അരവിന്ദ് അഡിഗയുടെ ‘വൈറ്റ് ടൈഗര്‍’ എന്ന നോവലും നിതീഷ് കുമാറും തമ്മിലെന്ത്? നിതീഷിന്റെ മകന്‍ ആരെന്ന് ആര്‍ക്കെങ്കിലും അറിയുമോ? കോണ്‍ഗ്രസും സോഷ്യലിസ്റ്റുകളും ഭരിച്ചുമുടിച്ച സംസ്ഥാനം ഭരണമെന്തെന്ന് അറിഞ്ഞത് നിതീഷിലൂടെ; താവളങ്ങള്‍ മാറിയിട്ടും ഒളിമങ്ങാതെ ‘ബ്രാന്‍ഡ് നിതീഷ്’ ജയിച്ചു കയറുന്നത് വെറുതേയല്ല
ജംഗിള്‍ രാജ് എന്താണെന്ന് ബീഹാറികളെ ലാലു കുടുംബം കാട്ടിക്കൊടുത്തു. ദളിതനായ ഐഎഎസ് ഓഫീസറുടെ ഭാര്യയെവരെ ആര്‍ജെഡി വനിതാ എംഎല്‍എയുടെ മകന്‍ തുടര്‍ച്ചയായി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ദരിദ്രജനകോടികളുടെ ചോരയും നീരുമൂറ്റി സമ്പാദിച്ച കോടികള്‍ ഫാസിസത്തിനെതിരായ പോരാട്ടഅക്കൗണ്ടില്‍ ലാലു വരവുവെച്ചു. മുപ്പത് ശതമാനം വരുന്ന യാദവ- മുസ്ലീം വോട്ട് കുര്‍ത്തയുടെ പോക്കറ്റിലിട്ട് നടന്ന കൊള്ളക്കാരന്‍ അഴിമതിക്കേസില്‍ അകത്തായപ്പോള്‍ ഭാര്യയെ ഭരണം ഏല്പിച്ച് ജനാധിപത്യത്തെ വെല്ലുവിളിച്ചു.

ന്യൂഡല്‍ഹി: ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ പോലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജനതാദള്‍ യുണൈറ്റഡ് അവിശ്വസനീയമായാണു വീണ്ടും ജയിച്ചു കയറിയത്. സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടെന്നും നിതീഷിനെ മുഖ്യമന്ത്രിയാക്കിയാല്‍ തിരിച്ചടിയാകുമെന്നുമൊക്കെയുള്ള വിലയിരുത്തലുകള്‍ പല ഘട്ടത്തിലുമുണ്ടായി. പക്ഷേ, എന്തുകൊണ്ടു വീണ്ടും വീണ്ടും നിതീഷിനെ ജനം തെരഞ്ഞെടുക്കുന്നു എന്നറിയണമെങ്കില്‍ രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കള്‍ എങ്ങനെയാണ് ചരിത്രത്തില്‍ വളര്‍ന്നതും കുടംബാധിപധ്യത്തിലേക്കു മാറിയതെന്നും അറിയണം.
നെഹ്‌റുമുതല്‍ ഇന്ദിരയും രാജീവും സോണിയയും രാഹുലും പ്രിയങ്കയും വാധ്രയുമടക്കമുള്ള നെഹ്‌റു- ഗാന്ധി കുടുംബങ്ങളിലെ ഇളമുറക്കാരടക്കം ഇന്ത്യയിലെ ഓരോ പൗരനും അറിയാവുന്നവരാണെങ്കില്‍ ഒരിക്കല്‍ പോലും നിതീഷിന്റെ മകനെക്കുറിച്ചു കേട്ടിട്ടുണ്ടാകില്ല. നിതീഷിനു ഭരണമെന്നതു കുടുംബാധിപത്യമായിരുന്നില്ല.
