പിഎം ശ്രീ തര്‍ക്കം: വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്കെടുക്കാന്‍ സിപിഐ ഇല്ല; ഇത് എല്‍ഡിഎഫിന്റെ വിജയം, മുഖ്യമന്ത്രി തീരുമാനം പറയുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സമവായ ചര്‍ച്ചകള്‍ക്ക് പിന്നാലെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമെന്ന് ബിനോയ് വിശ്വം. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എല്‍ഡിഎഫ് യോഗത്തിലെടുത്ത തീരുമാനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി നേരിട്ടറിയിച്ചു. ഇതിന് പിന്നാലെ ഇന്ന് ചേരുന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ സിപിഐ മന്ത്രിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗം ചേരുകയാണ്. ഇതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാറിനായിരുന്നു പിഎം ശ്രീ ധാരണാപത്രം തയ്യാറാക്കിയത്. 22ന് ധാരണാപത്രം ഡല്‍ഹിയില്‍ എത്തിക്കുകയും 23ന് ഒപ്പിട്ട് തിരികെ എത്തിക്കുകയും ചെയ്തു.
സിപിഐഎം സംസ്ഥാന ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയുമായി ഡി രാജ കൂടിക്കാഴ്ച നടത്തിയെങ്കിലും സമവായമുണ്ടായില്ല. പിഎം ശ്രീയില്‍ ഒപ്പിട്ട നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമെന്നായിരുന്നു ഡി രാജ പറഞ്ഞത്. വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം സിപിഐ എക്സിക്യൂട്ടീവ് ചേര്‍ന്നിരുന്നു. അതില്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള കടുത്ത തീരുമാനമായിരുന്നു സിപിഐ സ്വീകരിച്ചത്. ഇതിന് ശേഷമാണ് എല്‍ഡിഎഫ് യോഗം ചേര്‍ന്നതും സമവായത്തില്‍ എത്തിയതും.
സിപിഐയെ അറിയിക്കാതെയായിരുന്നു നീക്കങ്ങള്‍. ഇതിന് തൊട്ടുമുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയോ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. ധാരണാപത്രത്തില്‍ ഒപ്പിട്ട വിവരം വാര്‍ത്തയായതോടെ സിപിഐ ഇടഞ്ഞു. സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ബിനോയ് വിശ്വം രംഗത്തെത്തി. പല ഘട്ടങ്ങളിലും സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ ബിനോയ് വിശ്വം ഉന്നംവെച്ചു. ഒടുവില്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും വിഷയത്തില്‍ ഇടപെട്ടു.






