Breaking NewsKeralaLead NewsNEWSNewsthen Specialpolitics

‘നാളെമുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെ കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത’: അതിദാരിദ്ര്യ നിര്‍മാര്‍ജന പ്രഖ്യാപനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി തദ്ദേശവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി.വി. അനുപമ; ‘ഞങ്ങള്‍ നടത്തിയത് ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്നു നടത്തിയ യാത്ര’

തിരുവനന്തപുരം: അതിദാരിദ്ര്യ മുക്ത കേരളമെന്ന പ്രഖ്യാപനം പുറത്തുവന്നിതിനു പിന്നാലെ വിവാദങ്ങളും ശമിച്ചിട്ടില്ല. പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചതുള്‍പ്പെടെ വന്‍ വിവാദങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. എന്നാല്‍, പദ്ധതിയില്‍ നേതൃത്വം വഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഉദ്യോഗസ്ഥരുടെ കുറിപ്പുകള്‍ സമൂഹ മാധ്യമത്തില്‍ വന്‍ പ്രചാരണമാണ് ലഭിക്കുന്നത്. തദ്ദേശവകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയും മുന്‍ കളക്ടറുമായിരുന്ന ടി.വി. അനുപമ ഐഎഎസിന്റെ കുറിപ്പും ഇക്കൂട്ടത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

 

Signature-ad

ഞങ്ങള്‍ക്കു വെറും ഭരണ പരിപാടിയായിരുന്നില്ലെന്നും ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്നു നടത്തിയ യാത്രയായിരുന്നെന്നും അവര്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ആ വഴികളിലൂടെ നടന്നപ്പോള്‍ കാണാനായത് പ്രതീക്ഷയിലേക്കും, ഉപജീവനത്തിലെക്കുമുള്ള പുതുവഴികളാണ്, ജീവിതം മാറ്റിയെടുക്കുന്ന മനുഷ്യരെയാണ്. ചേര്‍ത്ത്പിടിക്കലിന്റെ കഥകളും ഏറെ കാണാനായി. പല തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഇതിനെ കണ്ടത് ഒരു പദ്ധതി മാത്രമായിട്ടല്ല, ഓരോ ജീവിതവും മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയത്തോടെ ഒരു ദൗത്യമായാണ്. ഇന്നിവിടെ സംസ്ഥാനസര്‍ക്കാര്‍ ഈയൊരു പ്രഖ്യാപനത്തിലേക്ക് കടക്കുമ്പോഴും നാളെ മുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെയും കൂട്ടിചേര്‍ക്കുന്നതിനെയും കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത.

 

കുറിപ്പ് വായിക്കാം

കേരളം ഒരിക്കല്‍ കൂടി ചരിത്രത്തിന്റെ ഭാഗമാവുകയാണ്. രാജ്യത്തെ പ്രഥമ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന ഖ്യാതിയിലേക്ക് കേരളം ഉയരുമ്പോള്‍ ആ ചരിത്ര യാത്രയുടെ ഭാഗമാകാനായതില്‍ അഭിമാനമുണ്ട്. 2018-ലെ വെള്ളപ്പൊക്കത്തിന്റെ പുനരധിവാസത്തിന് ശേഷം സൂക്ഷ്മതലത്തിലുള്ള പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തദ്ദേശസ്വയംഭരണവകുപ്പിലാണ്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയതും വിവിധ വകുപ്പുകളുടെ സ്‌ക്രീമുകളും പരിപാടികളും തദേശസ്ഥാപന തലത്തില്‍ ഏകോപിപ്പിച്ചതും തദ്ദേശസ്വയം ഭരണവകുപ്പാണ്. തദേശസ്ഥാപനങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് ഇന്നത്തെ നിലയിലേക്ക് പദ്ധതി ഉയര്‍ന്നതും!

അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്ന ഘട്ടം കഴിഞ്ഞാണ് ഞാന്‍ വകുപ്പിലെതിയത്. പക്ഷെ ശാരദമുരളീധരന്‍ മാഡത്തിന്റെ ഉപദേശമനുസരിച്ച് ഈ മാതൃക വയനാട് മേപ്പാടി ദുരന്തത്തിലുപ്പെട്ടവരുടെ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതിന് വേണ്ടി പഠിച്ചു നടപ്പാക്കുകയും ഏതാണ്ട് ആ സമയം മുതല്‍ തന്നെ സര്‍ക്കാരില്‍ അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി കൈകാര്യം ചെയ്യാന്‍ അവസരം ലഭിക്കുകയും ചെയ്തത് മുതല്‍ തുടങ്ങുന്നു ഈ പദ്ധതിയുമായുള്ള എന്റെ ബന്ധം.

