‘മുഹമ്മദ് ഷിയാസും ദീപ്തി മേരി വര്‍ഗീസും ചേര്‍ന്നു കലൂര്‍ സ്‌റ്റേഡിയം നശിപ്പിച്ചു’; സ്‌റ്റേഡിയം നവീകരണത്തില്‍ കുറിപ്പുമായി സിപിഎം; ‘സ്‌റ്റേഡിയത്തിലെ സാധന സാമഗ്രികള്‍ നശിപ്പിച്ചത് പ്രതിഷേധാര്‍ഹം; അര്‍ജന്റീന ടീമിനെ സ്വീകരിക്കാനുള്ള സാഹചര്യമൊരുക്കണം; കോണ്‍ഗ്രസ് രാഷ്ട്രീയം കലര്‍ത്തുന്നു’

കൊച്ചി: അര്‍ജന്റീനയുമായുള്ള ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന് വിട്ടുനല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് കരാര്‍ പോലും ഒപ്പിടാതെയാണെന്ന ആരോപണങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സിപിഎം രംഗത്ത്.
കരാറില്ലാതെ സ്‌റ്റേഡിയം സ്‌പോണ്‍സര്‍ക്കു വിട്ടു നല്‍കി കോടികള്‍ ചെലവിട്ടുള്ള നിര്‍മാണം നടത്തിയത് വിവാദമായിരുന്നു. സ്റ്റേഡിയം നവീകരണത്തിലെ വിവാദങ്ങള്‍ക്കിടെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഡിയത്തിലേക്ക് കയറിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതേക്കുറിച്ചുള്ള സിപിഎമ്മിന്റെ പ്രതികരണമാണ് പുറത്തുവന്നത്. മുഹമ്മദ് ഷിയാസിന്റെയും, ദീപ്തി മേരി വര്‍ഗീസിന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറുകയും, സാധനസാമഗ്രികള്‍ നശിപ്പിച്ചതുമായ നടപടികള്‍ തികച്ചും പ്രതിഷേധാര്‍ഹമാണെന്നാണ് ഇവര്‍ പറയുന്നുന്നത്.
പൊതുമുതല്‍ നശിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ ഇത്തരം ലജ്ജാവാഹമായ പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ആവശ്യമായ നിയമ നടപടി സ്വീകരിക്കണമെന്നും സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ പറയുന്നു.
കുറിപ്പ്
നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കലൂര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം തകര്‍ക്കാനുള്ള കോണ്‍ഗ്രസ് നടപടികളില്‍ അപലപിക്കുക. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് വേണ്ടി കേരളത്തിലേക്ക് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ ക്ഷണിച്ചത് കേരളത്തിലെ കായികപ്രേമികളെ മുഴുവന്‍ ആവേശം കൊള്ളിച്ച ഒന്നായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയവും, കേരളവും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ വരവേല്‍ക്കാന്‍ തയ്യാറാകുകയായിരുന്നു.ഈ ഘട്ടത്തിലാണ് നിശ്ചയിച്ച തിയതി മാറുന്നു എന്ന വാര്‍ത്ത വന്നത്.
സാങ്കേതിക കാര്യങ്ങള്‍ പരിഹരിച്ച് അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കാന്‍ കഴിയും എന്നാണ് കായിക മന്ത്രി ഉള്‍പ്പെടെ പറഞ്ഞിട്ടുള്ളത്. കായിക കേരളത്തെ ലോകത്തിന്റെ മുമ്പില്‍ അടയാളപ്പെടുത്താന്‍ കിട്ടുന്ന അവസരത്തെ എല്ലാവരും ചേര്‍ന്ന് രൂപപ്പെടുത്തുക എന്നുള്ളതാണ് യഥാര്‍ത്ഥത്തില്‍ ചെയ്യേണ്ടത്. എന്നാല്‍ ഇതിലും രാഷ്ട്രീയം കലര്‍ത്തുക എന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് നവീകരണത്തിന്റെ അവസാനഘട്ടത്തിലുള്ള സ്റ്റേഡിയം അതിക്രമിച്ചു കയറി തകര്‍ക്കുന്ന സമീപനം കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഭാഗത്തുനിന്ന് സ്വീകരിച്ചിട്ടുള്ളത്.
മത്സരത്തിനായുള്ള നവീകരണത്തിനായി സ്റ്റേഡിയം ജിസിഡിഎയില്‍ നിന്ന് സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ഏറ്റെടുക്കുകയും, റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ലിമിറ്റഡിന് നല്‍കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും സുതാര്യമാണ് എന്ന് നില്‍ക്കെ ദുരൂഹതകള്‍ സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള പരിശ്രമമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.
ജിസിഡിഎക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവേശന അനുമതി നല്‍കാത്ത സ്റ്റേഡിയത്തിലേക്ക് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും, ദീപ്തി മേരി വര്‍ഗീസിന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും, സാധനസാമഗ്രികള്‍ നശിപ്പിച്ചതുമായ നടപടികള്‍ തികച്ചും പ്രതിഷേധാര്‍ഹമാണ്.
പൊതുമുതല്‍ നശിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ ഇത്തരം ലജ്ജാവാഹമായ പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു ആവശ്യമായ നിയമ നടപടി സ്വീകരിക്കണം. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.






