Breaking NewsKeralaLead NewsNEWSNewsthen Specialpolitics

മേയറാകുമോ? തിരുവനന്തപുരം കോര്‍പറേഷനില്‍ ശബരീനാഥനെ ഇറക്കി കളം പിടിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം; പ്രധാന മുഖങ്ങളും മത്സരത്തിന്; ശബരി ഇറങ്ങുക കവടിയാറില്‍; വിഐപികളെ ഇറക്കാന്‍ ബിജെപിയും; മുന്‍ ഡിജിപി ശ്രീലേഖയും ജെ.ആര്‍. പദ്മകുമാറും അടക്കം പരിഗണനയില്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ.എസ് ശബരിനാഥിനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കവടിയാര്‍ വാര്‍ഡില്‍നിന്നാണ് ശബരിനാഥന്‍ മല്‍സരിക്കുക. എല്‍ഡിഎഫ് ഭരിക്കുന്ന കോര്‍പ്പറേഷനില്‍ മുഖ്യപ്രതിപക്ഷമായ ബിജെപിക്കും പിന്നിലാണ് കോണ്‍ഗ്രസ്. പ്രകടനം മെച്ചപ്പെടുത്താന്‍ പ്രധാന മുഖങ്ങളെ മല്‍സരത്തിനിറക്കാന്‍ നീക്കം.

സ്വന്തം വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാര്‍ഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാര്‍ഡായ കവടിയാറില്‍ മത്സരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ നിലമെച്ചപ്പെടുത്തുകയാണ് ശബരിയുടെ സ്ഥാനാര്‍ഥിത്വത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം പരമാവധി യുവാക്കള്‍ക്ക് സീറ്റു നല്‍കിയാകും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കുക. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതാക്കളെയും പരിഗണിക്കും. ഇതിനൊപ്പം മണ്ഡലം പ്രസിഡന്റുമാര്‍ അടക്കമുള്ള പരിചയ സമ്പന്നരും പട്ടികയിലുണ്ടാകും.

Signature-ad

ശബരിനാഥനെ കൂടാതെ വീണ നായര്‍ പോലുള്ള പ്രമുഖ വ്യക്തികളെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസ് മല്‍സരിക്കുന്നതും തര്‍ക്കമില്ലാത്തതുമായ 48 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമായിട്ടുണ്ട്. അന്തിമ പ്രഖ്യാപനം ഇന്ന് രാത്രിയോ നാളെയോ ഉണ്ടാകും.

100 വാര്‍ഡുകളുള്ള കോര്‍പ്പറേഷനില്‍ 51 സീറ്റുകളാണ് എല്‍ഡിഎഫിനുള്ളത്. ബിജെപിക്ക് 34 അംഗങ്ങള്‍. 10 ഇടത്താണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചത്. ഇതില്‍ എട്ടെണ്ണമാണ് കോണ്‍ഗ്രസിന്റെ സീറ്റുകള്‍. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നറുക്കെടുപ്പില്‍ 51 വനിതാ സംവരണ വാര്‍ഡുകളാണ് കോര്‍പറേഷനിലുള്ളത്. അഞ്ച് വാര്‍ഡുകള്‍ പട്ടികജാതി സ്ത്രീ സംവരണവും നാല് വാര്‍ഡുകള്‍ പട്ടികജാതി സംവരണവുമാണ്.

പിതാവ് ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്നാണ് ശബരിനാഥന്‍ രാഷ്ട്രീയത്തിലെത്തുന്നത്. 2015ലെ ഉപതിരഞ്ഞെടുപ്പില്‍ അരുവിക്കര നിയോജകമണ്ഡലത്തില്‍ എം. വിജയകുമാറിനെ 10,128 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 2016ലും വിജയം ആവര്‍ത്തിച്ചെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം നിലവില്‍ ജനറല്‍ സെക്രട്ടറിയാണ്.

അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ വി.ഐ.പികളെ രംഗത്തിറക്കാന്‍ ബി.ജെ.പി. മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ, സംസ്ഥാന നേതാവ് ജെ.ആര്‍.പത്മകുമാര്‍ ഉള്‍പ്പടെയുള്ളവരെയാണ് പരിഗണിക്കുന്നത്. എന്നാല്‍ മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണം ശരിയല്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു.

ഇത്തവണത്തെ ബി.ജെ.പിയുടെ വലിയ സ്വപ്നവും പ്രതീക്ഷയുമാണ് തലസ്ഥാനത്തെ കോര്‍പ്പറേഷന്‍ ഭരണം. രണ്ട് തവണയായി മുഖ്യപ്രതിപക്ഷമായ ബി.ജെ.പിക്ക് നിലവിലെ വാര്‍ഡ് നിലനിര്‍ത്തുന്നതിനൊപ്പം 15 ഇടം അധികമായി ജയിക്കണം സ്വപ്നം പൂവണിയാന്‍. രാജീവ് ചന്ദ്രശേഖര്‍ നേരിട്ട് ചുക്കാന്‍ പിടിക്കുന്ന തിരഞ്ഞെടുപ്പില്‍ഇതാ ഞങ്ങള്‍ ജയിക്കാന്‍ പോകുന്നൂവെന്ന പ്രതീതി സൃഷ്ടിക്കാനാണ് സംസ്ഥാന നേതാക്കളെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിക്കുന്നത്.

വി.വി.രാജേഷ് വീണ്ടും മല്‍സരിച്ചേക്കും. കൂടാതെ ജെ.ആര്‍.പത്മകുമാറിനെയും പരിഗണിക്കുന്നുണ്ട്. അടുത്തിടെ ബി.ജെ.പിയുടെ ഭാഗമായ ആര്‍.ശ്രീലേഖയ്ക്ക് ഏതാനും വാര്‍ഡുകളുടെ ചുമതലകൊടുത്തു. അത്യാവശ്യമെങ്കില്‍ മല്‍സരരംഗത്തും ഇറക്കും. ശ്രീലേഖയ്ക്ക് സമ്മതമാണങ്കില്‍ മാത്രം. ജി.കൃഷ്ണകുമാറിനും വാര്‍ഡുകളുടെ ചുമതലയുണ്ട്. കൃഷ്ണകുമാര്‍ മല്‍സരത്തിനിറങ്ങിയാലും അല്‍ഭുതപ്പെടാനില്ല. എന്നാല്‍ വി.മുരളീധരന്‍ മല്‍സരിക്കില്ലെന്ന് ഉറപ്പിച്ചു.

വാര്‍ഡുകളില്‍ നിന്ന് മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്താനാണ് ശ്രമം. ഈ പട്ടിക അഞ്ചിന് പൂര്‍ത്തിയാകും. കടുത്ത മല്‍സരം നടക്കുന്ന വാര്‍ഡുകളില്‍ പ്രാദേശിക സ്ഥാനാര്‍ഥികള്‍ പോരെന്ന് വന്നാലാണ് നേതാക്കളെ ഇറക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: