ഇന്ത്യന്‍ ഫുട്‌ബോള്‍ അധികൃതര്‍ ഇത് കാണുന്നുണ്ടോ? വെറും ഒന്നരലക്ഷം പേര്‍ മാത്രമുള്ള കുറാക്കാവോ ചരിത്രമെഴുതി ; 2026 ഫിഫ ലോകകപ്പില്‍ സ്ഥാനം നേടി കരീബിയന്‍ ടീം ; കരുത്തരായ ജമൈക്കയെ ഗോളടിക്കാന്‍ വിട്ടില്ല

കിംഗ്സ്റ്റണ്‍: കരുത്തരായ ജമൈക്കയെ ഗോളടിക്കാന വിടാതെ പിടിച്ചുനിര്‍ത്തി കരീബിയന്‍ രാജ്യം കുറാക്കാവോ എഴുതിയത് പുതിയ ചരിത്രം. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിലേക്ക് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി കുറാക്കാവോ ലോകറെക്കോഡ് ഇട്ടു. വെറും ഒന്നരലക്ഷം പേര്‍ മാത്രമുള്ള ദ്വീപ് രാജ്യം അമേരിക്ക, മെക്‌സിക്കോ, കാനഡ ലോകകപ്പിന്റെ ഭാഗമാകും.
ലോകകപ്പിനെത്തുന്ന ഏറ്റവും കുഞ്ഞന്‍ രാജ്യമെന്ന റെക്കോഡ് ഇതോടെ ഐസ്ലാന്റില്‍ നിന്നും കുറാക്കാവോ ഏറ്റെടുത്തു. 2018 ല്‍ ആയിരുന്നു ജനസംഖ്യയില്‍ മൂന്നരലക്ഷം പേര്‍ മാത്രമുള്ള ഐസ് ലാന്റ് ലോകകപ്പില്‍ കളിച്ചത്. കുറാക്കോവയ്ക്ക് പുറമേ ഈ മേഖലയില്‍ നിന്നും പാനമയും ഹെയ്തിയും ലോകകപ്പില്‍ പ്രവേശിച്ചു. കോണ്‍കാകാഫ് യോഗ്യതാ കാമ്പെയ്നിന്റെ ആവേശകരമായ ഫൈനലില്‍ 156,000 ജനസംഖ്യയുള്ള കുറാക്കാവോ, കിംഗ്സ്റ്റണില്‍ ജമൈക്കയ്ക്കെതിരെ 0-0 സമനിലയില്‍ പിരിയുകയായിരുന്നു.
നെതര്‍ലണ്ടിന്റെ വിഖ്യാതപരിശീലകന്‍ ഡിക്ക് അഡ്വാക്കേറ്റിന്റെ കീഴിലായിരുന്നു കുറാക്കാവോ നേട്ടമുണ്ടാക്കിയത്. പക്ഷേ നിര്‍ണ്ണായക മത്സരം ടീം കളിക്കുമ്പോള്‍ ആശാന്‍ നാട്ടിലായിരുന്നു. കുടുംബപരമായ ആവശ്യത്തിനായി നാട്ടിലേക്ക് കോച്ച് മടങ്ങിയിരുന്നു. ഗ്രൂപ്പ് ബിയില്‍ ആറു മത്സരങ്ങളില്‍ നിന്നും 12 പോയിന്റ് നേടിയാണ് കുറാകാവോ ഗ്രൂപ്പ് ജേതാക്കളായത്. ജമൈക്ക ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
52 വര്‍ഷത്തിനിടെ ആദ്യമായി ഹെയ്തിയും ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരവ് ബുക്ക് ചെയ്തു. 1974 ല്‍ അവസാനമായി ലോകകപ്പില്‍ പങ്കെടുത്ത ഹെയ്തി, നിക്കരാഗ്വയ്ക്കെതിരെ 2-0 ന് വിജയിച്ചാണ് യോഗ്യത നേടിയത്. ഹെയ്തിയുടെ മത്സരം നടന്നത് കുറാകാവോയിലാണ്. നാട്ടില്‍ ആഭ്യന്തകലാപവും വംശീയ സംഘട്ടനങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് ഹെയ്തിക്ക് കുറാകാവേയില്‍ മത്സരം കളിക്കേണ്ടി വന്നത്. ഹോണ്ടുറാസും കോസ്റ്റാറിക്കയും സമനിലയില്‍ കുരുങ്ങിയതോടെ 11 പോയിന്റുമായി ഗ്രൂപ്പ് സിയില്‍ ഹെയ്തി ഒന്നാമത് എത്തി.






