പാലത്തായിയും രാഹുല്‍ മാങ്കൂട്ടത്തില്‍ കേസും അട്ടിമറിച്ചതാരാണ്? ബിജെപിയും കോണ്‍ഗ്രസിനും എല്‍ഡിഎഫിനെ പറയാന്‍ എന്ത് അവകാശം? ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി എടുത്തത് ധീരമായ നിലപാട്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും ധീരമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും ന്യായീകരിച്ച് സിപിഐഎം നേതാക്കളായ ജയരാജന്മാര്‍. സിപിഐഎം കടുത്ത പ്രതിരോധത്തില്‍ അകപ്പെട്ടിരിക്കെയാണ് ന്യായവാദങ്ങള്‍ നിരത്തി നേതാക്കന്മാര്‍ എത്തിയത്.
കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച യുഡിഎഫിനും പാലത്തായി പോക്സോകേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ബിജെപിക്കും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ധാര്‍മികമായി അവകാശമില്ലെന്നും ഇ പി ജയരാജന്‍ തന്റെ സാമൂഹ്യമാധ്യമ പേജില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു
പാമോലിന്‍ കേസ് മുതല്‍ മട്ടന്നൂരിലെ നാല്‍പ്പാടി വാസു വധക്കേസ് വരെയുള്ള നിരവധി കേസുകളുടെ കഥയും ജയരാജന്‍ സാമൂഹ്യമാധ്യമത്തിലെ കുറിപ്പില്‍ വിശദമായി പറയുന്നുണ്ട്. എണ്ണിയാല്‍ ഒടുങ്ങാത്ത കൊള്ളരുതായ്മകള്‍ ചെയ്യുന്നവരാണ് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും, പി ജയരാജനും സമാനമായ കുറിപ്പാണ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.
ഇപിയുടെ ഫേസ്ബുക്ക് പേജിലെ കുറിപ്പിന്റെ പ്രസക്തഭാഗം:
ശബരിമല സ്വര്‍ണ മോഷണ കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കുന്ന നടപടികളുടെ പേരില്‍ സിപിഐഎമ്മിനേയും സംസ്ഥാന സര്‍ക്കാരിനേയും പഴിചാരാനാണ് പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘം നടത്തുന്ന അന്വേഷണം ശക്തമായി മുന്നോട്ടു പോവുകയാണ്. ഈ അന്വേഷണം സ്വതന്ത്രവും സത്യസന്ധവുമായി നടത്താനുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ് സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്നത്. കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന ധീരമായ തീരുമാനത്തില്‍ മുഖം നോക്കാതെയുള്ള ഈ നടപടികളെ സ്വാഗതം ചെയ്യുകയും അതിന് നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനെയും സി പിഐഎമ്മിനേയും അഭിനന്ദിക്കുകയാണ് വേണ്ടത്. തുടര്‍ന്നുള്ള അന്വേഷണവും കേസുമെല്ലാം നിയമത്തിന്റെ വഴിക്ക് തന്നെ നടക്കും.
പാമോലിന്‍ കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ വിജിലന്‍സ് ജഡ്ജിയേയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറേയും പുകച്ച് ചാടിച്ച് കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ടൈറ്റാനിയും അഴിമതി, മന്ത്രിയായിരുന്ന ശിവകുമാറിന്റെ സഹോദരന്‍ ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയവകയില്‍ നടത്തിയ ലക്ഷങ്ങളുടെ അഴിമതി എന്നിവ അട്ടിമറിക്കപ്പെട്ടു. ഇപ്പോഴത്തെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എഴുന്നള്ളിച്ച് നടന്നത് പ്രതിപക്ഷനേതാവ് വി ഡി സതീശനായിരുന്നില്ലേ.
ക്രിമിനല്‍ കേസുകളും സ്ത്രീപീഡനകേസുകളും അട്ടിമറിച്ചു. എന്നെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ചതിന് ആന്ധ്രാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അട്ടിമറിച്ചത് മുന്‍ പ്രധാനമന്ത്രി നരസിഹറാവു ഇടപെട്ടാണ്. മാതൃകാപരമായ അന്വേഷണം നടത്തുന്ന സിപിഐഎമ്മിനേയും സംസ്ഥാന സര്‍ക്കാരിനേയും ക്രൂശിക്കാന്‍ ധാര്‍മികമായി ആര്‍ക്കും അവകാശമില്ലെന്നും, പുകമറ സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്ന നീച ബുദ്ധിയില്‍ നിന്നും പ്രതിപക്ഷവും മാധ്യമങ്ങളും പിന്‍മാറമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഇപി ജയരാജന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഉദ്യോഗസ്ഥരാണ് കുറ്റക്കാര്‍ എന്നാണ് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലെ അവകാശവാദം. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ ‘ അവധാനത ഇല്ലായ്മ ‘ നീതീകരിക്കാന്‍ കഴിയുന്നതല്ല. അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്രവലിയവന്‍ ആണെങ്കിലും പിടിക്കപ്പെടുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു എന്നാണ് പി ജയരാജന്‍ പറയുന്നത്.






