ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റു മരിച്ച സംഭവം: ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം; ‘മകള്‍ നല്ലനിലയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചു; ഷാരോണിന് സംശയരോഗം; കൊന്നാലും ആരും ചോദിക്കാന്‍ വരേണ്ടന്ന് പറഞ്ഞു’

പുതുക്കാട്: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. അര്‍ച്ചന ഭര്‍തൃവീട്ടില്‍ കടുത്ത മാനസിക, ശാരീരിക പീഡനങ്ങള്‍ അനുഭവിച്ചിരുന്നെന്നും കൊലപ്പെടുത്തിയതാണെന്നും കുടുംബം ആരോപിക്കുന്നു.
മാട്ടുമല മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന (20)യെയാണ് കഴിഞ്ഞ ദിവസം തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. മനയ്ക്കലക്കടവ് വെളിയത്തുപറമ്പില്‍ ഹരിദാസിന്റെയും ജിഷയുടെയും മകളാണ് അര്‍ച്ചന. ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുത്ത വരന്തരപ്പിള്ളി പോലീസ് ഷാരോണിനെ കസ്റ്റഡിയിലെടുത്തു.
ഏഴു മാസം മുന്‍പായിരുന്നു ഷാരോണിന്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹം. അന്നുമുതല്‍ വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിക്കാറില്ലായിരുന്നെന്ന് അച്ഛന്‍ ഹരിദാസ് പറഞ്ഞു. വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മകള്‍ നല്ലനിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നു. ഷാരോണ്‍ സംശയത്തോടെയാണ് മകളെ കണ്ടിരുന്നതെന്നും ഫോണ്‍ വിളിക്കാനും ഉപയോഗിക്കാനും അനുവദിച്ചിരുന്നില്ലെന്നും കുടുംബം പറഞ്ഞു.
മകളെ ഒരിക്കല്‍ അളഗപ്പനഗര്‍ പോളിടെക്‌നിക്കിനു മുമ്പില്‍വച്ച് അടിച്ചു. ഇതു ചോദ്യം ചെയ്തപ്പോള്‍ അര്‍ച്ചനയെ കൊല്ലുമെന്നും ആരും ചോദിക്കാന്‍ വരണ്ടെന്നുമായിരുന്നു ഷാരോണിന്റെ പ്രതികരണമെന്നും അര്‍ച്ചനയുടെ സഹോദരി അനു പറഞ്ഞു. അര്‍ച്ചനയുടെ മരണത്തില്‍ ശരിയായ അന്വേഷണം നടക്കണമെന്നും ഷാരോണിന്റെയും കുടുംബത്തിന്റെ പങ്ക് പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ബുധനാഴ്ച വൈകിട്ട് മരിച്ച അര്‍ച്ചനയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ രാത്രിയോടെ പൂര്‍ത്തിയാക്കി മൃതദേഹം തൃശൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ഏറ്റുവാങ്ങുമെന്ന് അര്‍ച്ചനയുടെ കുടുംബം അറിയിച്ചു. ചാലക്കുടി ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം.






