Breaking NewsCrimeIndiaLead NewsNEWSNewsthen SpecialWorld

മൂന്നു ഹിസ്ബുല്ല പ്രവര്‍ത്തകരെ വധിച്ചെന്ന് ഇസ്രായില്‍ ; ഇസ്രായിലിന്റെ നടപടിയെ ലെബനീസ് നേതാക്കളും ഐക്യരാഷ്ട്രസഭയും അപലപിച്ചു

ബെയ്റൂത്ത് : ദക്ഷിണ ലെബനോനിലെ ശബ്ആ ഫാംസ് പ്രദേശത്തും ബര്‍അശീത്ത് ഗ്രാമത്തിലും നടത്തിയ വ്യോമാക്രമണങ്ങളിലൂടെ മൂന്നു ഹിസ്ബുല്ല അംഗങ്ങളെ വധിച്ചതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. ശബ്ആ ഫാംസ് പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ ഹിസ്ബുല്ലയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ലെബനീസ് ബ്രിഗേഡ്സ് സംഘടനയിലെ രണ്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈനിക വക്താവ് അവിചായ് അഡ്രഇ എക്സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു. ബര്‍അശീത് ഗ്രാമത്തില്‍ നടത്തിയ മറ്റൊരു വ്യോമാക്രമണത്തില്‍ മറ്റൊരു ഹിസ്ബുല്ല അംഗത്തെയും സൈന്യം കൊലപ്പെടുത്തിയെന്ന് ഇസ്രായില്‍ വ്യക്തമാക്കി .

ഇസ്രായിലും ലെബനോനും തമ്മിലുള്ള ധാരണകളുടെ ലംഘനമായി പ്രദേശത്ത് ഹിസ്ബുല്ലയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഹിസ്ബുല്ല അംഗമാണ് കൊല്ലപ്പെട്ടതെന്നും ഇസ്രായില്‍ സൈനിക വക്താവ് അറിയിച്ചു.

Signature-ad

ഐന്‍ അറ്റയെയും ശബ്ആ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡില്‍ ഇസ്രായിലി ഡ്രോണ്‍ കാര്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ രണ്ട് സഹോദരന്മാര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഗവര്‍ണറേറ്റുകളെ കിഴക്കുള്ള ബെക്കാ താഴ വരയുമായി ബന്ധിപ്പിക്കുന്ന റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ശബ്ആ ഗ്രാമവാസികളായ രണ്ട് സഹോദരന്മാരാണ് കൊല്ലപ്പെട്ടത് .

തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തി. ബിന്‍ത് ജബെയില്‍ ഗ്രാമത്തിലെ ആശുപത്രിക്ക് സമീപം കാറിനു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് സാധാരണക്കാര്‍ക്ക് പരിക്കേറ്റതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന് ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ലെബനോനിലെ ഇസ്രായിലി ആക്രമണങ്ങള്‍ കൂടിവരുകയാണ്

കെട്ടിടങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം നിര്‍ത്താന്‍ ഇസ്രായിലുമായി ചര്‍ച്ചകള്‍ക്ക് ലെബനോന്‍ തുടര്‍ച്ചയായി സന്നദ്ധത അറിയിക്കുന്നുണ്ട്. സൈനിക ശേഷി ശക്തിപ്പെടുത്താന്‍ ഹിസ്ബല്ല ഈ കെട്ടിടങ്ങളെ അടിസ്ഥാന സൗകര്യങ്ങളായി ഉപയോഗിക്കുന്നതായി ഇസ്രായില്‍ അവകാശപ്പെടുന്നുണ്ട്. ഇസ്രായിലിന്റെ നടപടിയെ ലെബനീസ് നേതാക്കളും ഐക്യരാഷ്ട്രസഭയും അപലപിച്ചു.

തെക്കന്‍ ലെബനോനില്‍ അടുത്തിടെയുണ്ടായ ഇസ്രായിലി വ്യോമാക്രമണങ്ങളെ യൂറോപ്യന്‍ യൂണിയന്‍ അപലപിക്കുകയും ഹിസ്ബുല്ലയുമായി 2024 നവംബറില്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ മാനിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 1701-ാം യു.എന്‍ പ്രമേയവും ഒരു വര്‍ഷം മുമ്പ് ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാറും ലംഘിക്കുന്ന എല്ലാ നടപടികളും അവസാനിപ്പിക്കാണമെന്ന് ഇസ്രായിലിനോട് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ വക്താവ് അന്‍വര്‍ അല്‍അനൂനി ആവശ്യപ്പെട്ടു.

ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ ഒരു കൊല്ലം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിച്ച വെടിനിര്‍ത്തല്‍ നിലവില്‍വന്ന് ഒരു വര്‍ഷത്തോട് അടുക്കുമ്പോള്‍, ഹിസ്ബുല്ലയുടെ സൈനിക അടിസ്ഥാന സൗകര്യങ്ങളെയും ശേഷികള്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഹിസ്ബുല്ല പ്രവര്‍ത്തകരെയും ലക്ഷ്യമിടുന്നതായി അവകാശപ്പെട്ട് ഇസ്രായില്‍ വ്യോമാക്രമണം തുടരുകയാണ്. ഇതിന്റെ ഭാഗമായി ലെബനോനിലെ അഞ്ച് അതിര്‍ത്തി പോയിന്റുകളില്‍ ഇസ്രായില്‍ തങ്ങളുടെ സൈന്യത്തെ നിലനിര്‍ത്തുന്നുണ്ട്. സൈന്യത്തെ പിന്‍വലിക്കണമെന്ന് ലെബനോന്‍ ആവശ്യപ്പെട്ടു.

ലെബനോനെ ഇസ്രായിലുമായുള്ള രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് ആകര്‍ഷിക്കാന്‍ ഹിസ്ബുല്ല അനുവദിക്കില്ലെന്ന് വ്യാഴാഴ്ച ലെബനീസ് നേതാക്കളെയും ലെബനീസ് ജനതയെയും അഭിസംബോധന ചെയ്തുള്ള സന്ദേശത്തില്‍ പ്രഖ്യാപിച്ചു. ഇസ്രായേല്‍ ആക്രമണം തടയാനുള്ള ഏക പ്രായോഗിക മാര്‍ഗം ചര്‍ച്ചയാണെന്ന് ലെബനീസ് പ്രസിഡന്റ് ജോസഫ് ഔന്‍ ചൂണ്ടികാട്ടി.

വെടിനിര്‍ത്തല്‍ നിലവില്‍വന്നതു മുതല്‍, ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകളിലൂടെയുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നിരാകരിക്കാന്‍ ഇസ്രായില്‍ മുഴുവന്‍ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകള്‍ക്കുള്ള നിര്‍ദേശത്തോട് ഇസ്രായില്‍ പോസിറ്റീവായോ നെഗറ്റീവായോ പ്രതികരിച്ചിട്ടില്ലെന്ന് ഒരു ഔദ്യോഗിക ലെബനീസ് സ്രോതസ്സ് പറഞ്ഞു.
ഓഗസ്റ്റ് 5 ന്, ലെബനീസ് സര്‍ക്കാര്‍ ഹിസ്ബുല്ലയെ നിരായുധീകരിക്കാന്‍ തീരുമാനിച്ചു. ഇതിനായി ലെബനീസ് സൈന്യം അഞ്ച് ഘട്ടങ്ങളുള്ള പദ്ധതി വികസിപ്പിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ തീരുമാനം തെറ്റാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് ആയുധങ്ങള്‍ കൈമാറാന്‍ ഹിസ്ബുല്ല വിസമ്മതിച്ചു.

Back to top button
error: