ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കു മുമ്പ് ക്യാപ്റ്റനായി സഞ്ജു; കേരള ടീമിനെ നയിക്കും; സാലി സാംസണും ടീമില്‍; ഇന്ത്യന്‍ ടീമില്‍ ഇടമുണ്ടാകുമോ എന്നതില്‍ ആശയക്കുഴപ്പം; രണ്ടു മത്സരങ്ങളില്‍ പുറത്തിരുന്നത് തിരിച്ചടി

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും. സഞ്ജു നായകനായിട്ടുള്ള പതിനെട്ടംഗ ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെഎസിഎ) പ്രഖ്യാപിച്ചു. സഞ്ജു തന്നെയാണ് ടീമിലെ പ്രധാന വിക്കറ്റ് കീപ്പറും. മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവരാണ് മറ്റു കീപ്പര്‍മാര്‍. യുവതാരം അഹമ്മദ് ഇമ്രാനാണ് വൈസ് ക്യാപ്റ്റന്‍. സഞ്ജുവിന്റെ സഹോദരനും കെഎസിഎലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റനുമായ സാലി വി.സാംസണും ടീമിലുണ്ട്. വിഘ്‌നേഷ് പുത്തൂര്‍, രോഹന്‍ എസ്.കുന്നുമ്മല്‍, കെ.എം.ആസിഫ്, നിധീഷ് എം.ഡി. തുടങ്ങിയവരും ടീമിലിടം പിടിച്ചു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കെയാണ് സഞ്ജുവിനെ കേരള ടീമില്‍ ഉള്‍പ്പെടുത്തിയത്. ഡിസംബര്‍ 9 മുതലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പര. ഇന്ത്യന്‍ ട്വന്റി20 ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായ സഞ്ജു, കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ പുറത്തായിരുന്നു. രാജ്യാന്തര താരങ്ങള്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന് ബിസിസിഐ കടുംപിടിത്തം പിടിക്കുന്നതിനിടെയാണ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ സഞ്ജു കളിക്കുന്നത്. നേരത്തെ, രഞ്ജി ട്രോഫിയിലെ ഒരു മത്സരത്തിലും സഞ്ജു കളിച്ചിരുന്നു.
നവംബര്‍ 26 മുതല്‍ ഡിസംബര്‍ എട്ടു വരെ ലക്‌നൗവിലാണ് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റ്. വിദര്‍ഭ, റെയില്‍വേസ്, മുംബൈ തുടങ്ങിയ ടീമുകള്‍ അടങ്ങുന്ന എലീറ്റ് ഗ്രൂപ്പ് എയിലാണ് കേരളം. 26ന് ഒഡീഷയ്ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 22നു കേരള ടീം ലക്‌നൗവിലേക്കു പുറപ്പെടുമെന്ന് കെസിഎ അറിയിച്ചു.
കേരള ടീം:
സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്‍ (വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍.എം (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), നിധീഷ് എം.ഡി, കെ.എം.ആസിഫ്, അഖില്‍ സ്‌കറിയ. ബിജു നാരായണന്‍. എന്‍, അങ്കിത് ശര്‍മ, കൃഷ്ണദേവന്‍ ആര്‍.ജെ, അബ്ദുല്‍ ബാസിത്ത് പി.എ, ഷറഫുദ്ദീന്‍ എന്‍.എം, സിബിന്‍ പി.ഗിരീഷ്, കൃഷ്ണ പ്രസാദ്, സാലി വി.സാംസണ്‍, വിഘ്‌നേഷ് പുത്തൂര്‍, സല്‍മാന്‍ നിസാര്‍*






