കാത്തിരിപ്പിന് വിരാമം; ബംഗളുരു- എറണാകുളം വന്ദേഭാരത് എക്‌സ്പ്രസ് അടുത്ത വെള്ളിയാഴ്ച മുതല്‍; എട്ടു മണിക്കൂര്‍ 40 മിനുട്ട് സര്‍വീസ് സമയം; ഉത്സവകാലത്തെ സ്വകാര്യ ബസുകളുടെ കൊള്ളയും അവസാനിക്കും; പുറപ്പെടുന്ന സമയം ഇങ്ങനെ

തിരുവനന്തപുരം: എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ അടുത്ത വെള്ളിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വീസ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 8 മണിക്കൂര്‍ 40 മിനിറ്റാണ് സര്‍വീസ് സമയം.
കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തയാഴ്ച മുതല്‍ എറണാകുളം-ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് ഓടിത്തുടങ്ങും. സര്‍വീസ് തുടങ്ങുന്ന തീയതി റെയില്‍വേ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ഏഴാം തീയതി പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ എറണാകുളം ബംഗളൂരു വന്ദേ ഭാരത എക്‌സ്പ്രസ്സിന്റെ ഉദ്ഘാടനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
റെയില്‍വേ ഇന്നലെ ഉത്തരവിറക്കിയ സമയക്രമം ഇങ്ങനെ: കെ എസ് ആര്‍ ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ രാവിലെ 5.10 ന് പുറപ്പെടും. ഉച്ചയ്ക്ക് 1.50 ന് എറണാകുളത്തെത്തും. 2.20 ന് മടക്കയാത്ര ആരംഭിക്കുന്ന ട്രെയിന്‍ രാത്രി 11 ന് ബംഗളൂരുവിലെത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍ , കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍. 8 മണിക്കൂര്‍ 40 മിനിറ്റുകൊണ്ട് ഓടിയെത്തുന്ന വന്ദേ ഭാരത് ഈ റൂട്ടിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ആണ്. ബുധനാഴ്ചകളില്‍ സര്‍വീസ് ഉണ്ടാകില്ല. ഈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിനായും ആവശ്യമുയരുന്നുണ്ട്.
ഈ രംഗത്ത് സ്വകാര്യ ബസ് മേഖലയാണ് കുത്തകയാക്കി വച്ചിരിക്കുന്നത്. നൂറുകണക്കിനു സര്‍വീസുകളാണ് പ്രതിദിനം നടത്തുന്നത്. ഉത്സവകാലത്ത് ബംഗളുരു മലയാളികളുടെ പോക്കറ്റു കീറുന്ന നിരക്കും ഇവര്‍ ഏര്‍പ്പെടുത്താറുണ്ട്. നിലവില്‍ കേരളത്തില്‍നിന്ന് ബംഗളുരു ഐലന്‍ഡ് എക്‌സ്പ്രസിനെയാണ് പ്രതിദിനം മലയാളികള്‍ ആശ്രയിക്കുന്നത്. ഇതില്‍ ആഴ്ചകള്‍ക്കു മുമ്പേ ബുക്ക ചെയ്തില്ലെങ്കില്‍ സ്ലീപ്പറടക്കം ലഭിക്കാറുമില്ല. ഈ സാഹചര്യത്തില്‍ വന്ദേഭാരതിന്റെ വരവ് ആശ്വാസമാകുമെന്നാണു വിലയിരുത്തല്‍.






