്‍ക്കാനും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ പൂജയും ഹോമവും നടത്തിയെന്നു റിപ്പോര്‍ട്ട്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലായിരുന്നു ഹോമമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷിന്റെ ആശയമായിരുന്നു ഇതെന്നുമാണ് റിപ്പോര്‍ട്ട്.

രാജീവ് സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റെടുത്തശേഷം തുടര്‍ച്ചയായ വിവാദങ്ങള്‍ നേരിടേണ്ടിവന്നു. ഇതില്‍നിന്നു രക്ഷതേടുന്നതിനാണ് പൂജയും ഹോമവുമെന്നാണു ദേശാഭിമാനി റിപ്പോര്‍ട്ടില്‍ പറയുന്നത്.

Signature-ad

രണ്ടുമാസത്തിനിടെ ജില്ലാ ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ തിരുമല അനില്‍, ആര്‍എസ്എസ് നേതാവ് ആനന്ദ് കെ. തമ്പി, ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിന് ഇരയായ കോട്ടയം സ്വദേശി അനന്തു അജി എന്നിവരാര്‍ ആത്മഹത്യ ചെയ്തു. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായ മഹിളാമോര്‍ച്ച നേതാവ് നെടുമങ്ങാട് സ്വദേശി ശാലിനിയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

രാജീവ് ചന്ദ്രശേഖറിന്റെ പേരില്‍ കര്‍ണാടകത്തിലെ 500 കോടി രൂപയുടെ ഭൂമി കൂഭകോണം ആരോപണങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിന്റെ പേരില്‍ 43 ലക്ഷം രൂപയുടെ വായ്പ തട്ടിപ്പും എം എസ് കുമാറിന്റെ വെളിപ്പെടുത്തലും പുറത്തുവന്നു. വിവാദങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. തുടര്‍ച്ചയായ വിവാദങ്ങളും ദുര്‍മരണങ്ങളും ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പിനുമുന്പ് ശത്രുപൂജ നടത്തണമെന്ന സുരേഷിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഹോമം. പൂജാരിയെ എത്തിച്ചതും സുരേഷാണ്.

കെ. സുരേന്ദ്രനും വി. മുരളീധരനും പങ്കെടുത്തില്ല. സംസ്ഥാന ഓഫീസിന്റെ പ്രവര്‍ത്തനം മാരാര്‍ജി ഭവനില്‍ ആരംഭിച്ചെങ്കിലും ഉദ്ഘാടനം ചെയ്തിട്ടില്ല. തറവാടിന് ശത്രുദോഷമുള്ളതിനാലാണ് ഇവിടെ ചേരുന്ന പല യോഗങ്ങളില്‍നിന്നും മുരളീധരനും സുരേന്ദ്രനും മാറിനില്‍ക്കുന്നതെന്നാണ് ചില പ്രവര്‍ത്തകര്‍ പറയുന്നത്. ആദ്യമായാണ് കേരളത്തില്‍ ഒരു പാര്‍ടിയുടെ സംസ്ഥാന കാര്യാലയത്തില്‍ ഹോമം നടത്തുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ വിജയിക്കാനും ശത്രുദോഷത്തിനും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഹോമം നടത്തിയെന്ന വിവരം രാജീവ് ചന്ദ്രശേഖര്‍ നിഷേധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: