Breaking NewsLead NewsSports

രഞ്ജിട്രോഫിയില്‍ കേരളത്തിന്റെ സമനിലമോഹം മൊഹ്‌സീന്‍ഖാന്‍ കറക്കിവീഴ്ത്തി ; നിലവിലെ റണ്ണറപ്പുകളായ ടീം കര്‍ണാടകയോട് ഇന്നിംഗ്‌സിനും 184 റണ്‍സിനും പടുകൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി

തിരുവനന്തപുരം: ഓഫ് സ്പിന്നര്‍ മൊഹ്‌സീന്‍ ഖാന്റെ ബൗളിംഗിന്റെ പിന്‍ബലത്തില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കര്‍ണാടക കേരളത്തെ തകര്‍ത്തു. ഒരിന്നിങ്‌സിനും 164 റണ്‍സിനും പടുകൂറ്റന്‍ തോല്‍വിയാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ 348 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത കേരളം രണ്ടാം ഇന്നിങ്‌സില്‍ 184 റണ്‍സിന് ഓള്‍ ഔട്ടായി.

ആറു വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നര്‍ മൊഹ്‌സിന്‍ ഖാന്റെ ബോളിങ്ങാണ് രണ്ടാം ഇന്നിങ്‌സില്‍ കേരളത്തെ തകര്‍ത്തത്. ഓപ്പണര്‍ കൃഷ്ണപ്രസാദ്, അഹമ്മദ് ഇമ്രാന്‍, ബാബാ അപരാജിത്, സച്ചിന്‍ബേബി, ഷോണ്‍ റോജര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മൊഹ്‌സീന്‍ ഖാന് മുന്നില്‍ വീണത്. കര്‍ണാടകയുടെ റണ്‍മല മറികടക്കാന്‍ കഴിയാത്തതിനാല്‍ സമനിലയ്ക്ക് വേണ്ടി ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. കളി തുടങ്ങി രണ്ടാം ഓവറില്‍ തന്നെ കേരളത്തിന് രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. ഒന്‍പത് റണ്‍സെടുത്ത നിധീഷിനെ വിദ്വത് കവേരപ്പ കരുണ്‍ നായരുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ അക്ഷയ് ചന്ദ്രന്‍ ക്ലീന്‍ ബോള്‍ഡായി.

Signature-ad

പിന്നാലെ അധികം താമസിക്കാതെ ക്യാപ്റ്റന്‍ മുഹമ്മദ് അസഹ്‌റുദ്ദീനും പുറത്തായി. 15 റണ്‍സെടുത്ത അസഹ്‌റുദ്ദീന്‍ മടങ്ങിയത് ശിഖര്‍ ഷെട്ടിയുടെ പന്തില്‍ കെ.എല്‍.ശ്രീജിത് ക്യാച്ചെടുത്താണ്. ഇതോടെ മൂന്ന് വിക്കറ്റിന് 40 റണ്‍സെന്ന നിലയിലായി കേരളം. അഹ്‌മദ് ഇമ്രാനും കൃഷ്ണപ്രസാദും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

കേരളം പതിയെ താളം വീണ്ടെടുത്തു തുടങ്ങിയപ്പോള്‍ കൃഷ്ണപ്രസാദിനെ ക്ലീന്‍ ബോള്‍ഡാക്കി മൊഹ്‌സിന്‍ ഖാന്‍ തുടങ്ങി. 33 റണ്‍സായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. തൊട്ടുപിറകെ 23 റണ്‍സെടുത്ത അഹ്‌മദ് ഇമ്രാനെ മനോഹരമായൊരു റിട്ടേണ്‍ ക്യാച്ചിലൂടെ മൊഹ്‌സിന്‍ തന്നെ പുറത്താക്കി. സച്ചിന്‍ ബേബിയും ബാബ അപരാജിത്തും ചേര്‍ന്ന് ചെറുത്തുനില്‍പ്പിനു ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. ഓരോവറില്‍ തന്നെ സച്ചിനെയും ഷോണ്‍ റോജറെയും ക്ലീന്‍ ബോള്‍ഡാക്കി മൊഹ്‌സിന്‍ കര്‍ണാടകയ്ക്ക് വിജയത്തിലേക്കുള്ള വഴി തുറന്നു. സച്ചിന്‍ ബേബി 12 നും ഷോണ്‍ റോജര്‍ പൂജ്യത്തിനുമാണ് പുറത്തായത്. വൈകാതെ 19 റണ്‍സെടുത്ത ബാബ അപരാജിത്തിനെയും പുറത്താക്കി മൊഹ്‌സിന്‍ ഖാന്‍ അഞ്ച് വിക്കറ്റ് തികച്ചു.

അവസാന വിക്കറ്റില്‍ ഏദന്‍ ആപ്പിള്‍ ടോമും ഹരികൃഷ്ണനും ചേര്‍ന്നുള്ള ചെറുത്തുനില്‍പാണ് കേരളത്തിന്റെ പരാജയം നീട്ടിയത്. 23 ഓവര്‍ ബാറ്റ് ചെയ്ത ഇരുവരും ചേര്‍ന്ന് 44 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഒടുവില്‍ ഹരികൃഷ്ണനെ വിക്കറ്റിനു മുന്നില്‍ കുടുക്കി മൊഹ്‌സിന്‍ ഖാന്‍ തന്നെയാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത്. ഏദന്‍ ആപ്പിള്‍ ടോം 39ഉം ഹരികൃഷ്ണന്‍ ആറും റണ്‍സെടുത്തു. കര്‍ണാടകയ്ക്ക് വേണ്ടി വിദ്വത് കവേരപ്പ രണ്ട് വിക്കറ്റും വീഴ്ത്തി.

 

Back to top button
error: