Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

ശബരിമല സ്വര്‍ണ മോഷണം: എസ്‌ഐടി പിടിച്ചെടുത്ത രേഖകള്‍ തന്ത്രിക്കും കുരുക്കാകും; ‘ചെമ്പുപാളികള്‍’ എന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പ്; നിരവധി മൊഴികളും തന്ത്രിക്കെതിര്; ഒഴിവുകഴിവ് പറഞ്ഞ് ഊരാനാകില്ല; വിവരം ഇടക്കാല ഉത്തരവിലും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്ത രേഖകള്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കും കുരുക്കാകും. തന്ത്രിക്കെതിരേയും ശക്തമായ തെളിവുകള്‍. ശ്രീകോവില്‍ വാതിലിന്റെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുന്നതിന് 2019 മേയ് 18ന് തയാറാക്കിയ മഹസറില്‍ ഒപ്പുവച്ചവരില്‍ കണ്ഠരര് രാജീവരും ഉള്‍പ്പെടും. ഈ വിവരം ഹൈക്കോടതി പിടിച്ചെടുത്ത രേഖകളിലും ഇടക്കാല ഉത്തരവിലുമുണ്ട്. ‘ചെമ്പുപാളികള്‍’ എന്ന് തെറ്റായി രേഖപ്പെടുത്തിയ കട്ടിളയില്‍ നിന്ന് 474.9 ഗ്രാം സ്വര്‍ണം നഷ്ടമായതായും കണ്ടെത്തിയിട്ടുണ്ട്.

അറ്റകുറ്റപ്പണികള്‍ക്ക് ദേവന്റെ അനുജ്ഞ കൈമാറുക മാത്രമാണ് ഉണ്ടായതെന്നാണ് തന്ത്രി നല്‍കുന്ന വിശദീകരണം. എന്നാല്‍, മഹസറിലെ ഒപ്പ് തിരിച്ചടിയാകും. കട്ടിളപ്പാളികളുടെ മഹസറില്‍ തന്ത്രിയും അന്നത്തെ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി, ഉദ്യോഗസ്ഥരായ ബി. മുരാരിബാബു, ഡി. ജയകുമാര്‍, ആര്‍. ശങ്കരനാരായണന്‍, കെ. സുലിന്‍കുമാര്‍, സി.ആര്‍. ബിജുമോന്‍, ജീവനക്കാരായ എസ്. ജയകുമാര്‍, പി.ജെ. രജീഷ്, വി.എം. കുമാര്‍ എന്നിവരും ഒപ്പുവച്ചിട്ടുണ്ട്. മുരാരിബാബു അറസ്റ്റിലായി. തന്ത്രി രാജീവരെ എസ്.ഐ.ടി കഴിഞ്ഞദിവസം ചോദ്യംചെയ്തിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് സമ്മതിച്ചിരുന്നു. കസ്റ്റഡിയിലുള്ള ദേവസ്വം മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയും തന്ത്രിക്കെതിരാണ്.

Signature-ad

ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണിക്ക് മുമ്പാണ് പോറ്റി കട്ടിളപ്പാളികള്‍ കൊണ്ടുപോയത്. അതിനുമുമ്പ് ശ്രീകോവില്‍ വാതില്‍ പുതുക്കിപ്പണിത് വിശ്വാസ്യത പിടിച്ചുപറ്റിയിരുന്നു. കട്ടിളപ്പാളികള്‍ കൊടുത്തുവിടാനുള്ള നീക്കം 2019 ഫെബ്രുവരി 16നാണ് തുടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ ദേവസ്വം കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ ‘സ്വര്‍ണപ്പാളികള്‍’ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ദേവസ്വം കമ്മിഷണര്‍ ബോര്‍ഡിന് നല്‍കിയ ശുപാര്‍ശയില്‍ അത് ‘ചെമ്പ്’ ആകുകയും മാര്‍ച്ച് 20ന് അതേപടി തീരുമാനമെടുക്കുകയുമായിരുന്നു. തുടര്‍ന്ന് മേയിലാണ് ചെന്നൈയ്ക്ക് കൊടുത്തയച്ചത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ട ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെ ഇന്നലെ വൈകിട്ട് കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നിലെ റോഡില്‍ പ്രതിഷേധവുമായി തടിച്ചുകൂടി.

ഉണ്ണികൃഷ്ണന്‍ പോറ്റി, ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി.മുരാരിബാബു എന്നിവരുടെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ചത്തേക്ക് ദീര്‍ഘിപ്പിച്ചു. റിമാന്‍ഡ് കാലാവധി അവസാനിച്ച പശ്ചാത്തലത്തില്‍ ഇരുവരെയും ഇന്നലെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: