ഡല്‍ഹി സ്ഫോടനം : പൊട്ടിത്തെറിച്ചത് ഹരിയാന രജിസ്ട്രേഷനുള്ള ഹ്യുണ്ടായ് ഐ20 ഹാച്ച്ബാക്ക് കാര്‍ ; കാറിന്റെ യഥാര്‍ത്ഥ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു ; സല്‍മാന്‍ വാഹനം നദീം എന്നയാള്‍ക്ക് വിറ്റത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം നടന്ന ശക്തമായ സ്ഫോടനത്തിന്റെ പ്രഭവകേന്ദ്രം ഹരിയാന നമ്പര്‍ പ്ലേറ്റുള്ള ഒരു ഹ്യുണ്ടായ് ഐ20 ഹാച്ച്ബാക്ക് കാറായിരുന്നുവെന്ന് സൂചന. ഒരു റിക്ഷ ഉള്‍പ്പെടെ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന 22 വാഹനങ്ങള്‍ക്ക് തീപിടിക്കുകയും ചെയ്തു. കാറിന്റെ ഉടമയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കാറിന്റെ യഥാര്‍ത്ഥ ഉടമ മുഹമ്മദ് സല്‍മാന്‍ ആയിരുന്നുവെന്നും അദ്ദേഹം അത് നദീം എന്നയാള്‍ക്ക് വില്‍പ്പന നടത്തിയിരുന്നു. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്ന് സല്‍മാനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് വൈകുന്നേരം 6.52 നായിരുന്നു സ്‌ഫോടനം. സാവധാനം പോവുകയായിരുന്ന ഒരു വാഹനം റെഡ് ലൈറ്റില്‍ നിര്‍ത്തി. ആ വാഹനത്തില്‍ ഒരു സ്ഫോടനം സംഭവിക്കുകയും, സ്ഫോടനം കാരണം അടുത്തുള്ള വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീ 7.29 ഓടെയാണ് നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. സംഭവസ്ഥലത്തേക്ക് ആദ്യം ഏഴ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങളെ അയച്ചതായും അദ്ദേഹം അറിയിച്ചു. സ്ഫോടനം ഹ്യുണ്ടായ് ഐ20 കാറിലാണ് സംഭവിച്ചതെന്നാണ് ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ പറഞ്ഞത്. കാറില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നുവെന്നും സ്ഫോടനം വാഹനത്തിന്റെ പിന്നില്‍, ഒരുപക്ഷേ ബൂട്ടില്‍, ആണ് സംഭവിച്ചതെന്നുമാണ് വിവരം. സ്ഫോടനം ശക്തമായിരുന്നു.
ഇന്ത്യയുടെ മുന്‍നിര തീവ്രവാദ വിരുദ്ധ ഏജന്‍സിയായ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍ഐഎ) ഉള്‍പ്പെടെയുള്ള ഫോറന്‍സിക് വിശകലന വിദഗ്ധര്‍ സ്ഥലത്ത് വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നുണ്ട്. വാഹനത്തിന്റെ നിര്‍മ്മാണം, മോഡല്‍, രജിസ്ട്രേഷന്‍ നമ്പര്‍ എന്നിവ തിരിച്ചറിയാന്‍ അവര്‍ പ്രവര്‍ത്തിക്കുന്നു. ഇവയെല്ലാം കുറ്റവാളികളെ കണ്ടെത്താന്‍ നിര്‍ണ്ണായകമാകും.
ഈ സമയത്ത് സ്ഫോടനത്തിന്റെ സ്വഭാവം വ്യക്തമല്ല. എന്നാല്‍ എല്ലാ സംസ്ഥാന സുരക്ഷാ ഏജന്‍സികളും അതീവ ജാഗ്രതയിലാണ്. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അവിടെ നിയോഗിച്ചിട്ടുള്ള അതിര്‍ത്തി സുരക്ഷാ സേനാംഗങ്ങളും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും തുറന്ന അതിര്‍ത്തി കടന്നെത്തുന്ന എല്ലാ സന്ദര്‍ശകരെയും നിരീക്ഷിക്കുന്നുണ്ട്.