അതുകൊണ്ട് തന്നെ ഞാനിവിടെ കുറിക്കുന്നത് പദ്ധതിയില്‍ നേരിട്ട് പങ്കെടുത്തവരുടെ വികാരങ്ങള്‍ കൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ്.
ഞങ്ങള്‍ക്ക് ഇത് വെറും ഒരു ഭരണപരിപാടിയല്ലായിരുന്നു മറിച്ച് ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്രയായിരുന്നു. ആ വഴികളിലൂടെ നടന്നപ്പോള്‍ കാണാനായത് പ്രതീക്ഷയിലേക്കും, ഉപജീവനത്തിലെക്കുമുള്ള പുതുവഴികളാണ്, ജീവിതം മാറ്റിയെടുക്കുന്ന മനുഷ്യരെയാണ്. ചേര്‍ത്ത്പിടിക്കലിന്റെ കഥകളും ഏറെ കാണാനായി. പല തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഇതിനെ കണ്ടത് ഒരു പദ്ധതി മാത്രമായിട്ടല്ല, ഓരോ ജീവിതവും മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയത്തോടെ ഒരു ദൗത്യമായാണ്.

സര്‍ക്കാരില്‍ വളരെ ആലോചിച്ചു തീരുമാനമെടുക്കേണ്ട വിഷയങ്ങളും വളരെപ്പെട്ടെന്ന് തീരുമാനമെടുക്കേണ്ട വിഷയങ്ങളും ഉണ്ടാകും.
അതിദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ തുടക്കം ആദ്യഗണത്തിലുലള്‍പ്പെട്ടതാണെങ്കില്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലെ പ്രവര്‍ത്തനം രണ്ടാം ഗണത്തിലായിരുന്നു. നിലവിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങല്‍ക്കുപരിയായുള്ള തീരുമാനങ്ങള്‍, പുതിയ സര്‍ക്കാര്‍ ഉത്തരവുകള്‍, പ്രത്യേക കേസുകള്‍ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകള്‍, മറ്റുവകുപ്പുകളുമായുള്ള ഏകോപനം അത്യന്തം ആവശ്യമായ വിഷയങ്ങള്‍, വിട്ടുപോയവ കണ്ടെത്താനും പെട്ടെന്ന് പരിഹരിക്കാനുമുള്ള ശ്രമങ്ങള്‍, കഴിഞ്ഞ രണ്ടുമൂന്നു കാബിനെറ്റുകളില്‍ പോലും എത്തിയ പ്രത്യേക വിഷയങ്ങള്‍ അങ്ങനെയങ്ങനെ…

വകുപ്പുകളുടെ മതിലുകള്‍ ഏതാണ്ട് പൂര്‍ണമായും ഇല്ലാതായ ഒരു പദ്ധതിയായിരുന്നു ഇതെന്നും നിസ്സംശയം പറയാം. ഏതൊരു പദ്ധതിയെയും പോലെ ഈ പദ്ധതിയും പൂര്‍ണമെന്ന് അവകാശപ്പെടുന്നില്ല. വിട്ടുപോകലുകള്‍ ഉണ്ടായേക്കാം. നിസ്സഹായരായ മനുഷ്യരുടെ അന്തസും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ചു തന്നെ ഈ പദ്ധതിയെ പൂര്‍ണ്ണമാക്കേണ്ടത് മലയാളികളായ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ഇന്നിവിടെ സംസ്ഥാനസര്‍ക്കാര്‍ ഈയൊരു പ്രഖ്യാപനത്തിലേക്ക് കടക്കുമ്പോഴും നാളെ മുതല്‍ നന്നായി ഉറങ്ങുന്നതിനെക്കുറിച്ചല്ല മറിച്ച് വിട്ടുപോയവ കണ്ടെത്തുന്നതിനെയും കൂട്ടിചേര്‍ക്കുന്നതിനെയും കുറിച്ചായിരിക്കും ഞങ്ങളുടെ ചിന്ത.

അഭിമാനം. നന്ദി….
അനുപമ ടി വി
സ്‌പെഷ്യല്‍ സെക്രട്ടറി
തദ്ദേശ സ്വയംഭരണ വകുപ്പ്

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: