20 വര്‍ഷമായി റോഡിന്റെ സ്ഥിതി പരിതാപകരം; വാര്‍ഡിന്റെ പലയിടത്തും ‘റോഡില്ലെങ്കില്‍ വോട്ടില്ല’ എന്നെഴുതിയ ഫ്‌ളക്‌സ് വെച്ചു ; നഗരൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ ജനങ്ങള്‍ പ്രതിഷേധത്തില്‍

തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടോളം സഞ്ചാരയോഗ്യമായ വഴിയുടെ അഭാവത്തില്‍ വലയുന്നതിനെ തുടര്‍ന്ന് റോഡ് നന്നാക്കിയില്ലെങ്കില്‍ വോട്ടില്ലെന്ന നിലപാട് എടുത്ത് നഗരൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡിലെ ജനങ്ങള്‍.
‘റോഡില്ലെങ്കില്‍ വോട്ടില്ല’ എന്നെഴുതിയ ഫ്‌ലക്‌സുകള്‍ വാര്‍ഡിന്റെ പല ഭാഗങ്ങളില്‍ സ്ഥാപിച്ച് പ്രതിഷേധം. പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളിലെ ജനങ്ങളാണ് പ്രതിഷേധിക്കുന്നത്. റോഡ് നന്നാക്കാത്തവര്‍ക്ക് വോട്ടില്ല എന്നാണ് പ്രതിഷേധ ഫ്‌ലക്‌സ്.
കാട്ടുചന്ത- മൃഗാശുപത്രി- ചിന്ദ്രനല്ലൂര്‍ റോഡ് കടന്നുപോകുന്ന വാര്‍ഡുകള്‍ ആണിത്. കഴിഞ്ഞ 20 വര്‍ഷമായി ഈ റോഡിന്റെ സ്ഥിതി പരിതാപകരമാണ്. പല മുന്നണികള്‍ മാറി വന്നിട്ടും പരിഹാരം ഉണ്ടായില്ല. ഇതോടെയാണ് പ്രതിഷേധ ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒന്നാം വാര്‍ഡില്‍ യുഡിഎഫും രണ്ടാം വാര്‍ഡില്‍ ബിജെപിയും ആണ് വിജയിച്ചത്. പക്ഷേ റോഡിന്റെ കാര്യത്തില്‍ ആരു വന്നിട്ടും ഒരു രക്ഷയുമില്ലാതായതോടെയാണ് പരിതാപകരമായ സ്ഥിതിയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്.