‘കടുവ ഇപ്പോഴും ജീവിച്ചിരിക്കുന്നു’ എന്ന പരസ്യ ബോര്‍ഡ് പാര്‍ട്ടി ഓഫീസിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കില്‍ ബിഹാറിനെ ‘നരക’ത്തില്‍നിന്ന് അല്‍പമെങ്കിലും ‘നഗര’മാക്കി മാറ്റിയതിലെ പങ്കിനെക്കുറിച്ചും അറിയേണ്ടതുണ്ട്. രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും കടുത്ത രാഷ്ട്രീയ പോരാട്ടത്തെയാണ് നിതീഷ് പുഷ്പം പോലെ അതിജീവിച്ചത്. ലാലു- റാബ്‌റി കാലഘട്ടത്തില്‍നിന്ന് ബിഹാറിനെ മാറ്റിയതില്‍ നിതീഷിന്റെ പങ്ക് ചെറുതല്ല.

സമത്വവും സമൃദ്ധിയും വാഗ്ദാനം ചെയ്ത്, സ്വയം ശതകോടീശ്വരന്മാരായി വികസിച്ചവരാണ് രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളെങ്കില്‍, കുടുംബാധിപത്യവും കൊള്ളയടിക്കലുമായി നടക്കുന്ന ഇന്ത്യയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടികളിലെ അപൂര്‍വതയാണ് നിതീഷ് കുമാര്‍.
നിതീഷ് അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള ബീഹാറിന്റെ കദനചിത്രമാണ് അരവിന്ദ് അഡിഗൈയുടേ ബുക്കര്‍ പ്രൈസ് നോവലായ വൈറ്റ് ടൈഗര്‍. ലാലു പ്രസാദ് യാദവ് പ്രഛന്ന വേഷത്തിലെത്തുന്ന വൈറ്റ് ടൈഗറില്‍ (വെള്ളക്കടുവ) ഒരിടത്തും ബിഹാര്‍ എന്നൊരു പദമില്ല. പകരം ‘ഹെല്‍’ എന്ന വാക്ക് നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു.
ബീഹാര്‍ = നരകം
സ്വാതന്ത്ര്യത്തിന് ശേഷം അമ്പത് വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ് ബിഹാറിനെ അരനൂറ്റാണ്ട് പിന്നിലേക്ക് തള്ളിയാണു ഭരണം വിട്ടുപോയത്. അതിനുശേഷം സാധാരണക്കാരന്റെ രൂപവും ഭാവവും ഭാഷയും മുറുക്കിത്തുപ്പുമായി ഒരു സോഷ്യലിസ്റ്റ് വേഷക്കാരന്‍ നരകം സ്വര്‍ഗമാക്കുമെന്ന വീരവാദം മുഴക്കി ഭരണം പിടിച്ചു. കിട്ടിയ തക്കത്തിന് അയാളും കുടുംബവും കൊള്ളയടി ആരംഭിച്ചു. ഇന്ത്യയിലെ ഏറ്റവും പട്ടിണിക്കാരായ മനുഷ്യര്‍, മൃഗങ്ങളേക്കാള്‍ മോശപ്പെട്ട അവസ്ഥയില്‍ ജീവിക്കുന്ന നാട്ടിലെ ഭരണാധിപന്‍, കന്നുകാലിത്തീറ്റയുടെ പേരില്‍ ആയിരക്കണക്കിന് കോടികള്‍ കീശയിലാക്കി. ലാലു എന്ന പേര് അങ്ങനെയാകും ഇന്ന് അറിയപ്പെടുന്നത്.
പഴയ കോണ്‍ഗ്രസ് മുഖ്യമന്ത്രി ജഗന്നാഥ് മിശ്രവരെ ഈ തീവെട്ടിക്കൊള്ളയില്‍ പങ്കാളിയായി. ജംഗിള്‍ രാജ് എന്താണെന്ന് ബീഹാറികളെ ലാലു കുടുംബം കാട്ടിക്കൊടുത്തു. ദളിതനായ ഐഎഎസ് ഓഫീസറുടെ ഭാര്യയെവരെ ആര്‍ജെഡി വനിതാ എംഎല്‍എയുടെ മകന്‍ തുടര്‍ച്ചയായി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ദരിദ്രജനകോടികളുടെ ചോരയും നീരുമൂറ്റി സമ്പാദിച്ച കോടികള്‍ ഫാസിസത്തിനെതിരായ പോരാട്ടഅക്കൗണ്ടില്‍ ലാലു വരവുവെച്ചു. മുപ്പത് ശതമാനം വരുന്ന യാദവ- മുസ്ലീം വോട്ട് കുര്‍ത്തയുടെ പോക്കറ്റിലിട്ട് നടന്ന കൊള്ളക്കാരന്‍ അഴിമതിക്കേസില്‍ അകത്തായപ്പോള്‍ ഭാര്യയെ ഭരണം ഏല്പിച്ച് ജനാധിപത്യത്തെ വെല്ലുവിളിച്ചു.
