
ഭാരതാംബ വിവാദത്തിന് വീണ്ടും സാധ്യത
കേരളപ്പിറവി ദിനാഘോഷത്തില്‍ രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ ഗവര്‍ണര്‍ വിളക്കുകൊളുത്തി
ഭാരതാംബ പ്രത്യക്ഷപ്പെട്ടത് വിവാദങ്ങളുടെ ഇടവേളയ്ക്കു ശേഷം
തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ രാജ്ഭവനില്‍ ഭാരതാംബ ചിത്രം വീണ്ടും. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനു മുന്നിലാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ കേരളപ്പിറവി ദിനത്തില്‍ വിളക്കു കൊളുത്തിയത്.
ഭാരതാംബ ചിത്രത്തിന്റെ പേരില്‍ വിവാദങ്ങള്‍ മുന്‍പുണ്ടായിരുന്നു.
കേരളപ്പിറവി ദിനത്തില്‍ ക്ഷണിക്കപ്പെട്ടവര്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല.
നേരത്തെ മന്ത്രിമാരായ വി.ശിവന്‍കുട്ടി, പ്രസാദ് എന്നിവര്‍ രാ്ജഭവനില്‍ ഔദ്യോഗിക ചടങ്ങുകളില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ കടുത്ത വിയോജിപ്പ് അറിയിക്കുകയും പരിപാടിയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോരുകയും ബഹിഷ്‌കരിക്കുകയുമെല്ലാ്ം ചെയ്തിരുന്നു.
പിന്നീട് മുഖ്യമന്ത്രി പങ്കെടുത്ത മാഗസിന്‍ പ്രകാശന ചടങ്ങിലും ശ്യാമപ്രസാദ് മുഖര്‍ജി അനുസ്മരണ ചടങ്ങിലും ചിത്രം ഒഴിവാക്കിയിരുന്നു. ഇതിനു ശേഷമാണ് ഇപ്പോള്‍ രാജ്ഭവനില്‍ വീണ്ടും ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
ജൂണ്‍ അഞ്ചിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് ഭാരതാംബ’ വിവാദത്തിന് തുടക്കമിട്ടത്. പരിസ്ഥിതി ദിനാഘോഷപരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നിര്‍ബന്ധമാക്കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് മന്ത്രി പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു. ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ചിത്രം സര്‍ക്കാര്‍ പരിപാടിയില്‍വെയ്ക്കാന്‍ പറ്റില്ലെന്ന് മന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ചിത്രം മാറ്റാന്‍ കഴിയില്ലെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന നിലപാട് ഗവര്‍ണര്‍ തുടര്‍ന്നു.
ജൂണ്‍ പത്തൊന്‍പതിന് രാജ്ഭവനില്‍ സംഘടിപ്പിച്ച ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വേദിയിലും ഇതേ ചിത്രം ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ചു. ഇതോടെ ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടിയിരുന്ന മന്ത്രി വി.ശിവന്‍കുട്ടി ഇറങ്ങിപ്പോയി. പൊതുവിദ്യാഭ്യാസ വകുപ്പും രാജ്ഭവനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ ആയിരുന്നു മുഖ്യാതിഥി. മുന്‍കൂട്ടി തയ്യാറാക്കിയ നോട്ടീസില്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തലോ പുഷ്പാര്‍ച്ചനയോ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രിയെത്തിയപ്പോള്‍ ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തി പൂവിട്ട് പൂജിച്ച നിലയിലായിരുന്നു. അധ്യക്ഷ പ്രസംഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മന്ത്രി, കുട്ടികളെ അഭിനന്ദിച്ച ശേഷം വേദി വിടുകയായിരുന്നു. തുടര്‍ന്ന് പലഘട്ടങ്ങളിലും മാധ്യമങ്ങളെ കണ്ട മന്ത്രി ഗവര്‍ണക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നു.
വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും ഗവര്‍ണര്‍ നിലപാട് തുടര്‍ന്നു. കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗവര്‍ണര്‍ ഇതേ ചിത്രം പ്രദര്‍ശിപ്പിച്ചു. അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയായിരുന്നു വിവാദമായത്. ഇതിനെതിരെ എസ്എഫ്ഐ വ്യാപക പ്രതിഷേധം നടത്തിയിരുന്നു. എസ്എഫ്‌ഐ പ്രതിഷേധം വകവെയ്ക്കാതെ പരിപാടിയില്‍ പങ്കെടുത്ത ആര്‍ലേക്കര്‍ പതിവുപോലെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിന് മുന്നില്‍ വിളക്കുകൊളുത്തി. പ്രധാന കവാടത്തിലെ വിദ്യാര്‍ത്ഥി പ്രതിഷേധം കണക്കിലെടുത്ത് കേരള സര്‍വകലാശാലയിലെ പിന്‍ഭാഗത്തെ ഗേറ്റ് വഴിയായിരുന്നു ഗവര്‍ണര്‍ പുറത്തുകടന്നത്. ഇതിന് ശേഷം നടന്നത് വലിയ സംഭവവികാസങ്ങളായിരുന്നു. ഒടുവില്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയും രാജ്ഭവനില്‍ അടക്കം സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ നിന്ന് ചിത്രം ഒഴിവാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം വീണ്ടും പ്രദര്‍ശിപ്പിച്ചത്.
കേരളപ്പിറവി ദിനാഘോഷത്തില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ എന്താണ് തെറ്റെന്ന് ഒരു വിഭാഗം ചോദിക്കുമ്പോള്‍ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവനില്‍ നടത്തിയ കേരളപ്പിറവി ആഘോഷത്തെ ആര്‍ എസ് എസ് പരിപാടിയാക്കി മാറ്റിയെന്ന ആരോപണവും ഉയരുന്നുണ്ട്.






