
ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാകപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായതിനു പിന്നാലെ, ടീം പരിശീലകന്‍ സുനില്‍ ജോഷിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം മനീന്ദര്‍ സിങ്. മികച്ച ഫോമിലുള്ള കൗമാരതാരം വൈഭവ് സൂര്യവംശിയെ സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിന് ഇറക്കാതിരുന്നതാണ് മുന്‍ ഇന്ത്യന്‍ താരത്തെ പ്രകോപിപ്പിച്ചത്. ഇന്ത്യ എ തോറ്റുകൊണ്ടിരിക്കുമ്പോഴും പരിശീലകന്‍ എന്താണു ചെയ്യുന്നതെന്നു മനസ്സിലാകുന്നില്ലെന്നായിരുന്നു കമന്ററി ബോക്‌സില്‍ ഇരുന്ന് മനീന്ദര്‍ സിങ്ങിന്റെ പ്രതികരണം.
”സൂപ്പര്‍ ഓവര്‍ ബാറ്റു ചെയ്യാന്‍ അവര്‍ എന്തുകൊണ്ടാണ് വൈഭവ് സൂര്യവംശിയെ അയക്കാത്തത്? ഇന്ത്യന്‍ ടീം പരിശീലകന്‍ സുനില്‍ ജോഷി എന്താണ് എഴുതിക്കൊണ്ടിരിക്കുന്നത്? ഈ കപ്പല്‍ മുങ്ങിക്കഴിഞ്ഞു.” മത്സരത്തിനിടെ സുനില്‍ ജോഷിയെ കാണിച്ചപ്പോള്‍ മനീന്ദര്‍ പറഞ്ഞു. സൂപ്പര്‍ ഓവറില്‍ ഇന്ത്യ എ ടീം പൂജ്യത്തിനു പുറത്തായപ്പോഴായിരുന്നു ടീം ഹെഡ് കോച്ചായിരുന്ന സുനില്‍ ജോഷി, നോട്ട്പാഡില്‍ കുറിപ്പ് എഴുതിയത്.
ബംഗ്ലദേശിനെതിരായ സെമി ഫൈനലില്‍ 15 പന്തില്‍ 38 റണ്‍സെടുത്ത വൈഭവിനെ ഇന്ത്യ സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിന് ഇറക്കിയിരുന്നില്ല. ക്യാപ്റ്റന്‍ ജിതേഷ് ശര്‍മയും രമണ്‍ദീപ് സിങ്ങുമായിരുന്നു ആറു പന്തുകള്‍ നേരിടുന്നതിനായി ഇറങ്ങിയത്. ബംഗ്ലദേശ് പേസര്‍ റിപോണ്‍ മൊണ്ടലിനെതിരെ റിവേഴ്‌സ് സ്വീപ് കളിക്കാന്‍ ശ്രമിച്ച ജിതേഷ് ശര്‍മ ആദ്യ പന്തില്‍ തന്നെ പുറത്തായി.
പിന്നാലെയെത്തിയ അശുതോഷ് ശര്‍മയും പുറത്തായതോടെ സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്കു റണ്ണൊന്നും ലഭിച്ചില്ല. മറുപടി ബാറ്റിങ്ങില്‍ സുയാഷ് ശര്‍മയുടെ ആദ്യ പന്തില്‍ ബംഗ്ലദേശ് ബാറ്റര്‍ യാസിര്‍ അലി പുറത്തായെങ്കിലും രണ്ടാം പന്ത് സുയാഷ് വൈഡെറിഞ്ഞു. ഇതോടെ ബംഗ്ലദേശ് അനായാസം ഫൈനലിലെത്തുകയായിരുന്നു.
അവസാന പന്തുവരെ ആവേശം അലയടിച്ച ഏഷ്യാകപ്പ് റൈസിങ് സ്റ്റാര്‍സ് ട്വന്റി20 സെമിഫൈനല്‍ മത്സരത്തില്‍, ഇന്ത്യ എ ടീമിനെ സൂപ്പര്‍ ഓവര്‍ പോരാട്ടത്തില്‍ മറികടന്ന ബംഗ്ലദേശ് എ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് എ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ എയും 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ രണ്ടു വിക്കറ്റും നഷ്ടപ്പെടുത്തി. അതോടെ ബംഗ്ലദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 6 പന്തില്‍ ഒരു റണ്‍ മാത്രം. ആദ്യ പന്തില്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ സ്പിന്നര്‍ സുയാഷ് ശര്‍മ പ്രതീക്ഷ നല്‍കിയെങ്കിലും അടുത്ത പന്ത് വൈഡ് ആയതോടെ ബംഗ്ലദേശ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചു. രണ്ടാം സെമിയില്‍ ശ്രീലങ്ക എയെ 5 റണ്‍സിന് തോല്‍പിച്ച പാക്കിസ്ഥാന്‍ എയാണ് നാളെ ഫൈനലില്‍ ബംഗ്ലദേശിന്റെ എതിരാളികള്‍.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലദേശ് ഹബിബുര്‍ റഹ്‌മാന്‍ (65), മെഹ്‌റോബ് (48 നോട്ടൗട്ട്) എന്നിവരുടെ ബലത്തിലാണ് 194 റണ്‍സില്‍ എത്തിയത്. മറുപടി ബാറ്റിങ്ങില്‍ വൈഭവ് സൂര്യവംശി (15 പന്തില്‍ 38), പ്രിയാംശ് ആര്യ (23 പന്തില്‍ 44), ജിതേഷ് ശര്‍മ (23 പന്തില്‍ 33), നേഹല്‍ വധേര (29 പന്തില്‍ 32 നോട്ടൗട്ട്) എന്നിവരുടെ ബലത്തില്‍ തിരിച്ചടിച്ചു. അവസാന ഓവറില്‍ 16 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ ആവശ്യം. ആദ്യ 2 പന്തുകളിലും സിംഗിള്‍. അടുത്ത പന്തില്‍ അശുതോഷ് ശര്‍മയുടെ വക സിക്‌സ്. അശുതോഷ് ഉയര്‍ത്തിയടിച്ച നാലാം പന്ത് ബംഗ്ല ഫീല്‍ഡര്‍ കൈവിട്ടതോടെ ഫോര്‍. ബാക്കി 2 പന്തില്‍ 4 റണ്‍സ്.
എന്നാല്‍ അഞ്ചാം പന്തില്‍ അശുതോഷ് ക്ലീന്‍ ബോള്‍ഡായി. അവസാന പന്തില്‍ ജയിക്കാന്‍ 4 റണ്‍സ്. സ്‌ട്രൈക്കില്‍ ഹര്‍ഷ് ദുബെ. ലോങ് ഓണിലേക്ക് അടിച്ച പന്തില്‍ റണ്ണൗട്ടിനുള്ള അവസരം ബംഗ്ല താരങ്ങള്‍ നഷ്ടപ്പെടുത്തിയതോടെ ഹര്‍ഷും നേഹലും ചേര്‍ന്ന് 3 റണ്‍സ് ഓടിയെടുത്തു. അതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്.സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ ജിതേഷ് ക്ലീന്‍ ബോള്‍ഡ്. അടുത്ത പന്തില്‍ അശുതോഷും വീണതോടെ ഇന്ത്യ തോല്‍വി ഉറപ്പിച്ചു.






