നിലമ്പൂര്‍ പ്രചാരണത്തിന് എത്തിയില്ല, സാംസ്‌കാരിക പ്രവര്‍ത്തകരെ അണിനിരത്തിയില്ല; ആശാ സമരത്തെ അനുകൂലിച്ചു; പ്രേംകുമാര്‍ തെറിച്ചത് സിപിഎമ്മിന്റെ അതൃപ്തിയില്‍; പുതിയ കമ്മിറ്റി വരുന്നത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയില്‍നിന്ന് നടന്‍ പ്രേംകുമാറിനെ ഒഴിവാക്കിയത് സിപിഎമ്മിന്റെ അതൃപ്തിയെത്തുടര്‍ന്നെന്ന് സൂചന. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തണമെന്നും സാംസ്‌കാരിക പ്രവര്‍ത്തകരെ പ്രചാരണത്തിന് അണിനിരത്തണമെന്നും സിപിഎം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ താരം ഇത് അവഗണിച്ചതോടെയാണ് അതൃപ്തി പ്രകടമായത്. ആശാസമരത്തിന് അനുകൂലമായ പരാമര്‍ശവും പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമിയില്‍ നിന്ന് നീക്കാന്‍ കാരണമായി. പുതിയ കമ്മിറ്റി വരുന്നത് പ്രേംകുമാര്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പ്രേംകുമാറിനെ നീക്കിയത്. റസൂല്‍ പൂക്കുട്ടിയാണ് പുതിയ ചെയര്‍മാന്‍. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് തനിക്ക് അറിയിപ്പ് കിട്ടിയതെന്നും രാവിലെ വന്ന് താന്‍ ചുമതലയേറ്റെന്നുമായിരുന്നു റസൂല്‍ പൂക്കുട്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതിയ ചെയര്‍മാന്‍ ചുമതലയേറ്റ ചടങ്ങില്‍ നിന്ന് പ്രേംകുമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, തന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ഭംഗിയായി ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പലവിഷയങ്ങളിലും കലാകാരന്‍ എന്ന നിലയില്‍ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും ദോഷകരമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്‌കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടിയെ ഒക്ടോബര്‍ 31നാണ് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍പഴ്‌സനായി പ്രഖ്യാപിച്ചത്. കുക്കു പരമേശ്വരനാണ് വൈക് ചെയര്‍പഴ്‌സന്‍. സി.അജോയി ആണ് സെക്രട്ടറി. ജനറല്‍ കൗണ്‍സിലില്‍ സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി.രാകേഷ്, സുധീര്‍ കരമന, റെജി എം.ദാമോദരന്‍, സിതാര കൃഷ്ണകുമാര്‍, മിന്‍ഹാജ് മേഡര്‍, എസ്.സോഹന്‍ലാല്‍, ജി.എസ്.വിജയന്‍, ശ്യാം പുഷ്‌കരന്‍, അമല്‍ നീരദ്, സാജു നവോദയ, എന്‍.അരുണ്‍, പൂജപ്പുര രാധാകൃഷ്ണന്‍, യു.ഗണേഷ് എന്നിവരും അംഗങ്ങളാണ്. മൂന്നു വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.