യാദവഗുണ്ടകള്‍ ആഭ്യന്തരവകുപ്പ് ഭരിച്ചപ്പോള്‍ ഭീതിയുടെ മുള്‍മുനയില്‍ നിന്ന പാവപ്പെട്ട മനുഷ്യര്‍ പേടിച്ചുവിറച്ച് പട്ടാപ്പകല്‍ പോലും വീടിനുള്ളില്‍ ഒട്ടിയ വയറുമായി ചുരുണ്ടുകൂടി.
അവസാനം ലാലുവിന്റെ ജംഗിള്‍രാജ് അവസാനിപ്പിക്കാന്‍ ഒരു അവതാരപുരുഷനെപ്പോലെയാണ് നിതീഷ് കുമാര്‍ കടന്നുവന്നത്.
ഗവേണന്‍സ് എന്നാല്‍ എന്തെന്ന് ബീഹാറികള്‍ അറിഞ്ഞുതുടങ്ങിയത് നിതീഷ് മുഖ്യമന്ത്രിയായതിന് ശേഷമാണ്. വെറും 3% വരുന്ന പിന്നോക്ക കുറുമി സമുദായക്കാരനായ നിതീഷിന്റെ ചാണക്യബുദ്ധിയില്‍ ലാലുപ്രസാദ് യാദവിന്റെ ഗുണ്ടാസമവാക്യങ്ങള്‍ തകര്‍ന്നുതരിപ്പണമായി.
മികച്ച മുഖ്യമന്ത്രിക്കുള്ള അവാര്‍ഡ് വരെ നേടിയെടുത്ത നിതീഷ് കുമാര്‍ ഭരണത്തില്‍ അച്ചടക്കവും അന്തസും തിരിച്ചു കൊണ്ടുവന്നു. തമിഴ്‌നാട്ടില്‍ കാമരാജ് കൊണ്ടുവന്ന മാറ്റം ബീഹാറില്‍ നിതീഷ് പ്രാവര്‍ത്തികമാക്കി. ജനതാദള്‍ യുണൈറ്റഡിന്റെ സഹായവും സഹകരണവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അനിവാര്യമായതിനാല്‍ സഖ്യകക്ഷിയായ ബിജെപി നിതീഷിന് സമ്പൂര്‍ണ പിന്തുണയുമായി കൂടെനിന്നു. രണ്ടുതവണ ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചെങ്കിലും കാട്ടുകള്ളന്‍മാരുടെ കൂട്ടത്തിനൊപ്പം നില്‍ക്കാനാകാതെ എന്‍ഡിഎയില്‍ തിരിച്ചെത്തി.
ബീഹാറിനെ നീതിഷ് സ്വര്‍ഗമാക്കയിട്ടില്ല. പക്ഷെ ആറരപ്പതിറ്റാണ്ട് പിന്നിലായിപ്പോയ ഒരു സംസ്ഥാനത്തെ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ ആത്മാര്‍ത്ഥമായ പരിശ്രമം തന്നെ അദ്ദേഹം നടത്തിയിട്ടുണ്ട്. അടിസ്ഥാന വികസനത്തിനും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനും പരിമിതിക്കുള്ളില്‍ നിന്ന് പരമാവധി ശ്രമിച്ച ഭരണാധികാരിയാണ് നിതീഷ് കുമാര്‍. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് നരകാഗ്‌നിയില്‍ പൊള്ളിക്കഴിഞ്ഞ ഒരു ജനതയെ അഭിലാഷങ്ങളുള്ളവരാക്കി മാറ്റാന്‍ നിതീഷിനു കഴിഞ്ഞു. മനുഷ്യര്‍ക്ക് സ്വപ്നം കാണാനുള്ള പ്രാപ്തിയുണ്ടാകുമ്പോള്‍ സമൃദ്ധിയും പുരോഗതിയും താനേ വന്നുചേരുമെന്നു കാട്ടിക്കൊടുത്തു.
