തുറന്ന സ്ഥലത്തെ പരസ്യമായ വധശിക്ഷ താലിബാന്‍ പുനഃസ്ഥാപിക്കുന്നു: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ അഫ്ഗാന്‍ പൗരനെ ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നിലിട്ട് വെടിവെച്ച് കൊന്നു

കാബൂള്‍: തുറന്ന സ്ഥലത്തെ പരസ്യമായ വധശിക്ഷ താലിബാന്‍ പുനഃസ്ഥാപിക്കുന്നു. ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ അഫ്ഗാന്‍ പൗരനെ ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നിലിട്ട് ഇരയുടെ ബന്ധുവിനൊക്കൊണ്ടു വെടിവെച്ചു കൊല്ലിച്ചു. ഒരു പുരുഷനെയും അദ്ദേഹത്തിന്റെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെയും കൊലപ്പെടുത്തിയ കേസിലാണ് ഒരു അഫ്ഗാന്‍ പൗരനെ, ഇരകളുടെ ഒരു ബന്ധുവിനെക്കൊണ്ട് താലിബാന്റെ പ്രതികാര ശിക്ഷാ സമ്പ്രദായം അനുസരിച്ച് വെടിവെച്ച് കൊന്നത്.
ബദ്ഗിസ് പ്രവിശ്യയുടെ തലസ്ഥാനമായ ഖലാ-ഇ-നൗവിലെ ഒരു സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ വെച്ച് ആയിരക്കണക്കിന് ആളുകള്‍ക്ക് മുന്നിലിട്ടാണ് ഇയാളെ വധശിക്ഷയ്ക്ക് വിധേയനാക്കിയത് എന്ന് സുപ്രീം കോടതി ഒരു പ്രസ്താവനയില്‍ അറിയിച്ചു. ഇരകളുടെ ഒരു ബന്ധു ആയിരക്കണക്കിന് കാഴ്ചക്കാര്‍ക്ക് മുന്നിലിട്ട് ഇയാള്‍ക്ക് നേരെ മൂന്ന് തവണ വെടിയുതിര്‍ത്തു എന്ന് ദൃക്സാക്ഷികള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. 2021-ല്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നടന്ന പതിനൊന്നാമത്തെ പരസ്യ വധശിക്ഷയാണിത് എന്ന് എ.എഫ്.പി കണക്കുകള്‍ വ്യക്തമാക്കുന്നു.
ദമ്പതികളെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ഇയാളെ ‘പ്രതികാര ശിക്ഷയ്ക്ക്’ വിധിച്ചിരുന്നു. ‘കൊലയാളി രണ്ട് പേരെയാണ് കൊന്നത്, ഒരു പുരുഷനെയും ഏകദേശം എട്ട് മാസം ഗര്‍ഭിണിയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യയെയും,’ ബദ്ഗിസ് പ്രവിശ്യയുടെ വിവര വിഭാഗം മേധാവി മതിഉല്ല മുത്തഖി പറഞ്ഞു. മൂന്ന് കോടതികളിലെ പരിശോധനകള്‍ക്ക് ശേഷവും താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയുടെ അന്തിമ അനുമതിക്ക് ശേഷവുമാണ് വധശിക്ഷ നടപ്പാക്കിയത്.
‘വധശിക്ഷ കാണാന്‍ നിരവധി ആളുകള്‍ എത്തിയിരുന്നു. വധശിക്ഷയില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ പൗരന്മാരെ ക്ഷണിച്ചുകൊണ്ടുള്ള ഔദ്യോഗിക നോട്ടീസുകള്‍ ബുധനാഴ്ച വ്യാപക മായി പ്രചരിച്ചിരുന്നു. 1996 മുതല്‍ 2001 വരെ താലിബാന്റെ ആദ്യ ഭരണകാലത്ത് പരസ്യ വധശിക്ഷകള്‍ സാധാരണമായിരുന്നു, അവയില്‍ മിക്കതും കായിക സ്റ്റേഡിയങ്ങളി ലാണ് നടപ്പാക്കിയിരുന്നത്. ഏറ്റവും ഒടുവില്‍ നടന്ന വധശിക്ഷ ഏപ്രിലിലായിരുന്നു. അന്ന് നാല് പേരെ ഒരേ ദിവസം മൂന്ന് വ്യത്യസ്ത പ്രവിശ്യകളില്‍ വെച്ച് ആയിരക്കണക്കിന് കാഴ്ചക്കാര്‍ക്ക് മുന്നില്‍ പരസ്യമായി വധിച്ചു. മോഷണം, വ്യഭിചാരം, മദ്യപാനം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശാരീരിക ശിക്ഷകള്‍ – പ്രധാനമായും ചാട്ടവാറടി – താലിബാന്‍ അധികാരികള്‍ തുടര്‍ന്നും ഉപയോഗിക്കുന്നുണ്ട്.






