തേജസ്വീ യാദവിന് കൂനിന്‌മേല്‍ കുരു ; തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ലാലുവിന്റെ മകള്‍ ആര്‍ജെഡി ബന്ധം അവസാനിപ്പിച്ചു ; കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് എക്സില്‍ രോഹിണി

പാറ്റ്‌ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയ തേജസ്വീയാദവിന് കൂനിന്‌മേല്‍ കുരുവായി സഹോദരിയും. ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ആര്‍ജെഡി വിട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിയും കുടുംബവുമായും ഉള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് രോഹിണി എക്സില്‍ കുറിച്ചു.
”ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ് … ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് … എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു.” രോഹിണി എക്‌സില്‍ കുറിപ്പുമിട്ടിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഉള്‍പ്പോരാണ് തീരുമാനത്തിന് പിന്നിലെന്നാണ് സൂചനകള്‍. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ തേജസ്വീയുടെ മഹാസഖ്യം വന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ആര്‍ജെഡി ഇത്തവണ 25 സീറ്റ് മാത്രമാണ് നേടിയത്.
243 മണ്ഡലങ്ങളില്‍ 143 മണ്ഡലങ്ങളില്‍ മത്സരിച്ച ആര്‍ജെഡി 2010ല്‍ 22 സീറ്റ് ലഭിച്ചതിന് ശേഷം ആര്‍ജെഡി ഇത്രയും മോശം പ്രകടനം നടത്തുന്നത് ഇതാദ്യമായാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന തേജസ്വി യാദവ് പോലും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് രക്ഷപ്പെട്ടത്. രാഘോപൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ നിരവധി തവണ പിന്നിലേക്ക് പോയ തേജസ്വി അവസാന റൗണ്ടുകളിലെ വോട്ടെണ്ണുമ്പോഴാണ് ജയിച്ച് കയറിയത്. 14,532 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തേജസ്വി ബിജെപി സ്ഥാനാര്‍ത്ഥിയായ സതീഷ് കുമാറിനെ തോല്‍പ്പിച്ചത്. മഹാഗഡ്ബന്ധനിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കാര്യമായ സീറ്റുകള്‍ നേടാനായില്ല.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പ്രകാരം 22.79 ശതമാനം വോട്ട് വിഹിതമാണ് ഇത്തവണ ആര്‍ജെഡി നേടിയത്. ഇത് ബിജെപിയേക്കാള്‍ 2.27 ശതമാനവും ജെഡിയുവിനേക്കാള്‍ 3.8 ശതമാനവും കൂടുതലാണ്. 2022 ല്‍ ലാലു പ്രസാദിന് വൃക്ക ദാനംചെയ്തത് മകളായ രോഹിണിയായിരുന്നു.