നിതീഷ് ബീഹാറിന് നല്കിയ ഏറ്റവും വലിയ സംഭാവനയും അതുതന്നെയാണ്. സ്വന്തമായി സ്ത്രീവോട്ടുബാങ്ക് വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞ രണ്ട് നേതാക്കളാണ് മോഡിയും നിതീഷും. നാരീശക്തി തന്നെയാണ് നിതീഷിനെ മഹാവിജയത്തിലേക്ക് നയിച്ചത്. വോട്ടുചോരി പ്രഹസനക്കാരെയും കാലിത്തീറ്റ ചോരന്മാരെയും നിലംതൊടാന്‍ ബീഹാര്‍ അനുവദിച്ചില്ല. സുശാസന്‍ ബാബുവിനെ ജനം ചേര്‍ത്തുപിടിച്ചപ്പോള്‍ അഴിമതിയുടെ നെടുങ്കന്‍ കുടുംബക്കോട്ടകള്‍ വീണ്ടും തകര്‍ന്നടിഞ്ഞു. ജാതി-മത വര്‍ഗീയ ഇക്വേഷനുകളെ നിഷ്പ്രഭമാക്കാനുള്ള ഊര്‍ജ്ജവും ശക്തിയും മികച്ച ഭരണം നേടിയെടുക്കുമ്പോഴാണ് ജനാധിപത്യം അതിന്റെ ആശയഗാംഭീര്യവും സൗന്ദര്യവും തിരിച്ചുപിടിക്കുന്നത്. ആ സൗന്ദര്യം ബിഹാറില്‍ തെളിഞ്ഞുവരുന്നത് നിതീഷിലൂടെയാണ്.
ഏതു മുന്നണിക്കൊപ്പമാണെങ്കിലും വ്യക്തിപരമായ വിശ്വാസ്യതയാണ് എക്കാലത്തും നിതീഷിന്റെ മുതല്‍. നിതീഷിന്റെ തിരിച്ചുവരവ് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധര്‍ പോലും വിലയിരുത്തിയതിന് അപ്പുറമായിരുന്നു. സാമൂഹിക സന്തുലിതാവസ്ഥയും ഐക്യവും മറ്റൊരുനാളുമില്ലാത്ത വിധത്തില്‍ ബിഹാര്‍ കണ്ടു. വിവിധ ജാതികളെയും മതങ്ങളെയും ഏകോപിപ്പിച്ചു നിര്‍ത്തി. ആളുകള്‍ക്കിടയില്‍ ജാതിവിടവ് രൂക്ഷമായ സംസ്ഥാനത്ത് ഇതൊരു ചെറിയ കാര്യമല്ല.
മൂന്നു ശതമാനംവരുന്ന കുറുമി സമുദായത്തില്‍നിന്ന് 14 ശതമാനംവരുന്ന യാദവരെയും 18 ശതമാനം വരുന്ന മുസ്ലിംകളെയും 10 ശതമാനം വരുന്ന ഹിന്ദു ഉന്നതജാതിക്കാരെയും 4 ശതമാനം വരുന്ന കുഷ്‌വാഹയെയും അഞ്ചു ശതമാനം വരുന്ന പാസ്വാന്‍മാരെയും 3 ശതമാനം വരുന്ന മുസഹരെയും 2.6 ശതമാനം വരുന്ന മല്ലാസിനെയും അദ്ദേഹം ഒരുമിപ്പിച്ചു. പരമ്പരാഗതമായി ബിജെപിയെ എതിര്‍ക്കുന്ന മുസ്ലിം സമുദായങ്ങള്‍പോലും അവര്‍ക്കൊപ്പമുള്ള നിതീഷിനെ വിശ്വസിച്ചു.
