Breaking NewsCrimeKeralaLead NewsNEWSNewsthen Special

രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നിലെ ക്വട്ടേഷന്‍ പ്രവാസി വ്യവസായിയുടേത്; അക്രമികള്‍ എത്തിയത് വിശ്വസ്തരുടെ കാറില്‍; സാമ്പത്തിക ഇടപാട് വഷളായി; ആദ്യം ഡ്രൈവറെ വെട്ടി, പിന്നാലെ സുനിലിനെയും; വിവരങ്ങള്‍ പുറത്ത്

തൃശൂര്‍: തൃശൂരിലെ രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നിലെ ക്വട്ടേഷന്‍ പ്രവാസി വ്യവസായിയുടേതെന്ന് സൂചന. കാരണം, പ്രവാസി വ്യവസായിയുടെ തൃശൂരിലെ വിശ്വസ്തരുടെ കാറിലാണ് ഗുണ്ടാസംഘം വന്നത്. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്വട്ടേഷനു കാരണം.

രാഗം തിയറ്ററിന്റെ നടത്തിപ്പുകാരന്‍ സുനിലിനെ വധിക്കാനായിരുന്നു ശ്രമം. കാറിലെ ഡ്രൈവറെ ആദ്യം വെട്ടി. പിന്നാലെ, സുനിലിനേയും. ഇരുവര്‍ക്കും ഗുരുതരമായ പരുക്കേറ്റു. വന്നത് ഗുണ്ടാസംഘമാണെന്ന് ഉറപ്പായിരുന്നു. കാരണം, സുനിലന് നേരിട്ട് പരിചയമില്ലാത്തവരായിരുന്നു അക്രമം. അപ്പോള്‍ പിന്നെ, ആര് നല്‍കിയ ക്വട്ടേഷന്‍ എന്നതായിരുന്നു ചോദ്യം.

Signature-ad

ഗുണ്ടകള്‍ വന്ന കാര്‍ പ്രവാസി വ്യവസായിയുടെ തൃശൂരിലെ വിശ്വസ്തരുടേതാണ്. ഒരു വര്‍ഷം മുമ്പ് സുനിലെ ആക്രമിച്ച കേസിലും ഈ വിശ്വസ്തരില്‍ ഒരാള്‍ പ്രതിയായിരുന്നു. കൂട്ടുപ്രതി, പ്രവാസി വ്യവസായിയും. സുനിലും ഈ വ്യവസായിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതേചൊല്ലി, തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പ്രത്യാഘാതമാകാം ക്വട്ടേഷനെന്ന് സംശയിക്കുന്നു.

അക്രമികളായി വന്ന ഗുണ്ടകളെ പിടികൂടാന്‍ പൊലീസിന്റെ ശ്രമം തുടരുന്നു. പ്രവാസികളായ രണ്ടു വ്യവസായികള്‍ തമ്മിലാണ് സുനിലിന്റെ സാമ്പത്തിക ഇടപാട്. ഈ രണ്ടു വ്യവസായികള്‍ക്കും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

രാഗം തിയറ്റര്‍ നടത്തിപ്പുകാരന്‍ സുനില്‍കുമാറിനെയും (55) ഡ്രൈവര്‍ വെളപ്പായ ചെല്ലാരി അജീഷിനെയും (25) വീടിനു മുന്നില്‍വച്ചാണു വെട്ടി പരുക്കേല്‍പ്പിച്ചത്. തിയറ്ററിന്റെ മുന്‍ ഉടമകളുമായി തര്‍ക്കവും കേസും നിലവിലുണ്ടായിരുന്നെങ്കിലും സമീപകാലത്ത് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് സ്ഥിരീകരിച്ചിട്ടില്ല.

വെളപ്പായ റോഡ് ജംക്ഷനു സമീപത്തുവച്ചാണ് വ്യാഴാഴ്ച രാത്രി 9.30നു സുനിലിനെയും ഡ്രൈവര്‍ അജീഷിനെയും മൂന്നംഗ മുഖംമൂടി സംഘം മാരകമായി ആക്രമിച്ചത്. വെട്ടേറ്റ് കയ്യിലെ അസ്ഥി പൊട്ടിയ അജീഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. സുനിലിന്റെ ഇടതുകാലില്‍ വെട്ടേറ്റ ഭാഗത്തു മുപ്പതോളം തുന്നലുണ്ട്. രാഗം തിയറ്ററിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ ക്വട്ടേഷന്‍ ആക്രമണ സാധ്യതയുണ്ടെന്നു സുഹൃത്തുക്കള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു എന്നു സുനില്‍ പ്രതികരിച്ചു. എറണാകുളത്തു നിന്നു വെളപ്പായയിലെ വീട്ടിലേക്കു മടങ്ങിയെത്തുന്ന സമയത്തായിരുന്നു ആക്രമണം.

വീടിന്റെ ഗേറ്റ് തുറന്നു കാര്‍ അകത്തേക്കു കയറ്റാന്‍ ഡ്രൈവര്‍ അജീഷ് ഡോര്‍ തുറന്നു പുറത്തേക്കിറങ്ങിയപ്പോള്‍ ഇരുളില്‍ നിന്നു 3 പേര്‍ വടിവാളുമായി ഓടിയെത്തി വെട്ടുകയായിരുന്നു. സുനില്‍ ഡോര്‍ തുറക്കാന്‍ വിസമ്മതിച്ചപ്പോള്‍ ഗുണ്ടാസംഘം ചുറ്റികയില്‍ തുണിചുറ്റി കാറിന്റെ വശത്തെ ചില്ലടിച്ചു തകര്‍ത്തു. വടിവാളും കത്തിയും ഉപയോഗിച്ച് അവര്‍ വണ്ടിക്കുള്ളിലിരുന്ന സുനിലിനെ വെട്ടുകയും കുത്തുകയും ചെയ്തു. തടയാന്‍ ശ്രമിച്ചപ്പോള്‍ കൈവിരലുകള്‍ ആഴത്തില്‍ മുറിഞ്ഞു. ഇടംകാലിന്റെ പേശിയില്‍ ആഴത്തില്‍ വെട്ടേറ്റു. തന്നെ വാഹനത്തിന്റെ ഉള്ളിലിട്ടു തീയിടാനായിരുന്നു അക്രമികളുടെ ശ്രമമെന്നു സംശയിക്കുന്നതായി സുനില്‍ പറഞ്ഞു. ബഹളം കേട്ടു സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ മുഖംമൂടി സംഘം കടന്നുകളഞ്ഞു. നാട്ടുകാരാണ് ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

 

 

Back to top button
error: