Breaking NewsIndiaLead NewsNEWSNewsthen SpecialSportsTRENDING

എറിഞ്ഞത് ഒരോവര്‍; വിട്ടുകൊടുത്തത് വെറും രണ്ടു റണ്‍സ്; വീഴ്ത്തിയത് രണ്ടു വിക്കറ്റ്; അബുദാബി ടി10 ക്രിക്കറ്റില്‍ ശ്രീശാന്തിന്റെ മിന്നും പ്രകടനം; കളിയിലെ താരം; പോയിന്റ് ടേബിളില്‍ നാലിലുമെത്തി

അബുദാബി: അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ മിന്നും പ്രകടനവുമായി മുന്‍ ഇന്ത്യന്‍ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്. ലീഗില്‍ വിസ്ത റൈഡേഴ്‌സ് ക്യാപ്റ്റനായ ശ്രീശാന്ത്, ആസ്പിന്‍ സ്റ്റാലിയന്‍സിനെതിരായ മത്സരത്തിലാണ് രണ്ടു വിക്കറ്റ് വീഴ്ത്തി തിളങ്ങിയത്. ആറു റണ്‍സിന് വിസ്ത റൈഡേഴ്‌സ് വിജയിച്ച മത്സരത്തില്‍ ശ്രീശാന്ത് തന്നെയാണ് പ്ലെയര്‍ ഓഫ് ദ് മാച്ചും.

മത്സരത്തില്‍ ടോസ് നേടിയ വിസ്ത റൈഡേഴ്‌സ്, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത പത്ത് ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സാണ് വിസ്ത കുറിച്ചത്. 29 റണ്‍സ് നേടി ദക്ഷിണാഫ്രിക്കന്‍ താരം ഡ്വെയ്ന്‍ പ്രിട്ടോറിയസ് ടോപ് സ്‌കോററായപ്പോള്‍, ഫാഫ് ഡുപ്ലെസിസ്, ഉന്‍മുക്ത് ചന്ദ് എന്നിവര്‍ 13 റണ്‍സ് വീതം നേടി. ആസ്പിന്‍ സ്റ്റാലിയന്‍സിനായി സോഹൈര്‍ ഇക്ബാല്‍ മൂന്നു വിക്കറ്റും ബിനുറ ഫെര്‍ണാണ്ടോ, ആഷ്മീദ് നെദ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

Signature-ad

മറുപടി ബാറ്റിങ്ങില്‍ 85 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്പിന്റെ ഇന്നിങ്‌സ്, 10 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സില്‍ അവസാനിച്ചു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍, റഹ്‌മാനുള്ള ഗുര്‍ബാസിനെ ഗോള്‍ഡന്‍ ഡക്കായി മടക്കിയ ശ്രീശാന്ത്, നാലാം പന്തില്‍ അവ്ഷിക ഫെര്‍ണാണ്ടോയെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയും ചെയ്തു. ഇതോടെ അക്കൗണ്ട് പോലും തുറക്കും മുന്‍പ് ആസ്പിന് രണ്ടു വിക്കറ്റ് നഷ്ടമായി. ഒരോവര്‍ മാത്രം എറിഞ്ഞ ശ്രീശാന്ത്, വെറും രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.

ബെന്‍ കട്ടിങ് (35), ല്യൂസ് ഡു പ്ലൂയി (14) എന്നിവര്‍ ആസ്പിന്‍ സ്റ്റാലിയന്‍സിനായി പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങാണ് ആസ്പിന്‍ സ്റ്റാലിയന്‍സിന്റെ ക്യാപ്റ്റന്‍. വിസ്ത റൈഡേഴ്‌സിനായി ആന്‍ഡ്രൂ ടൈ രണ്ടു വിക്കറ്റും അവായിസ് അഹമ്മദ്, ധനഞ്ജയ ലക്ഷന്‍, ഷറഫുദ്ദീന്‍ അഷ്റഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മൂന്നു മത്സരങ്ങളില്‍നിന്ന് രണ്ടു ജയമുള്ള വിസ്ത, പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്താണ്. ആസ്പിന്‍ സ്റ്റാലിയന്‍സ് ആറാം സ്ഥാനത്താണ്. ആകെ എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്ന അബുദാബി ടി10 ലീഗ് ഈ മാസം 18 മുതല്‍ 30 വരെയാണ്.

 

Back to top button
error: