ശബരിമലയില്‍ ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടുവെന്ന കാര്യം വാസ്തവം ; ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വത്തും പൊന്നുമൊക്കെ ഭദ്രമാണെന്ന ഉറപ്പ് കൊടുക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണെന്ന് കെ ജയകുമാര്‍

തിരുവനന്തപുരം: ശബരിമലയില്‍ ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടുവെന്ന കാര്യം വാസ്തവമാണെന്നും ദു:ഖകരമായ കാര്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ബോര്‍ഡിന്റെ നടപടികളിലെയും സമീപനങ്ങളിലെയും വൈകല്യങ്ങള്‍ പരിശോധിച്ച് അത് ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ഭക്തര്‍ സമര്‍പ്പിക്കുന്ന സ്വത്തും പൊന്നുമൊക്കെ ഭദ്രമാണെന്ന ഉറപ്പ് കൊടുക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥരാണ്. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ പ്രൗഢമായ സുതാര്യത ഉണ്ടാകുമെന്നുളള അഭിമാന മുഹൂര്‍ത്തം താന്‍ സ്വപ്നം കാണുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത കൊണ്ടുവരാമെന്ന പ്രതീക്ഷയുണ്ടെന്നും ദേവസ്വം ബോര്‍ഡില്‍ നടക്കുന്ന കുഴപ്പങ്ങളെക്കുറിച്ച് കുറേയൊക്കെ അറിയാമെന്നും അതാണ് തനിക്ക് പ്രവര്‍ത്തിക്കാനുളള ഇന്ധനമെന്നും പറഞ്ഞു.
”ഭക്തരുടെ വിശ്വാസം വ്രണപ്പെട്ടിട്ടുണ്ടെന്ന കാര്യം വാസ്തവമാണ്. വളരെ സങ്കടകരമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിനെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ല. കോടതി നിയന്ത്രിക്കുന്ന അന്വേഷണ സംഘത്തിന്റെ മുന്നിലുളള കാര്യമാണ്. അതിനെപ്പറ്റി എന്തെങ്കിലും പറയുന്നത് അവിവേകമായിരിക്കും. വാര്‍ത്തകള്‍ വിശ്വാസികളുടെയും കേരളത്തിന്റെയും മനസില്‍ സങ്കടമുണ്ടാക്കി എന്ന കാര്യത്തില്‍ സംശയമില്ല’. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ശേഷമായിരുന്നു പ്രതികരണം.






