ഇമ്രാന്‍ഖാന്‍ മരിച്ചിട്ടില്ല; അഭ്യൂഹങ്ങള്‍ക്കു വിരാമം; സഹോദരിക്ക് സന്ദര്‍ശന അനുമതി; പ്രതിഷേധം അവസാനിപ്പിക്കാന്‍ നിര്‍ദേശം; പോലീസ് ക്രൂരമായി മര്‍ദിച്ചെന്നും സഹോദരിമാര്‍

ഇസ്ലാമാബാദ്: മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മരിച്ചെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. ജയിലിൽ കഴിയുന്ന ഇമ്രാനെ കാണാന്‍ സഹോദരിക്ക് അനുമതി. ഇതേതുടര്‍ന്ന് അഡിയാല ജയിലിനടുത്തുള്ള ഗൊരഖ്പൂർ ചെക്ക്‌പോസ്റ്റിൽ ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) അനുയായികളും നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. ഇന്ന് വൈകിട്ടും അടുത്ത ചൊവ്വാഴ്ചയും ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തിന് അനുമതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് മറ്റ് പിടിഐ അനുയായികളോടും ജയിലിന് പുറത്ത് നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഇമ്രാനെ കാണണമെന്ന് ആവശ്യപ്പെട്ട സഹോദരിമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതിന് പിന്നാലെയാണ് അദ്ദേഹം ജയിലില്‍ കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങൾ ഉയർന്നത്. ഈ ആഴ്ച റാവൽപിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പ്രവർത്തകർക്കൊപ്പമാണ് ഇമ്രാനെ കാണാൻ സഹോദരിമാരായ നൊരീൻ ഖാൻ, അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർ എത്തിയത്. എന്നാൽ ജയിലിൽ സന്ദർശനം അനുവദിക്കാതെ പ്രവർത്തകരെയും സഹോദരിമാരെയും പൊലീസ് അക്രമിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പ്രോകപനമില്ലാതെ പൊലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്നാണ് നൊരീൻ ഖാൻ പറഞ്ഞത്.
മൂന്ന് ആഴ്ചയോളമായി തങ്ങളുടെ സഹോദരനെ കാണാൻ ജയിൽ അധികൃതർ അനുവദിക്കുന്നില്ലെന്നാണ് ഇമ്രാന്റെ സഹോദരിമാർ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് അഡിയാല ജയിലിന് പുറത്ത് അലീമ ഖാൻ പ്രതിഷേധം ആരംഭിച്ചത്. കുത്തിയിരുന്ന് പ്രതിഷേധിച്ച അലീമ തടവിലാക്കപ്പെട്ട സഹോദരനെ കാണാൻ അനുവദിക്കുന്നതുവരെ താൻ പോകില്ലെന്നും അവർ പറഞ്ഞു. ഇമ്രാൻ ഖാനെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും, ഇത് അടിച്ചമർത്തലും നിയമവിരുദ്ധവുമാണെന്നും അവർ ആരോപിച്ചു. സമരം അഡിയാല ജയിൽ റോഡിൽ വലിയ ഗതാഗത തടസ്സമുണ്ടാക്കി. ആംബുലൻസുകളും സ്കൂൾ വാനുകളും ഗതാഗതക്കുരുക്കിൽ കുടുങ്ങി.
പിന്നാലെ ഇമ്രാൻ ഖാന്റെ മരണത്തിന് പിന്നിൽ അസിം മുനീറാണെന്ന് ബലൂചിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്സ് അക്കൗണ്ടില്‍ പോസ്റ്റും പ്രത്യക്ഷപ്പെട്ടു. പാക്ക് സൈനിക മേധാവി അസിം മുനീറും ഐഎസ്ഐയും ചേർന്ന് ഇമ്രാൻ ഖാനെ ജയിലിൽ വച്ച് കൊലപ്പെടുത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ വിവരം ശരിയാണെങ്കിൽ പാക്ക് ഭരണകൂടത്തിന്റെ അവസാനമാകും എന്നാണ് ബലൂചിസ്ഥാൻ പറഞ്ഞിരുന്നത്. ഇവയും ഇമ്രാന്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. 2023 മുതൽ ഇമ്രാൻ ഖാൻ അഡിയാല ജയിലിൽ തടവിലാണ്.






