Breaking NewsKeralaLead NewsNEWSNewsthen Specialpolitics

പിഎം ശ്രീ വിഷയത്തില്‍ സിപിഐ അയയുന്നു; പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്ന ഉറപ്പില്‍ സഹകരിക്കും; തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മുന്നണിയെ പ്രതിസന്ധിയില്‍ ആക്കരുതെന്നും അവയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ വാദം

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സിപിഐയുടെ എതിര്‍പ്പ് അയയുന്നു. മുന്നണിയെയും പാര്‍ട്ടിയെയും കടുത്ത പ്രതിസന്ധിയിലാക്കിയ സിപിഐയുടെ നിലപാട് കഴിഞ്ഞ ഒരാഴ്ചയായി വലിയ ചര്‍ച്ചയായിരുന്നു. നടപടികള്‍ മരവിപ്പിക്കുന്നതിനൊപ്പം ഭാവിയില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കാമെന്ന ഉറപ്പിലാണ് സിപിഐയുടെ അവയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ തീരുമാനമായത്.

കേന്ദ്രത്തിന് കത്തയയ്ക്കാമെന്ന സമവായം സിപിഐക്ക് മുന്നില്‍ വയ്ക്കാനാണു സിപിഎമ്മിന്റെ നീക്കം. വിഷയം ചര്‍ച്ച ചെയ്യാനായി മുന്നണി യോഗവും ഉടന്‍ വിളിക്കും. എന്നാല്‍ കരാര്‍ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളില്‍ ഇളവ് മാത്രമായിരിക്കും ആവശ്യപ്പെടുക. ഇക്കാര്യത്തില്‍ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്.

Signature-ad

ഡി രാജയുമായി എംഎ ബേബി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. കേരളത്തിലെ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഡി രാജയെ ഫോണില്‍ വിളിച്ചത്. ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച് ദേശീയ നേതാക്കളും രംഗത്തെത്തി. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാല്‍ സിപിഐ വഴങ്ങുമെന്നാണ് സൂചന. ഡി രാജയെ എംഎ ബേബി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിനു നല്‍കാനുദ്ദേശിക്കുന്ന കത്തിന്റെ ഉള്ളടക്കവും അറിയിച്ചു കഴിഞ്ഞു.

2017ല്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍നിന്നു വിട്ടുനിന്ന ശേഷം സിപിഐയുടെ പേരില്‍ മുന്നണി പ്രതിസന്ധിയിലാകുന്നത് ആദ്യം. കായല്‍ കൈയേറ്റ ആരോപണങ്ങള്‍ക്കും തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കുമൊടുവിലാണ് ഗതാതമന്ത്രിയായിരുന്ന എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ രാജിയിലെത്തിയത്. സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സാഹചര്യത്തിലാണു തോമസ് ചാണ്ടിയുടെ രാജി സമ്മര്‍ദം ശക്തമായത്. ഉപാധികളൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഐ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, അന്ന് ഇതില്‍ സിപിഎം കക്ഷിയല്ലായിരുന്നു. മറ്റൊരു പാര്‍ട്ടിയുടെ നേതാവിന്റെ അഴിമതിയുടെ പേരില്‍ സിപിഐ യോഗത്തില്‍നിന്ന് വിട്ടുനിന്നത് എന്‍സിപിയെ മാത്രമാണ് ബാധിച്ചത്. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ പിണറായി വിജയനും താത്പര്യമുണ്ടായിരുന്നില്ല. മന്ത്രിമാരുടെ നിരതന്നെ തോമസ് ചാണ്ടിക്കെതിരേ അന്നു രംഗത്തുവന്നു. ഒരു മന്ത്രിയെച്ചൊല്ലി സര്‍ക്കാര്‍ ഒരു മാസമായി പ്രതിസന്ധിയിലാണെന്നു ജി. സുധാകരന്‍ തുറന്നടിച്ചു. തീരുമാനം വൈകരുതെന്നു മുഖ്യമന്ത്രിയോടും സുധാകരന്‍ അറിയിച്ചു.

പക്ഷേ, അന്നും സിപിഐയോടു പിണറായി വിജയന്‍ ക്ഷോഭിച്ചിരുന്നു. മന്ത്രിസഭ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇടമാണെന്നും മറ്റൊരു പാര്‍ട്ടിയോടു കാണിക്കേണ്ട മര്യാദ കാട്ടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, പിഎം ശ്രീ വിഷയത്തില്‍ ഈ മര്യാദ സിപിഐയോടു കാട്ടിയില്ലെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.

തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയ സമയത്തു സിപിഐ ഈ രീതിയില്‍ ഉടക്കുന്നത് മുന്നണിയെ ഉലച്ചിട്ടുണ്ട്. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിക്കുന്നതു മുതല്‍ രാജി വെപ്പിക്കുന്നതിലേക്ക് കടക്കുമോ എന്നതില്‍ വരെ പല ഊഹാപോഹങ്ങളും പരക്കുന്നുണ്ട്. പിഎം ശ്രീയില്‍ ഇരുപക്ഷവും നിലപാട് മാറ്റിയില്ലെങ്കില്‍ വീണ്ടും പ്രതിസന്ധി മറികടക്കാന്‍ മുഖ്യമന്ത്രിയുടെ തന്നെ ഇടപെടല്‍ വേണ്ടിവരും. ഈ മന്ത്രിസഭാ യോഗത്തില്‍നിന്ന് നാലു സിപിഐ മന്ത്രിമാര്‍ വിട്ടു നിന്നാല്‍ പിന്നെയന്ത് എന്ന ചോദ്യത്തിനാണ് രാഷ്ട്രീയ രംഗം ഉത്തരം കാത്തിരിക്കുന്നത്.

കരാറില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കില്‍ തുടര്‍ നടപടികള്‍ മരവിപ്പിച്ചു കേന്ദ്രത്തിന് കത്ത് നല്‍കണമെന്നും സിപിഐ വീണ്ടും ആവശ്യപ്പെടും എന്നാണ് വിവരം. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആവില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള സിപിഎമ്മും ഇനിയെന്ത് നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കണമെന്ന് അവൈലബിള്‍ സെക്രട്ടറിയേറ്റ് ചേര്‍ന്ന് ആലോചിക്കും. പ്രശ്‌നം പരിഹരിക്കാമെന്ന് കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉറപ്പു നല്‍കിയ മുഖ്യമന്ത്രിക്ക് സിപിഐയുടെ കടുംപിടുത്തം കൂടുതല്‍ തലവേദനയാവുകയാണ്.

കരാറില്‍ നിന്ന് പിന്മാറാന്‍ പെട്ടെന്ന് സാധ്യമല്ലെങ്കില്‍ നടപടിക്രമങ്ങള്‍ മരവിപ്പിക്കുന്നതായി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കണമെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ. ഉപസമിതികളെ വെച്ച് പഠിച്ചു കൊണ്ട് പരിഹാരമാവില്ലെന്നും നയപരമായ തീരുമാനമെടുക്കണമെന്നും സിപിഐ നേതൃത്വം സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു കഴിഞ്ഞു. മന്ത്രിസഭായോഗം വരെ ഇനിയുള്ള പകലുകള്‍ ഏറെ നിര്‍ണായകമാവുകയാണ് .

എന്നാല്‍, പിഎം ശ്രീ വിഷയത്തില്‍ സിപിഐയില്‍ കടുത്ത ഭിന്നതയുണ്ടെന്നും വിവരമുണ്ട്. സംസ്ഥാനങ്ങള്‍ക്കു പദ്ധതിയില്‍ ക്രമപ്പെടുത്തല്‍ നടപ്പാക്കാമെന്നിരിക്കേ അനാവശ്യ വിവാദങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ജില്ലാതലത്തിലുള്ള പല നേതാക്കളും ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമായി എഴുതുന്നുമുണ്ട്. സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിക്കുന്ന നേതാക്കളുടെ മക്കള്‍ക്ക് ‘കാവിവത്കരണം’ പ്രശ്‌നമല്ലേ എന്നു പരിഹസിക്കുന്നവരാണ് ഏറെയും.

സിപിഐ സംസ്ഥാന കമ്മിറ്റിയിലെ കടുത്ത വിഭാഗീയതയാണ് പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതിനു കാരണമെന്നും ചൂണ്ടിക്കാട്ടുന്നു. ബിനോയ് വിശ്വം, സിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പ്രകാശ് ബാബു എന്നിവര്‍ക്കിടയിലെ വിഭാഗീയതയാണ് പ്രശ്‌നം ആളിക്കത്തിക്കുന്നത്. ബിനോയ് വിശ്വം പ്രശ്‌നം ഏതുവിധേനയും പരിഹരിക്കണമെന്ന താത്പര്യക്കാരനാണെങ്കില്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള മറു വിഭാഗം ഇതൊരു അവസരമായി എടുക്കുകയാണെന്നും ആരോപണമുണ്ട്. ഇക്കാര്യം ജില്ലാ നേതാക്കള്‍ക്കിടയിലും വന്‍ ചര്‍ച്ചയാണ്.

സമീപകാലത്ത് സിപിഐയില്‍നിന്നു നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്കും വലിയ പ്രതിസന്ധിയാണ് പാര്‍ട്ടിയില്‍ സൃഷ്ടിക്കുന്നത്. തിരുവനന്തപുരം മുതല്‍ കോഴിക്കോടുവരെയുള്ള ജില്ലകളില്‍ നിരവധി നേതാക്കളും അണികളുമാണ് പാര്‍ട്ടിവിട്ടു സിപിഎമ്മില്‍ ചേര്‍ന്നത്. ഇതും പാര്‍ട്ടിക്കു തലവേദയായിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലും വിഭാഗീയത ആളിക്കത്തിയിരുന്നു. കെ.ഇ. ഇസ്മയില്‍ അടക്കമുള്ളവര്‍ക്കെതിരേ ബിനോയ് വിശ്വം പരസ്യ നിലപാട് എടുത്തതും പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗത്തെ അലോസരപ്പെടുത്തുന്നു.

 

Back to top button
error: