അഭിനയ ജീവിതത്തിന്റെ അമ്പതു വര്‍ഷങ്ങള്‍; ടി.ജി. രവിക്കായി ആഘോഷമൊരുക്കി ജന്‍മനാട്; ശനിയും ഞായറും ആഘോഷ രാവ്; സിനിമാ താരങ്ങളുടെ വന്‍ നിര പങ്കെടുക്കും

തൃശൂര്‍: അരനൂറ്റാണ്ട് കാലമായി സിനിമയിലും നാടകത്തിലും ജ്വലിച്ച നടന്‍ ടി ജി രവിയുടെ അഭിനയജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ ജന്മനാട് ആഘോഷിക്കുന്നു. ഒല്ലൂര്‍ എംഎല്‍എയും കേരളത്തിന്റെ റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രിയുമായ കെ രാജന്‍ ചെയര്‍മാനും നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് കണ്‍വീനറുമായ സംഘാടകസമിതിയാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പൂച്ചട്ടി എ.കെ.എം. എച്ച്.എസ്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒക്ടോബര്‍ 18, 19 തീയതികളിലായാണ് ആഘോഷ പരിപാടികള്‍.
ഒക്ടോബര്‍ 18, ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് മൂര്‍ക്കനിക്കര സെന്ററില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടുകൂടി കലാപരിപാടികള്‍ ആരംഭിക്കുന്നു. ആറ് മണിക്ക് അനുമോദന സമ്മേളനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ അദ്ധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥിയാവും. ചടങ്ങില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളായ വിജയരാഘവന്‍, ഉര്‍വശി പ്രശസ്ത സിനിമാതാരങ്ങളായ ബിജു മേനോന്‍, ഇന്ദ്രന്‍സ്, പ്രശസ്ത സംവിധായകന്‍ കമല്‍, പ്രശസ്ത ഗാനരചയിതാവ് ബി കെ ഹരി നാരായണന്‍, സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, പത്മശ്രീ ജേതാക്കളായ കുട്ടന്‍മാരാര്‍, ഐ എം വിജയന്‍ എന്നിവര്‍ പങ്കെടുക്കും. എട്ട് മണിക്ക് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ നയിക്കുന്ന സംഗീത നിശ നടക്കുന്നു.
19 ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് നടത്തറ ഗ്രാമ പഞ്ചായത്തിലെ വീരനാട്യ സംഘങ്ങളുടെ അവതരണം നടക്കും.. ആറുമണിക്ക് നാടകത്തിനു ശേഷം നാടക പ്രവര്‍ത്തകരെ ആദരിക്കും. പ്രശസ്ത സംവിധായകരായ സത്യന്‍ അന്തിക്കാട്, പ്രിയനന്ദന്‍ അമ്പിളി, സിനിമാതാരം അപര്‍ണ്ണ ബാലമുരളി തുടങ്ങിയവര്‍ പങ്കെടുക്കുന്നു. തുടര്‍ന്ന് രാത്രി എട്ടുമണിക്ക് തൃശ്ശൂര്‍ സമ്മേമയുടെ നാടകം ജാഗ്രത. പരിപാടി നടക്കുന്ന ഗ്രൗണ്ടില്‍ അതിഥികളുടെയും പോലീസിന്റെയും മറ്റ് ഔദ്യോഗിക വാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുകയുള്ളൂ.
പൂച്ചെട്ടി വില്ലേജ് ഓഫീസിനു സമീപമുള്ള പറമ്പിലും ബസ്റ്റ് സ്റ്റോപ്പിന്റെ മുന്‍വശത്തെ ഫ്‌ലാറ്റിന്റെ പറമ്പിലും കാറുകള്‍ പാര്‍ക്ക് ചെയ്യുവാന്‍ അവസരം ഒരുക്കും. പൂച്ചെട്ടി ഇരവിമംഗലം റോഡിലെ രണ്ടു പറമ്പുകളിലായി ബൈക്കുകള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമൊരുക്കും.ഇരവിമംലം സ്‌കൂള്‍, പൂച്ചെട്ടി സ്‌കൂള്‍, ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും പാര്‍ക്കിങ്ങിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗ്രൗണ്ടിന് മുന്‍പില്‍ പാര്‍ക്കിംഗ് അനുവദനീയമല്ലെന്ന് സംഘാടകര്‍ പറഞ്ഞു.






