‘വാസസ്ഥലം പറയാതെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പറയുന്നത് ഏതു ചട്ട പ്രകാരം?’ വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയുള്ള കമ്മീഷന്‍ ഉത്തരവ് കോടതി കയറും; ഇന്ന് നിര്‍ണായകം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ തിരികെ ഉള്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജെ. ഷാജഹാന്‍ ഇറക്കിയ ഉത്തരവ് ദുരൂഹമെന്ന് ആരോപണം. കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായ ഇരുപത്തിനാലുകാരി വൈഷ്ണയ്ക്ക് മത്സരിക്കാന്‍ തടസമില്ലെങ്കിലും നിയമയുദ്ധങ്ങള്‍ക്ക് ഇടയാക്കുമെന്നു വ്യക്തം. കൂട്ടിച്ചേര്‍ക്കല്‍ പട്ടികയിലെ 1100-ാം സീരിയല്‍ നമ്പറായാണ് വൈഷ്ണയുടെ വോട്ട് പുനഃസ്ഥാപിച്ചത്.
വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത കോര്‍പ്പറേഷന്‍ ഇ.ആര്‍.ഒയുടെ നടപടിയില്‍ ദുരൂഹതയും ഗുരുതരമായ കൃത്യവിലോപവും നടന്നതായി കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഹിയറിങ് നടത്തിയ ശേഷമാണ് കമ്മീഷന്റെ സുപ്രധാന തീരുമാനം.
എന്നാല്‍, കമ്മീഷന്റെ ഉത്തരവ് വിചിത്രമാണെന്നാണ് ആരോപണം. ‘ഒരാള്‍ ഒരു പ്രദേശത്തെ സാധാരണ താമസക്കാരിയാണെങ്കില്‍, അയാള്‍ വാസ സ്ഥലം മാറി പോയിട്ടില്ല എങ്കില്‍, ടിയാളെ മറ്റു തരത്തില്‍ തിരിച്ചറിയാമെങ്കില്‍, അയാള്‍ക്ക് വീട്ടു നമ്പര്‍ വേണ്ട, ഉടമസ്ഥത വേണ്ട, വാടക കരാര്‍ വേണ്ട, അയാളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാം എന്നു വ്യവസ്ഥയുണ്ടെ’ന്നു ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് ‘ഏതു വീട്ടിലെ താമസക്കാരി’ എന്നു പറയാതെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാനുള്ള ഉത്തരവ്. വോട്ടര്‍ പറഞ്ഞ വീട് എടുത്തു പറഞ്ഞ് ആ വിലാസത്തില്‍ വോട്ടു ചേര്‍ക്കാന്‍ ഷാജഹാന്‍ ഉത്തരവിടാത്തത് എന്തുകൊണ്ടാണെന്നും വാസസ്ഥലം പറയാതെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പറയുന്നത് ഏതു ചട്ട പ്രകാരമാണെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
ഹിയറിങ്ങിനായി വിളിച്ചിട്ടും പരാതിക്കാരനായ സി.പി.എം. നേതാവ് ധനേഷ് കുമാര്‍ ഹാജരായില്ല. സി.പി.എം. ബ്രാഞ്ച് സെക്രട്ടറി രേഖകള്‍ ഹാജരാക്കിയത് സമയം കഴിഞ്ഞാണ്. ഇത് പരിഗണിക്കാന്‍ നിയമമില്ലെന്നിരിക്കെ കോര്‍പ്പറേഷന്‍ ഇ.ആര്‍.ഒ (ഇലക്ഷന്‍ റിട്ടേണിംഗ് ഓഫീസര്‍) ആ രേഖകള്‍ പരിഗണിച്ചു. വോട്ട് വെട്ടിയ നടപടി നിയമപ്രകാരമല്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ‘വൈഷ്ണ നല്‍കിയ രേഖകള്‍ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ല’ എന്നും, ‘വൈഷ്ണയെ കേള്‍ക്കാതെ നടപടിയെടുത്തത് നീതീകരിക്കാനാവില്ല’ എന്നും ഉത്തരവില്‍ കമ്മീഷന്‍ രേഖപ്പെടുത്തി. വൈഷ്ണയുടെ പരാതിയില്‍ നീതിയുക്തമായിട്ടല്ല ഉദ്യോഗസ്ഥര്‍ നടപടി എടുത്തതെന്നും കമ്മീഷന്‍ വിലയിരുത്തി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ തീരുമാനം ഇന്നു ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിക്കും. കോണ്‍ഗ്രസ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്ന വൈഷ്ണയ്ക്ക് അനുകൂലമായ തീരുമാനം യു.ഡി.എഫിന് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.