സ്ത്രീകളുടെ വോട്ടാണ് നിതീഷിന്റെ മറ്റൊരു പിന്തുണ. ബീഹാറിലെ വനിതാ വോട്ടര്‍മാര്‍ നിതീഷിന്റെ നേതൃത്വത്തിന് സ്ഥിരീകരണ ശക്തിയായി ആവര്‍ത്തിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്, പലപ്പോഴും മറ്റ് വിഭാഗങ്ങളെ ബാധിക്കുന്ന ആഘാതങ്ങളില്‍ നിന്ന് അദ്ദേഹത്തെ സംരക്ഷിക്കുന്നു. മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന (എംഎംആര്‍വൈ) അവതരിപ്പിച്ചത് സ്ത്രീകളെ ലക്ഷ്യം വച്ചുള്ള നിതീഷിന്റെ ദീര്‍ഘകാല ക്ഷേമ ഘടനയെ ശക്തിപ്പെടുത്തി. തൊഴിലും വരുമാന പിന്തുണയും വാഗ്ദാനം ചെയ്ത എംഎംആര്‍വൈ തെരഞ്ഞെടുപ്പില്‍ വിജയത്തിന്റെ മറ്റൊരു ഫോര്‍മുലയായി.
ബിജെപിയുടെ ഉച്ചത്തിലുള്ളതും ദൃശ്യവുമായ പ്രചാരണ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ജെഡിയുവിന്റെ സംഘടനാ ശക്തി നിശബ്ദമാണ്. പക്ഷേ ആഴത്തില്‍ വേരുകളുള്ളതാണ്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളില്‍. ഗ്രാമീണ നേതാക്കളിലും പ്രാദേശിക സ്വാധീനമുള്ളവരിലും നങ്കൂരമിട്ടിരിക്കുന്ന അതിന്റെ പരമ്പരാഗത കേഡര്‍ ഘടന, തിരഞ്ഞെടുപ്പിന് മുമ്പുള്ള വിലയിരുത്തലുകള്‍ അനുമാനിച്ചതിനേക്കാള്‍ കൂടുതല്‍ ഫലപ്രദമായി സജീവമായി. 2020 ലെ തിരഞ്ഞെടുപ്പില്‍ ജെഡിയുവിന്റെ കേഡര്‍ ഘടനയ്ക്കു ക്ഷീണം തട്ടിയെന്നു കരുതി. എന്നാല്‍ ഇത്തവണ പാര്‍ട്ടി കൂടുതല്‍ യോജിപ്പോടെയും മെച്ചപ്പെട്ട ഏകോപനത്തോടെയും പ്രവര്‍ത്തിച്ചു.
പല വോട്ടര്‍മാര്‍ക്കും, നിതീഷിന്റെ ഭരണ മാതൃക അദ്ദേഹത്തിന്റെ രാഷ്ട്രീയ കൂട്ടുകെട്ടിനേക്കാള്‍ പ്രധാനമാണ്. സംസ്ഥാനത്തെ ഏറ്റവും പരിചയസമ്പന്നനായ ഭരണാധികാരി എന്നത് എല്ലാ അവസരവാദ നിലപാടുകളെയും പിന്തള്ളി. ബ്രാന്‍ഡ് നിതീഷിനൊപ്പം ബ്രാന്‍ഡ് മോദിയും പ്രവര്‍ത്തിക്കുമ്പോള്‍ അതിനു മുകളില്‍ വയ്ക്കാന്‍ കോണ്‍ഗ്രസിന് മറ്റൊരു തുരുപ്പ് ചീട്ട് ഉണ്ടായില്ല.
Despite predictions of decline, Nitish Kumar’s JD(U) has staged a remarkable comeback in the Bihar elections, defying anti-incumbency and voter fatigue. His personal brand, associated with governance, social harmony, and welfare schemes, particularly for women, proved resilient, overshadowing concerns about his health and political realignments.






